സി.പി.എമ്മുകാർ കോവിഡ് പരത്തി നടക്കുകയാണ്; എന്തുകൊണ്ട് നിരീക്ഷണമില്ലെന്ന് വി.ഡി. സതീശൻ
text_fieldsഎറണാകുളം: സി.പി.എം സമ്മേളനത്തിന് വേണ്ടിയാണ് ടി.പി.ആർ മാനദണ്ഡം മാറ്റിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ടി.പി.ആർ അടിസ്ഥാനമാക്കി നിയന്ത്രണങ്ങൾ വന്നാൽ ജില്ലാ സമ്മേളനങ്ങൾ നടത്താനാകില്ല. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത നേതാക്കൾ എന്തുകൊണ്ട് ക്വാറന്‍റീനിൽ പോകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.
വാളയാറിൽ കുടുങ്ങിയ മലയാളികളെ കണ്ട എം.പിമാരെ മുമ്പ് നിരീക്ഷണത്തിൽ വിട്ടതാണെന്നും സതീശൻ ഒാർമിപ്പിച്ചു. ഇപ്പോൾ സി.പി.എമ്മുകാർക്ക് നിരീക്ഷണമില്ലെന്നും അവർ രോഗം പരത്തി നടക്കുകയാണെന്നും സതീശൻ പറഞ്ഞു.
കാസർകോട് 35ഉം തൃശൂർ 34ഉം ആണ് ടി.പി.ആർ നിരക്ക്. കർശന നിയന്ത്രണം വേണ്ട സ്ഥലങ്ങളാണിത്. സി.പി.എമ്മിന് ഒരു മാനദണ്ഡം മറ്റുള്ളവർക്ക് വേറൊരു മാനദണ്ഡം എന്നതാണ്. കാസർകോട് ജില്ലയിൽ ആശുപത്രികൾ കുറവാണ്. അതിനാൽ കണക്കെടുപ്പ് പ്രായോഗികമല്ല. വീട്ടിൽ ചികിത്സ എന്ന് പറഞ്ഞ് ആശുപത്രിയിലെ രോഗികളുടെ കണക്കുപ്രകാരം മാനദണ്ഡമുണ്ടാക്കിയെന്നും സതീശൻ ചൂണ്ടിക്കാട്ടി.
കോവിഡ് മൂന്നാം തരംഗം നേരിടാൻ സർക്കാറിന് തയാറെടുപ്പുകളില്ല. ആരോഗ്യ മന്ത്രിയെ മൂലയ്ക്കിരുത്തി മറ്റ് ചിലർ വകുപ്പ് നിയന്ത്രിക്കുകയാണ്. മന്ത്രി പറയുന്നത് സ്വന്തം പാർട്ടി പോലും കേൾക്കുന്നില്ലെന്നും വി.ഡി. സതീശൻ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.