Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊന്നാനി താലൂക്കിലെ...

പൊന്നാനി താലൂക്കിലെ പാവപ്പെട്ട ഒരു കുട്ടി നിലമ്പൂരിലെ സ്‌കൂളില്‍ പഠിക്കണമെന്നു പറയുന്നതില്‍ എന്ത് ന്യായമെന്ന് വി.ഡി സതീശൻ

text_fields
bookmark_border
പൊന്നാനി താലൂക്കിലെ പാവപ്പെട്ട ഒരു കുട്ടി നിലമ്പൂരിലെ സ്‌കൂളില്‍ പഠിക്കണമെന്നു പറയുന്നതില്‍ എന്ത് ന്യായമെന്ന് വി.ഡി സതീശൻ
cancel

തിരുവനന്തപുരം: പൊന്നാനി താലൂക്കിലെ പാവപ്പെട്ട ഒരു കുട്ടി നിലമ്പൂരിലെ സ്‌കൂളില്‍ പഠിക്കണമെന്നു പറയുന്നതില്‍ എന്ത് ന്യായമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മന്ത്രിയുടെ കണക്കും യാഥാർഥ്യവും പരസ്പര വിരുദ്ധമാണ്. സര്‍ക്കാരിന് കുട്ടികള്‍ വേണമെങ്കില്‍ പഠിച്ചാല്‍ മതിയെന്ന നിലപാടാണുള്ളതെന്നും നിയമസഭയിലെ അടിയന്തിര പ്രമേയത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തില്‍ മാറി മാറി വന്ന എല്ലാ സര്‍ക്കാരുകളും ആദ്യ മുന്‍ഗണന നല്‍കിയിരുന്നത് കുട്ടികളുടെ വിദ്യാഭ്യാസമായിരുന്നു. എന്നാല്‍ ഈ സര്‍ക്കാരിന്റെ ആദ്യ പത്ത് മുന്‍ഗണനകളില്‍ പോലും വിദ്യാഭ്യാസമില്ല. ഹയര്‍ സെക്കന്‍ഡറി സീറ്റുകളുടെ എണ്ണം സംബന്ധിച്ച് മന്ത്രി നിയമസഭയില്‍ അവതരിപ്പിച്ച കണക്ക് സര്‍ക്കാരിന്റെ വെബ്‌സൈറ്റിലെ കണക്കുമായി യാതൊരു ബന്ധവുമില്ല.

ആകെയുള്ള സീറ്റുകളുടെ എണ്ണവും ഉപരിപഠനത്തിന് യോഗ്യത നേടിയ കുട്ടികളുടെ എണ്ണവും തമ്മിലുള്ള വ്യത്യാസം സര്‍ക്കാരിന്റെ വെബ്‌സൈറ്റില്‍ തന്നെ വ്യക്തമാണ്. മാര്‍ജിനല്‍ ഇന്‍ക്രീസ് കഴിഞ്ഞിട്ടും ആറ് ജില്ലകളിലെ സീറ്റുകള്‍ മൈനസില്‍ തന്നെയാണ് നില്‍ക്കുന്നത്. ആദ്യ അലോട്ട്‌മെന്റ് കഴിഞ്ഞിട്ടും മലപ്പുറത്ത് പതിനേഴായിരം സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണെന്ന് മന്ത്രി പറഞ്ഞപ്പോള്‍ ഭരണപക്ഷം കൈയടിച്ചത് അദ്ഭുതപ്പെടുത്തുന്നതാണ്. എന്തുകൊണ്ടാണ് സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നത്?

സ്റ്റേറ്റ് യൂനിറ്റായി പരിഗണിക്കുന്നതിന് പകരം താലൂക്ക് യൂനിറ്റായി പരിഗണിക്കണമെന്ന് പല തവണ പ്രതിപക്ഷം ആവശ്യപ്പെട്ടതാണ്. പൊന്നാനി താലൂക്കിലെ പാവപ്പെട്ട ഒരു കുട്ടിക്ക് നിലമ്പൂരിലെ സ്‌കൂളില്‍ പ്രവേശനം ലഭിച്ചാല്‍ ചേരാന്‍ പറ്റുമോ? ചിറയിന്‍കീഴ് താലൂക്കിലെ കുട്ടിക്ക് നെയ്യാറ്റിന്‍കര അഡ്മിഷന്‍ കിട്ടിയാല്‍ പോകാന്‍ പറ്റുമോ?

ആകെ സീറ്റുകളുടെ എണ്ണവും വിജയിച്ച കുട്ടികളുടെ എണ്ണവും വല്ലാതെ മൈനസ് നില്‍ക്കുന്ന മലപ്പുറം പോലുള്ള ഒരു ജില്ലയില്‍ ഒന്നാം ഘട്ട അലോട്ട്‌മെന്റ് കഴിയുമ്പോള്‍ 17000 സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നത് എന്തുകൊണ്ടാണെന്ന് ആലോചിക്കാന്‍ യുക്തിയുള്ള ആരും വിദ്യാഭ്യാസ വകുപ്പില്‍ ഇല്ലേ?

മന്ത്രി പറയുന്നതു കേട്ടാല്‍ മലബാറിലെ ആറു ജില്ലകളിലും ബാക്കി കിടക്കുന്ന സീറ്റുകള്‍ എവിടെക്കൊണ്ട് വെക്കുമെന്ന് സംശയം തോന്നും. 5000 മുതല്‍ 10000 വരെ സീറ്റുകള്‍ മലബാറിലെ ആറ് ജില്ലകളിലും ബാക്കി വരുമെങ്കില്‍ പിന്നെ എന്തിനാണ് 30 ശതമാനം മാര്‍ജിനല്‍ ഇന്‍ക്രീസ് വിദ്യാഭ്യാസ വകുപ്പ് നല്‍കിയത്? മന്ത്രിയുടെ കണക്കും യാഥാര്‍ത്ഥ്യവും തമ്മില്‍ പരസ്പര വിരുദ്ധമാണ്. സീറ്റുകളുടെ കുറവുള്ളതു കൊണ്ടാണ് മാര്‍ജിനല്‍ സീറ്റുകള്‍ അനുവദിച്ചത്. എന്നിട്ടാണ് സീറ്റുകളുടെ കുറവില്ലെന്നും സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണെന്നും പറയുന്നത്.

മാര്‍ജിനല്‍ സീറ്റ് വര്‍ധിപ്പിച്ചതോടെ 65 മുതല്‍ 75 കുട്ടികളാണ് ഒരു ക്ലാസില്‍ വരുന്നത്. 75 കുട്ടികളെ വച്ച് എങ്ങനെ പഠിപ്പിക്കും? വിദ്യാര്‍ത്ഥി സമ്മേളനമാണോ നടക്കുന്നത്? വിദ്യാര്‍ത്ഥി ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജംഗ്ഷനായ പ്ലസ് ടു വിദ്യാഭ്യാസത്തെ സര്‍ക്കാര്‍ തകര്‍ത്ത് തരിപ്പണമാക്കും. സര്‍ക്കാര്‍ മേഖലയില്‍ മികച്ച ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളുണ്ടായിരുന്ന സംസ്ഥാനമായിരുന്നു കേരളം. വിദ്യാഭ്യാസ രംഗത്ത് പറന്നുയരുന്ന കുട്ടികളുടെ ചിറകരിയാന്‍ മാത്രമെ സര്‍ക്കാരിന്റെ ഈ സംവിധാനം കൊണ്ട് സാധിക്കൂ. പരിഹരിക്കുന്നതിന് പകരം ഏച്ചുകെട്ടി വയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മാര്‍ജിനല്‍ സീറ്റ് വര്‍ധന പരിഹാരമല്ലെന്ന് വിദ്യാഭ്യാസമന്ത്രിക്കും നന്നായി അറിയാം.

അധിക ബാച്ചുകള്‍ അനുവദിച്ചാല്‍ ഉണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടികളെ കുറിച്ചാണ് സര്‍ക്കാര്‍ പറയുന്നത്. വിദ്യാഭ്യാസം സര്‍ക്കാരിന്റെ ആദ്യ മുന്‍ഗണനയില്‍ ഉണ്ടായിരുന്നെങ്കില്‍ നിങ്ങള്‍ ആവശ്യമില്ലാത്ത കാര്യങ്ങള്‍ക്ക് ചെലവാക്കുന്ന പണം വിദ്യാഭ്യാസ മേഖലയിലേക്ക് മാറ്റി പ്രശ്‌നം പരിഹരിക്കാമായിരുന്നു. ഇടത്തോട്ട് ഇന്‍ഡിക്കേറ്റര്‍ ഇട്ട് വലത്തോട്ട് വണ്ടി കൊണ്ടു പോകുന്ന ആളുകളാണ് നിങ്ങള്‍. ബിഷപ്പ് മാര്‍ കുറിലോസ് പറഞ്ഞതു പോലെ നിങ്ങള്‍ക്ക് തീവ്ര വലതു വ്യതിയാനമാണ്. നിങ്ങള്‍ പ്ലാനിങില്‍ നിന്നും പ്രൊജക്ടിലേക്ക് പോകുകയാണ്. അതാണ് തീവ്രവലതുപക്ഷ നിലപാട്. മോദി സര്‍ക്കാരും ഇതു തന്നെയാണ് ചെയ്യുന്നത്. കിഫ്ബി കൊണ്ടു വന്നതു പോലും വലതു വ്യതിയാനമാണ്.

എട്ട് വര്‍ഷം മുന്‍പ് സര്‍ക്കാര്‍ വന്നപ്പോള്‍ ആദ്യ രണ്ടു മൂന്ന് വര്‍ഷം പൊതുവിദ്യാഭ്യാസ യജ്ഞത്തെ കുറിച്ചാണ് സംസാരിച്ചിരുന്നത്. ഇപ്പോള്‍ എന്താണ് സ്ഥിതി. പൊതുവിദ്യാലയങ്ങളിലേക്ക് വരുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞതു കൊണ്ടാണ് ഇപ്പോള്‍ അതിനെക്കുറിച്ച് മിണ്ടാത്തത്. സി.ബി.എസ്.ഇയില്‍ നിന്നും സ്‌റ്റേറ്റ് സിലബസിലേക്ക് വരുന്നവരുടെ എണ്ണവും കാര്യമായി കുറഞ്ഞു. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം കുറഞ്ഞതും പ്രവേശനം ഉറപ്പല്ലാത്തതുമാണ് ഇതിന് കാരണം.

മലബാര്‍ മേഖലയില്‍ സീറ്റുകളുടെ എണ്ണം കുറവാണെന്ന് അവിടുന്ന് വരുന്ന എല്ലാ ജനപ്രതിനിധികള്‍ക്കും അറിയാം. ഇതൊന്നും അറിയാത്തവരാണ് ബഹളം വെക്കുന്നത്. ആഗ്രഹിക്കുന്നതു പോലെ കുട്ടികള്‍ക്ക് പഠിക്കാനാകുന്നില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. ഇതൊക്കെയാണ് നിയമസഭ ഗൗരവത്തോടെ ചര്‍ച്ച ചെയ്യേണ്ടത്. വിദ്യാഭ്യാസ രംഗത്ത് സര്‍ക്കാര്‍ നല്‍കിയിരുന്ന വിശ്വാസ്യത നിങ്ങള്‍ ഇല്ലാതാക്കിയിരിക്കുകയാണ്. ഞങ്ങള്‍ ഇങ്ങനെയൊക്കെയെ ചെയ്യൂവെന്നും വേണമെങ്കില്‍ പഠിച്ചാല്‍ മതിയെന്നുമുള്ള നിലപാടിലാണ് സര്‍ക്കാര്‍.

യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മാര്‍ജിനല്‍ സീറ്റി കൂട്ടേണ്ടി വന്നപ്പോള്‍ 1500 ബാച്ചുകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അതുപോലെ അഡീഷണല്‍ ബാച്ചുകള്‍ അനുവദിച്ച് കുട്ടികളുടെ വിദ്യാഭ്യാസത്തിന് മുന്‍ഗണന കൊടുക്കണമെന്നതാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ അതൊന്നും ചെയ്യില്ല ഇങ്ങനെ തന്നെ പോയാല്‍ മതിയെന്ന നിലപാടിലാണ് സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VD SatheesanSeats in Malabar region
News Summary - VD Satheesan said what is the justification for saying that a poor child of Ponnani taluk wants to study in Nilambur school.
Next Story