ഉമ്മൻചാണ്ടിക്ക് ഒരു നീതിയും പിണറായിക്ക് മറ്റൊന്നും പറ്റില്ലെന്ന് വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: ഉമ്മൻചാണ്ടിക്ക് ഒരു നീതിയും പിണറായി വിജയന് മറ്റൊരു നീതിയും പറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഉമ്മൻചാണ്ടിക്കെതിരായ ഒരു കേസിൽ ആരോപണവിധേയയായ സ്ത്രീയിൽ നിന്ന് പരാതി എഴുതി വാങ്ങി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. ഇരട്ട നീതി പറ്റുമോ എന്നാണ് പ്രതിപക്ഷത്തിന് ചോദിക്കാനുള്ളതെന്നും സതീശൻ ചൂണ്ടിക്കാട്ടി.
ഗൗരവതരമായ വിഷയത്തിൽ നിയമനടപടികളും സമരപരിപാടികളും അടക്കമുള്ളവയെ കുറിച്ച് പ്രതിപക്ഷം ആലോചിക്കുമെന്നും വി.ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
യു.എ.ഇ കോൺസുലേറ്റിന്റെ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെയാണ് മുഖ്യപ്രതി സ്വപ്ന സുരേഷ് പുതിയ വെളിപ്പെടുത്തൽ നടത്തിയത്. മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറുടെ നിർദേശ പ്രകാരം മുഖ്യമന്ത്രിക്കായി ദുബൈയിലേക്ക് ഒരു ബാഗ് നിറയെ കറൻസി കടത്തിയെന്നും കോൺസുലേറ്റ് ജനറലുടെ ഓഫിസിൽ നിന്ന് ക്ലിഫ് ഹൗസിലേക്ക് ഇടക്കിടെ കൊടുത്തുവിട്ട ബിരിയാണി പാത്രങ്ങളിൽ, ലോഹങ്ങളും ഉണ്ടായിരുന്നുവെന്നും സ്വപ്ന മൊഴി നൽകിയത്.
മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല, മകൾ വീണ, മുൻ മന്ത്രി കെ.ടി. ജലീൽ, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന നളിനി നെറ്റോ, അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി.എം. രവീന്ദ്രൻ എന്നിവർക്ക് കുറ്റകൃത്യത്തിലുള്ള പങ്ക് സംബന്ധിച്ചും സ്വപ്ന വെളിപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ഇനിയും പുറത്തു വരാനുണ്ടെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.