വി.ഡി. സതീശൻ മാപ്പ് പറയണം, സൈക്കിൾ ചവിട്ടി പ്രതിഷേധിച്ച ഫോട്ടോ പുറത്തുവിട്ട് എ.എം ആരിഫ് എം.പി
text_fieldsതിരുവനന്തപുരം: വി.ഡി. സതീശൻ പ്രസ്താവന പിൻവലിച്ച് സതീശൻ മാപ്പ് പറയണമെന്ന് എ.എം ആരിഫ് എം.പി. ഇന്ധന വില വർധനവിൽ സൈക്കിൾ ചവിട്ടി പ്രതിഷേധിച്ച എം.പിമാരുടെ കൂട്ടത്തിൽ താനും ഉണ്ടായിരുന്നുവെന്ന് എ.എം ആരിഫ് വ്യക്തമാക്കി. പ്രതിഷേധത്തിൽ പങ്കെടുത്തതിന്‍റെ ചിത്രം സഹിതം പങ്കുവച്ചാണ് ആരിഫ് ഇക്കാര്യം വ്യക്തമാക്കിയത്.
ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെ വാദത്തിന് മറുപടി പറയവേ പ്രതിഷേധത്തിൽ ആരിഫ് പങ്കെടുത്തിരുന്നില്ലെന്ന് വി.ഡി സതീശൻ വ്യാഴാഴ്ച നിയമസഭയിൽ പറഞ്ഞിരുന്നു. പ്രതിപക്ഷ നേതാവിന്റെ വസ്തുതാ വിരുദ്ധമായ പ്രസ്താവന സഭാ രേഖകളിൽ നിന്നു നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് കത്തു നൽകിയതായും ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ ആരിഫ് എംപി വ്യക്തമാക്കി.
ഫേസ്ബുക് പോസ്റ്റിന്‍റെ പൂർണരൂപം:
വി.ഡി.സതീശൻ മാപ്പ് പറയണം.
പെട്രോൾ വിലവർദ്ധനവുമായി ബന്ധപ്പെട്ട വിഷയത്തിലെ നിയമസഭചർച്ചക്കിടെ എന്നെപ്പറ്റി വസ്തുതാവിരുദ്ധമായ പ്രസ്താവന നടത്തിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രസ്താവന പിൻവലിച്ച് മാപ്പുപറയണം. കഴിഞ്ഞ പാർലമെന്റ് സമ്മേളന കാലത്ത് ആഗസ്ത് 5ന് പെട്രോളിയം ഉത്പന്നങ്ങളുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ച് പ്രതിപക്ഷപാർട്ടി എം.പി.മാർ സംയുക്തമായി നടത്തിയ സൈക്കിൾ ചവിട്ടൽ സമരത്തിൽ ഞാൻ പങ്കാളിയായിരുന്നില്ല എന്ന് വി.ഡി.സതീശൻ നിയമസഭയിൽ എന്റെ അസാന്നിധ്യത്തിൽ പറഞ്ഞത് വസ്തുതാവിരുദ്ധവും കീഴ്‌വഴക്കങ്ങളുടെ ലംഘനവുമാണ്.
ഞാൻ സൈക്കിൾ ചവിട്ടിയ വീഡിയോയും ലോക്‌സഭയിലെ കോൺഗ്രസ് നേതാവ് അധ്Iർ രഞ്ജൻ ചൗധരിയുമായി സമരത്തിൽ പങ്കെടുത്ത ഫോട്ടോയും നവമാധ്യമങ്ങളിൽ ഉൾപ്പടെ തെളിവായുള്ളപ്പോൾ ഇത്തരമൊരു പരാമർശം നടത്തിയത് എപ്പോൾ അസത്യം പറഞ്ഞാലും അതിന്റെ ആനുകൂല്യം തനിക്കു ലഭിക്കും എന്നു സതീശൻ കരുതുന്നതുകൊണ്ടാകാം.
സതീശന്റെ ദേശീയ നേതാവും കേരളത്തിൽ നിന്നുള്ള എം.പി.യായിട്ടുകൂടി സഭയിൽ വല്ലപ്പോഴും മാത്രം ഹാജരാകുന്ന രാഹുൽ ഗാന്ധി,
ഈ സഭാകാലയളവിൽ എപ്പോഴെങ്കിലും പെട്രോളിയം വിലവർദ്ധനവിനെപ്പറ്റി സംസാരിക്കാൻ തയ്യാറായിട്ടുണ്ടോ എന്ന് പരിശോധിക്കാൻ സതീശൻ തയ്യാറാകണം.
പ്രതിപക്ഷ നേതാവിന്റെ വസ്തുതാവിരുദ്ധമായ പ്രസ്താവന സഭാരേഖകളിൽ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭ സ്പീക്കർ ശ്രീ എം.ബി.രാജേഷിന് കത്ത് നൽകി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.