എ.കെ.ജി സെന്‍റർ ആക്രമിച്ചത് ആരാണെന്ന് പൊലീസിന് അറിയാമെന്ന് വി.ഡി. സതീശൻ
text_fieldsകോഴിക്കോട്: എ.കെ.ജി സെന്‍റർ ആക്രമണത്തിലെ പ്രതികളെ പിടിക്കാത്തത് അന്വേഷണം സി.പി.എമ്മിൽ എത്തിച്ചേരുമെന്നതിനാലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആരാണ് ആക്രമണം നടത്തിയതെന്ന് പൊലീസിന് അറിയാം. സ്വന്തം പാർട്ടി ഓഫീസ് ആക്രമിച്ചവരെ പിടിക്കാൻ സാധിക്കാത്തത് മുഖ്യമന്ത്രിക്ക് നാണക്കേടാണെന്നും വി.ഡി. സതീശൻ പറഞ്ഞു.
സ്വർണ കള്ളക്കടത്ത് കേസ് ചർച്ച പൊതുശ്രദ്ധയിൽ നിന്ന് തിരിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് എ.കെ.ജി സെന്‍റർ ആക്രമണം. അതുകൊണ്ടാണ് സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയുള്ള ബോംബേറ് പ്രതിപക്ഷം അടിയന്തര പ്രമേയമായി നിയമസഭയിൽ കൊണ്ടുവന്നത്.
കോൺഗ്രസുകാർ സ്റ്റീൽ ബോംബ് എറിഞ്ഞെന്നാണ് ഇ.പി. ജയരാജൻ പറഞ്ഞത്. ഇടിമുഴക്കം കേട്ടെന്ന് പി.കെ. ശ്രീമതി ടീച്ചർ പറഞ്ഞു. ഇതെല്ലാം പറഞ്ഞത് അക്രമമുണ്ടാക്കാൻ വേണ്ടിയാണ്. കോൺഗ്രസ് ഓഫീസുകൾ വീണ്ടും ആക്രമിക്കപ്പെട്ടു. സംസ്ഥാനത്ത് കലാപാഹ്വാനം നടത്തിയ ഇ.പി. ജയരാജനെതിരെ കേസെടുക്കാൻ പൊലീസ് തയാറായില്ലെന്ന് വി.ഡി. സതീശൻ കുറ്റപ്പെടുത്തി.
സി.പി.എം സംസ്ഥാന കമ്മിറ്റി ആസ്ഥാനമായ എ.കെ.ജി സെന്‍ററിന് നേരെ ആക്രമണം നടന്നിട്ട് ഇന്ന് ഒരു മാസം പൂർത്തിയായി. കഴിഞ്ഞ ജൂൺ 30ന് രാത്രിയാണ് എ.കെ.ജി സെന്ററിനു നേരെ സ്ഫോടകവസ്തു എറിഞ്ഞത്. ബി.ജെ.പി സംസ്ഥാന കാര്യാലയത്തിനുനേരെ ബോംബെറിഞ്ഞ കേസ് പിൻവലിക്കാനുള്ള സർക്കാർ നീക്കം കോടതി തള്ളിയ ദിവസമായിരുന്നു ഇത്.
വലിയ ഭൂകമ്പം പോലുള്ള പ്രകമ്പനമാണ് ഉണ്ടായതെന്ന് സെന്‍ററിലുണ്ടായിരുന്ന പി.കെ. ശ്രീമതി പറഞ്ഞത്. സ്ഥലത്തെത്തിയ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ സംഭവത്തിന് പിന്നിൽ കോൺഗ്രസ് ആണെന്ന് സ്റ്റീൽ ബോംബ് ആണ് എറിഞ്ഞതെന്നും വിധിയെഴുതി. ഇതിന് പിന്നാലെ സംസ്ഥാനത്തെ കോൺഗ്രസ് ഓഫീസിന് നേരെ സി.പി.എം നേതൃത്വത്തിൽ വ്യാപക ആക്രമണമാണ് നടന്നത്.
അതേസമയം, ഭരണപക്ഷത്തെ പ്രമുഖ പാർട്ടിയുടെ ആസ്ഥാനത്തിനു നേരെ ആക്രമണം നടത്തിയയാളെ രണ്ട് ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിൽ തലസ്ഥാന നഗരിയിലെ മുഴുവൻ സംവിധാനവും ഉപയോഗിച്ച് ഒരു മാസത്തോളം അന്വേഷിച്ചിട്ട് പ്രതിയെ പിടികൂടാനാകാത്തത് പൊലീസിന് നാണക്കേടായി.
പൊലീസിന്റെ വീഴ്ച പ്രതിപക്ഷം സർക്കാറിനെതിരെ ആയുധമാക്കുകയും ചെയ്തു. പൊലീസ് ഇതുവരെ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് പ്രതി വന്നത് ചുവന്ന സ്കൂട്ടറിലാണെന്ന വിവരം മാത്രമാണ്. അതിന്റെ അടിസ്ഥാനത്തിൽ ഇത്തരം സ്കൂട്ടറുള്ള രണ്ടായിരത്തിലധികം പേരുടെ വിശദാംശങ്ങൾ പരിശോധിച്ചെങ്കിലും സ്കൂട്ടർ കണ്ടെത്താനായില്ല. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും സ്കൂട്ടറിന്റെ നമ്പർ വ്യക്തമായില്ല.
അതിനിടയിൽ സംഭവസ്ഥലത്ത് സംശയകരമായി കണ്ട തട്ടുകടക്കാരനെ കാര്യമായി ചോദ്യം ചെയ്യാത്തത് സി.പി.എം നേതാവുമായുള്ള ബന്ധം കാരണമാണെന്ന് ആക്ഷേപമുയർന്നു. എസ്.പി എസ്. മധുസൂദനന്റെ മേൽനോട്ടത്തിൽ ഡിവൈ.എസ്.പി ജലീൽ തോട്ടത്തിലിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.