കോവിഡാന്തര ചികിത്സക്ക് പണം ഈടാക്കിയാൽ സമരം; മുന്നറിയിപ്പുമായി വി.ഡി. സതീശൻ
text_fieldsകൊച്ചി: കോവിഡാന്തര ചികിത്സക്ക് പണം ഈടാക്കിയാൽ സർക്കാറിനെതിരെ സമരം തുടങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സർക്കാർ നിലപാടിനെ ശക്തിയായി എതിർക്കുന്നു. എ.പി.എൽ, ബി.പി.എൽ എന്ന് തരംതിരിച്ച് പണം ഈടാക്കാനുള്ള നീക്കം ഒരു കാരണവശാലും അനുവദിക്കില്ല. ജനങ്ങൾ പ്രയാസത്തിലും സാമ്പത്തിക ബുദ്ധിമുട്ടിലും ബാങ്കുകൾ റിക്കവറി നോട്ടീസ് അയക്കുന്ന സമയത്ത് ചികിത്സക്ക് പണം ഈടാക്കുന്നത് മര്യാദകേടാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
ആരുടെ ബുദ്ധിയിൽ നിന്നാണ് ഇത്ര വികലമായ തീരുമാനമെന്ന് മനസിലാകുന്നില്ല. ബന്ധപ്പെട്ട വകുപ്പുകളുമായി ആലോചിച്ചാണ് സർക്കാർ തീരുമാനം എടുക്കേണ്ടത്. മുഖ്യമന്ത്രി ഇടപെട്ട് അടിയന്തരമായി തീരുമാനം പിൻവലിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
പീഡന പരാതി ഒതുക്കിതീർക്കാൻ പരാതിക്കാരിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന മന്ത്രി എ.കെ. ശശീന്ദ്രനെതിരായ കേസ് പിൻവലിക്കരുതെന്ന് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. സർക്കാർ നിലപാട് അറിയാൻ കാത്തിരിക്കുകയാണ്. കേസ് പിൻവലിച്ചാൽ നിയമപരമായി നേരിടും. പീഡന കേസ് ഒത്തുതീർപ്പാക്കാൻ മന്ത്രി ആവശ്യപ്പെടുന്നത് തെറ്റായ നടപടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
തൃക്കാക്കര നഗരസഭയിലെ ഒാണസമ്മാന വിവാദത്തിൽ ഡി.സി.സിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. കുറ്റം ചെയ്തെന്ന് തെളിഞ്ഞാൽ നടപടിയെടുക്കും. ഡി.സി.സി പുനഃസംഘടനയിൽ പരസ്യ പ്രതിഷേധം അനുവദിക്കില്ലെന്നും വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
പീഡന പരാതി ഒതുക്കിതീർക്കാൻ പരാതിക്കാരിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മന്ത്രി എ.കെ ശശീന്ദ്രന് ക്ലീന്‍ ചിറ്റ് നൽകിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. നല്ല നിലയിൽ പരിഹരിക്കണം എന്ന വാക്കാണ് ശശീന്ദ്രൻ ഉപയോഗിച്ചത്. ഇതിന് പരാതി ഒതുക്കി തീർക്കണമെന്ന് അർഥമില്ലെന്നും മന്ത്രിയുടെ ഭാഷാപ്രയോഗത്തില്‍ തെറ്റില്ലെന്നും പബ്ലിക് പ്രോസിക്യൂട്ടർ നൽകിയ നിയമോപദേശത്തിൽ പറയുന്നു.
കഴിഞ്ഞ മാര്‍ച്ചിലാണ് മന്ത്രിയുടെ ഫോണ്‍ കോളിൽ വിവാദമുണ്ടായത്. എൻ.സി.പി നേതാവിനെതിരായ യുവതിയുടെ പരാതിയില്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ ഇടപെട്ടു. യുവതിയുടെ പിതാവിനെ മന്ത്രി ഫോണില്‍ വിളിച്ച് നല്ല രീതിയില്‍ കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിലൂടെ മന്ത്രി ഇരയെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.