‘കേരളം ഭൂപടത്തിൽ ഇല്ലാത്തതു പോലെയാണ് കേന്ദ്രത്തിന്റെ പെരുമാറ്റം’; പ്രതിഷേധിക്കുമെന്ന് വി.ഡി. സതീശൻ
text_fieldsപാലക്കാട്: വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് പണം ചോദിച്ചത് കെ. സുരേന്ദ്രനോടോ ബി.ജെ.പിയോടോ അല്ല, കേന്ദ്ര സർക്കാറിനോടാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നമ്മുടെ സംസ്ഥാനം രാജ്യത്തിന്റെ ഭൂപടത്തിലില്ല എന്നതുപോലെയാണ് കേന്ദ്രത്തിന്റെ പെരുമാറ്റം. ഇതിനെതിരെ യു.ഡി.എഫ് എം.പിമാർ പാർലമെന്റിൽ പ്രതിഷേധിക്കും. ഇത് ആരുടെയും പോക്കറ്റിൽനിന്ന് എടുത്തുനൽകുന്നതല്ല. പ്രത്യേക സഹായമാണ് കേരളത്തിനു വേണ്ടതെന്നും അവഗണിക്കുന്നതിലൂടെ കേന്ദ്രത്തിന്റെ തനിനിറമാണ് തുറന്നു കാണിക്കുന്നതെന്നും സതീശൻ പാലക്കാട്ട് പറഞ്ഞു.
“വയനാടിനോടുള്ള കേന്ദ്ര ഗവണ്മെന്റിന്റെ അവഗണന കേരളത്തോടുള്ള അവഗണനയാണ്. പുനരധിവാസം നടത്താനിരിക്കെ പ്രധാനമന്ത്രിയുടെ സന്ദർശനമുണ്ടായിട്ടും കേന്ദ്രം പഠനം നടത്തിയിട്ടും ഇതുവരെ ഒരു രൂപ പോലും കേരളത്തിന് നൽകിയിട്ടില്ല. ബി.ജെ.പി സർക്കാർ കേരളത്തിനെതിരെ കാണിക്കുന്ന അവഗണനക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണ്. നമ്മുടെ സംസ്ഥാനം രാജ്യത്തിന്റെ ഭൂപടത്തിലില്ല എന്നതുപോലെയാണ് കേന്ദ്രത്തിന്റെ പെരുമാറ്റം. ഇതിനെതിരെ യു.ഡി.എഫ് എം.പിമാർ പാർലമെന്റിൽ പ്രതിഷേധിക്കും.
ഇത് ആരുടെയും പോക്കറ്റിൽനിന്ന് എടുത്തുനൽകുന്നതല്ല. പ്രത്യേക സഹായമാണ് കേരളത്തിനു വേണ്ടത്. മറ്റ് സംസ്ഥാനങ്ങൾക്കെല്ലാം കൊടുത്തിട്ടുണ്ട്. കേന്ദ്രത്തിന്റെ തനിനിറമാണ് തുറന്നു കാണിക്കുന്നത്. തെരഞ്ഞെടുപ്പു വരെ ഒന്നും മിണ്ടിയിട്ടില്ല. അതിനു ശേഷമാണ് അവർ ഇത്തരത്തിൽ പ്രതികരിക്കുന്നത്. കണക്കുകൾ ശരിയല്ലെന്ന് പറയേണ്ടത് കെ. സുരേന്ദ്രനല്ലല്ലോ. സുരേന്ദ്രനോടോ കേരളത്തിലെ ബി.ജെ.പിയോടോ അല്ലല്ലോ നമ്മൾ പണം ചോദിച്ചത്. കേന്ദ്രം പറയട്ടെ കണക്ക് ശരിയല്ലെന്ന്” -സതീശൻ പറഞ്ഞു.
പാലക്കാട് ഇരട്ട വോട്ട് വിവാദത്തിൽ നിയമനടപടി എന്ന് പറഞ്ഞ് തന്നെ വിരട്ടേണ്ടെന്ന് ഇടത് സ്ഥാനാർഥി പി. സരിനുള്ള മറുപടി പ്രതികരണത്തിൽ പ്രതിപക്ഷ നേതാവ് പറഞ്ഞു. മൂന്ന് മാസം മുമ്പ് വാടക വീട് എടുത്ത് സരിൻ വോട്ട് ചേർത്തു. പാലക്കാട് സി.പി.എം ജില്ലാ സെക്രട്ടറി ഒരു പണിയും എടുക്കാത്ത ആളാണ്. അതാണ് ഇപ്പോൾ ബഹളം വെക്കുന്നത്. മന്ത്രി, അളിയൻ, ജില്ലാ സെക്രട്ടറി എന്നിവർ ചേർന്നുള്ള ലോബിയാണ് പാലക്കാട് സി.പി.എമ്മിനെ നിയന്ത്രിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പാർട്ടിയുടെ അനുമതിയോടെയാണ് സാൻ്റിയാഗോ മാർട്ടിന്റെ കെയിൽ നിന്നും ബോണ്ട് വാങ്ങിയതെന്നാണ് ആത്മകഥയിൽ ഇ.പി പറയുന്നത്. ഇ.പി. ജയരാജൻ സത്യം മാത്രം പറയുന്നയാളാണ്. ശത്രുക്കളാണോ മിത്രങ്ങളാണോ ഇ.പിക്ക് പണി കൊടുത്തത് എന്ന് അന്വേഷിച്ചാൽ മതി. ഇ.പി പാലക്കാട് വന്ന് പ്രസംഗിച്ചത് തമാശയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.