പ്രവര്‍ത്തകരെ സി.പി.എം ഗുണ്ടകള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് വി.ഡി സതീശൻ
text_fieldsകൊച്ചി: മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിനെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത യൂത്ത് കോൺഗ്രസ് നേതാവിനെ സി.പി.എം പ്രവർത്തകർ ആക്രമിച്ചതിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പാർട്ടി പ്രവര്‍ത്തകരെ സി.പി.എം തെരുവ് ഗുണ്ടകള്‍ ആക്രമിച്ചാല്‍ പ്രതിരോധിക്കുമെന്ന് സതീശൻ പറഞ്ഞു.
മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയതിന് പൊലീസ് അറസ്റ്റ് ചെയ്ത് വാഹനത്തിൽ കയറ്റിയ തളിപ്പറമ്പിലെ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ സി.പി.എമ്മിന്റെ തെരുവ് ഗുണ്ടകള്‍ ആക്രമിച്ചത് കേരളത്തിലെ പൊലീസിന് ഭൂഷണമല്ല. ഈ പോക്കാണെങ്കില്‍ പൊലീസിനോടുള്ള സമീപനവും മാറ്റേണ്ടി വരുമെന്നും സതീശൻ വ്യക്തമാക്കി.
മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയാല്‍ കാല്‍ തല്ലിയൊടിക്കുമെന്നും നട്ടെല്ല് ചവിട്ടിയൊടിക്കുമെന്നാണ് പൊലീസും സി.പി.എം ഗുണ്ടകളും ഭീഷണിപ്പെടുത്തുന്നത്. അങ്ങനെയെങ്കില്‍ കേരളത്തില്‍ ഒരുപാട് പേരുടെ കാലും നട്ടെല്ലും ഒടിക്കേണ്ടി വരും. ഗുണ്ടകളുടെ ആക്രമണത്തിന് പൊലീസ് കൂട്ട് നില്‍ക്കുന്നത് അതിക്രമമാണെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു കണ്ണൂർ ജില്ല വൈസ് പ്രസിഡന്‍റ് ഫർഹാൻ മുണ്ടേരിക്കാണ് സി.പി.എം പ്രവർത്തകരുടെ മർദനമേറ്റത്. മുഖമന്ത്രിക്ക് അകമ്പടി പോയ കണ്ണൂർ സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോ ഫർഹാനെ കസ്റ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു മർദനം.
കണ്ണൂർ ഗസ്റ്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പ്രധാന റോഡിലേക്ക് പ്രവേശിച്ചപ്പോഴാണ് ഫർഹാൻ മുണ്ടേരി ഒറ്റക്ക് കരിങ്കൊടി കാട്ടിയത്. ഈ സമയത്ത് മുഖ്യമന്ത്രിക്ക് അഭിവാദ്യമർപ്പിക്കാൻ ചെങ്കൊടിയുമേന്തി റോഡിന്‍റെ വശത്ത് നിന്ന സി.പി.എം പ്രവർത്തകർ പാഞ്ഞെത്തുകയും വളഞ്ഞിട്ട് അക്രമിക്കുകയുമായിരുന്നു.
പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ കണ്ണൂരിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രിക്ക് വന്‍ സുരക്ഷാസന്നാഹമാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്. ഈ സുരക്ഷാ ക്രമീകരണങ്ങൾ മറികടന്നാണ് മുഖ്യമന്ത്രിയുടെ വാഹനം കടന്നു പോകുന്ന പ്രദേശങ്ങളിൽ യൂത്ത് കോൺഗ്രസ്, കെ.എസ്.യു, യൂത്ത് ലീഗ് അടക്കമുള്ള സംഘടനകളുടെ പ്രവർത്തകർ പ്രതിഷേധിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.