‘കേരളത്തിൽ പൂച്ചക്ക് പ്രസവിക്കാൻ പറ്റിയ ബെസ്റ്റ് സ്ഥലം ഖജനാവാണ്; അത് കാലിയാ’
text_fieldsതിരുവനന്തപുരം: കേരളത്തിൽ പൂച്ചക്ക് പ്രസവിക്കാൻ പറ്റിയ മികച്ച സ്ഥലം ഖജനാവാണെന്നും അത് കാലിയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അഞ്ച് ലക്ഷം രൂപയിൽ കൂടുതൽ ബില്ല് പാസാകില്ല, അതിൽ താഴെയാണെങ്കിൽ വാങ്ങിവെക്കും. പഞ്ചായത്തിൽ പുല്ല് വെട്ടിയാൽ കൊടുക്കാൻ പോലും കാശില്ല. എല്ലാ വകുപ്പുകളും സമ്പൂർണ പരാജയമാണെന്നും പൊതുമേഖലാ സ്ഥാപനങ്ങളെ സർക്കാർ വലിയ കടത്തിലേക്ക് തള്ളിയിട്ടെന്നും സതീശൻ പറഞ്ഞു.
“മന്ത്രിമാർ ബുധനാഴ്ച മാത്രമേ തലസ്ഥാനത്ത് വരാറുള്ളൂ. ഇവിടെ വന്നിട്ട് കാര്യമൊന്നുമില്ല, ഖജനാവ് കാലിയായി. ഖജനാവിൽ പൂച്ച പെറ്റു കിടക്കുകയാണെന്ന് ഞാൻ മുമ്പ് പറഞ്ഞു. അപ്പോ ധനകാര്യമന്ത്രിക്ക് വലിയ വിഷമമായിരുന്നു. അങ്ങനെ പറയാൻ പാടില്ലെന്ന്. എന്‍റെ വീട്ടിൽ പൂച്ചയുണ്ട്. പ്രസവിക്കുന്നതിന് രണ്ടുദിവസം മുമ്പ് പൂച്ച കറങ്ങിനടക്കും. ആരും വരാത്തിടത്ത്, ഒരു പരിപാടിയും നടക്കാത്തിടത്ത് പ്രസവിക്കും.
കേരളത്തിൽ ഇപ്പോൾ പൂച്ചക്ക് പ്രസവിക്കാൻ പറ്റിയ ഏറ്റവും ബെസ്റ്റ് സ്ഥലം സംസ്ഥാന ഖജനാവാണ്. അത് കാലിയാണ്. അഞ്ച് ലക്ഷം രൂപയിൽ കൂടുതൽ ബില്ല് പാസാകില്ല, അതിൽ താഴെയാണെങ്കിൽ വാങ്ങിവെക്കും. പഞ്ചായത്തിൽ പുല്ല് വെട്ടിയാൽ കൊടുക്കാൻ കാശില്ല, ക്ഷേമ പെൻഷൻ കൊടുക്കാൻ കാശില്ല, ക്ഷേമനിധികൾ മുഴുവൻ തകർന്നു” -വി.ഡി. സതീശൻ പറഞ്ഞു.
ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയിരിക്കെ 45,000 ജീവനക്കാരാണ് കെ.എസ്.ആർ.ടി.സിയിൽ ഉണ്ടായിരുന്നത്. ഇപ്പോഴത് 22,000 ആയി. ഷെഡ്യൂളുകളുടെ എണ്ണം വെട്ടിക്കുറച്ചു, കെ.എസ്.ആർ.ടി.സിയുടെ കാര്യം തീരുമാനമായി. ശമ്പളം, പെൻഷൻ കൊടുക്കാനാവുന്നില്ല. വൈദ്യുതി ബോർഡിന്‍റെ സ്ഥിതി അതിദയനീയമാണ്. 45,000 കോടി രൂപയാണ് കടം. ആരോഗ്യരംഗം പൂർണമായും തകർന്നു, സംസ്ഥാനത്ത് മരണനിരക്ക് ഉയരുന്നു. പരിശോധനകൾ നടക്കുന്നില്ല. വിദ്യാർഥികളും യുവജനങ്ങളും വിദേശത്ത് പോകുന്നുവെന്നും ഇത് സർക്കാറിന്‍റെ പിടിപ്പുകേടാണെന്നും സതീശൻ വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.