‘ജോലി ചെയ്താൽ കൂലി കിട്ടണം, കിട്ടിയില്ലെങ്കിൽ തൊഴിലാളികൾ അത് ചോദിച്ച് വാങ്ങും’; വനിത കണ്ടക്ടറെ പിന്തുണച്ച് വി.ഡി സതീശൻ
text_fieldsകോഴിക്കോട്: ശമ്പളം മുടങ്ങിയതിനെ തുടർന്ന് ഡ്യൂട്ടിക്കിടെ പ്രതിഷേധ ബാഡ്ജ് കുത്തിയ വനിത കണ്ടക്ടറെ സ്ഥലംമാറ്റിയ കെ.എസ്.ആർ.ടി.സി നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ജോലി ചെയ്താൽ കൂലി കിട്ടണമെന്നും കിട്ടിയില്ലെങ്കിൽ തൊഴിലാളികൾ അത് ചോദിച്ച് വാങ്ങുമെന്നും പ്രതിപക്ഷ നേതാവ് ഫേസ്ബുക്കിൽ കുറിച്ചു.
സമരങ്ങളോടും പ്രതിഷേധങ്ങളോടും എന്തിനാണ് അസഹിഷ്ണുത? ആവശ്യത്തിനും അനാവശ്യത്തിനും സമര പോരാട്ടങ്ങളുടെ ചരിത്രം പറയുന്ന സി.പി.എം നേതാക്കൾക്ക് എന്ത് പറയാനുണ്ട്? തൊഴിലാളി വർഗത്തിന്റെ കരുത്തിൽ നിന്ന് ഉയർന്നു വന്നവരാണെങ്കിൽ, നിങ്ങൾ ഇപ്പോൾ തൊഴിലാളികളോട് ചെയ്യുന്നത് കടുത്ത വഞ്ചനയാണ്. സർക്കാരിന്റെ വാർഷികം ആഘോഷിച്ച് കോടികൾ പൊടിക്കുന്നതിന് പകരം തൊഴിലാളികൾക്ക് കൃത്യസമയത്ത് ശമ്പളം നൽകൂവെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
41 ദിവസം ജോലി ചെയ്തു. മാസ ശമ്പളം കിട്ടിയില്ല. ജോലി ചെയ്താൽ കൂലി കിട്ടണം. കിട്ടിയില്ലെങ്കിൽ തൊഴിലാളികൾ അത് ചോദിച്ച് വാങ്ങും.
ശമ്പള രഹിത സേവനം നാൽപ്പത്തി ഒന്നാം ദിവസമെന്ന് ഒരു തുണ്ടുകടലാസിൽ യൂണിഫോമിൽ പിൻ ചെയ്ത് വച്ചതാണ് വൈക്കം ഡിപ്പോയിലെ കണ്ടക്ടർ അഖില എസ്. നായർ ചെയ്ത വലിയ തെറ്റ് . വൈക്കത്ത് നിന്ന് പാലയിലേക്ക് സ്ഥലം മാറ്റി നടപടിയും എടുത്തു. ചെയ്ത ജോലിക്ക് ശമ്പളം നൽകുന്നതിനേക്കാൾ ആർജ്ജവത്തോടെ ശമ്പളം ചോദിക്കുന്നവർക്കെതിരെ അച്ചടക്ക നടപടി എടുക്കുന്ന പൊതുമേഖല സ്ഥാപനമാണ് കെ.എസ്.ആർ.ടി.സി.
സമരങ്ങളോടും പ്രതിഷേധങ്ങളോടും എന്തിനാണ് അസഹിഷ്ണുത? ആവശ്യത്തിനും അനാവശ്യത്തിനും സമര പോരാട്ടങ്ങളുടെ ചരിത്രം പറയുന്ന സി.പി.എം നേതാക്കൾക്ക് എന്ത് പറയാനുണ്ട്? തൊഴിലാളി വർഗത്തിന്റെ കരുത്തിൽ നിന്ന് ഉയർന്നു വന്നവരാണെങ്കിൽ, നിങ്ങൾ ഇപ്പോൾ തൊഴിലാളികളോട് ചെയ്യുന്നത് കടുത്ത വഞ്ചനയാണ്. സർക്കാരിന്റെ വാർഷികം ആഘോഷിച്ച് കോടികൾ പൊടിക്കുന്നതിന് പകരം തൊഴിലാളികൾക്ക് കൃത്യസമയത്ത് ശമ്പളം നൽകൂ.
ശമ്പളം മുടങ്ങിയതിനെ തുടർന്ന് ഡ്യൂട്ടിക്കിടെ പ്രതിഷേധ ബാഡ്ജ് കുത്തിയ വൈക്കം ഡിപ്പോയിലെ കണ്ടക്ടറായ അഖില എസ്. നായരെ പാലായിലേക്കാണ് സ്ഥലംമാറ്റിയത്. ‘ശമ്പളരഹിത സേവനം 41-ാം ദിവസം’ എന്ന ബാഡ്ജ് ധരിച്ച് അഖില ഡ്യൂട്ടി ചെയ്യുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ഇത് സര്‍ക്കാറിനെയും കെ.എസ്.ആർ.ടി.സിയെയും അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും അച്ചടക്കലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് സ്ഥലംമാറ്റിയത്. 2023 ജനുവരി 11നാണ് നടപടിക്ക് കാരണമായ പ്രതിഷേധം നടന്നത്. ജീവനക്കാരി എന്ന നിലയില്‍ പാലിക്കേണ്ട ചട്ടങ്ങള്‍ക്ക് വിരുദ്ധമായി സ്വന്തം നിലയില്‍ സർക്കാറിനും കോർപറേഷനും എതിരെ പ്രതിഷേധിച്ചെന്നും ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.