എത്ര വലിയ കൊമ്പന്‍മാരാണ് അപ്പുറത്തെങ്കിലും നീതി ലഭിക്കുന്നതു വരെ പ്രതിപക്ഷം ഇരകള്‍ക്കൊപ്പം നിൽക്കുമെന്ന് വി.ഡി സതീശൻ
text_fieldsകൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എത്ര വലിയ കൊമ്പന്‍മാരാണ് അപ്പുറത്തെങ്കിലും നീതി ലഭിക്കുന്നതു വരെ പ്രതിപക്ഷം ഇരകള്‍ക്കൊപ്പം നിൽക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എറണാകുളം ബി.ടി.എച്ച് ഗാന്ധി പ്രതിമക്ക് മുന്നില്‍ മഹിള കോണ്‍ഗ്രസ് സംഘടിപ്പിച്ച സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാലര വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹേമ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടിലെ കുറച്ചു ഭാഗങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. പുറത്തുവന്ന ഭാഗങ്ങളില്‍ തന്നെ ഞെട്ടിക്കുന്ന വിവരങ്ങളാണുള്ളത്. നാടിന്റെ അഭിമാനമായ അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരുമുള്ള ഒരു മേഖലയാണ് സിനിമ. ആ സിനിമ ലേകത്ത് കുറച്ചു പേര്‍ നടത്തിയ ലൈംഗിക ചൂഷണങ്ങളും ക്രിമിനല്‍വത്ക്കരണവും ലഹരി ഉപഭോഗവുമൊക്കെയാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നിരിക്കുന്നത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് തയാറാക്കിയതു തന്നെ ഇരകളായ സ്ത്രീകളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ്. മൊഴികള്‍ പെന്‍ഡ്രൈവുകളായും വാട്‌സാപ് മെസെജുകളായും സര്‍ക്കാരിന്റെ ലോക്കറിലുണ്ട്. മുഖ്യമന്ത്രിക്കും കഴിഞ്ഞ സര്‍ക്കാരിലെയും ഈ സര്‍ക്കാരിലെയും സാംസ്‌കാരിക മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം അറിയാം. എന്നാല്‍ റിപ്പോര്‍ട്ട് പുറത്തു വന്നപ്പോള്‍ ആരെങ്കിലും പരാതി തന്നാല്‍ കേസെടുക്കാമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
കുറ്റകൃത്യങ്ങളുടെ ഒരു പരമ്പര നടന്നതിന് തെളിവായി ഇരകളുടെ മൊഴികളും പെന്‍ഡ്രൈവുകളും ഉണ്ടായിട്ടും സര്‍ക്കാര്‍ കേസെടുക്കാത്തത് എന്തുകൊണ്ടാണ്? കേസെടുത്തില്ലെങ്കിലും അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. റിപ്പോര്‍ട്ട് പുറത്തു വിടരുതെന്ന് ജസ്റ്റിസ് ഹേമ കത്തിലൂടെ ആവശ്യപ്പെട്ടെന്ന് മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണ്. ജസ്റ്റിസ് ഹേമ നല്‍കിയ കത്ത് സര്‍ക്കാരിന്റെ കയ്യില്‍ മാത്രമെയുള്ളൂവെന്ന ധൈര്യത്തിലാണ് മുഖ്യമന്ത്രി കള്ളം പറഞ്ഞത്.
ലൈംഗിക ചൂഷണത്തിന് ഇരകളാകുന്നവരുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തരുതെന്ന സുപ്രീം കോടതി മാര്‍ഗനിര്‍ദ്ദേശം അനുസരിച്ച് മാത്രമെ റിപ്പോര്‍ട്ട് പുറത്ത് വിടാവൂ എന്നാണ് ജസ്റ്റിസ് ഹേമ ആവശ്യപ്പെട്ടത്. അതിനെയാണ് മുഖ്യമന്ത്രി ദുര്‍വ്യാഖ്യാനം ചെയ്ത് പച്ചക്കള്ളം പറഞ്ഞത്.
സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയോ കേസെടുക്കാതിരിക്കുകയോ ചെയ്താല്‍ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 199 അനുസരിച്ച് കുറ്റകൃത്യമാണ്. നാലര വര്‍ഷം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മൂടിവച്ച മുഖ്യമന്ത്രിയും സാംസ്‌കാരിക മന്ത്രിമാരും ഉദ്യോഗസ്ഥരും ഭാരതീയ ന്യായ സംഹിത പ്രകാരം കുറ്റകൃത്യം ചെയ്തിരിക്കുകയാണ്. കുറ്റകൃത്യം നടന്നെന്ന് വ്യക്തമായ സാഹചര്യത്തില്‍ കേസെടുക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്.
വിരവാകാശ കമ്മിഷന്റെയോ സര്‍ക്കാരിന്റെയോ ഉത്തരവില്‍ പറഞ്ഞിട്ടില്ലാത്ത റിപ്പോര്‍ട്ടിലെ 97 മുതല്‍ 107 വരെയുള്ള ഖണ്ഡികകള്‍ വെട്ടി മാറ്റിയത് എന്തിനെന്നും മുഖ്യമന്ത്രി മറുപടി പറയണം. ഇരകളുടെയല്ല വേട്ടക്കാരുടെ സ്വകാര്യത സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സുപ്രീം കോടതിയെയും ജസ്റ്റിസ് ഹേമ കമ്മിറ്റിയെയും മുന്നില്‍ നിര്‍ത്തി വേട്ടക്കാരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് നിയമപരമായി തെറ്റാണ്. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്ന നിയമപരമായ ബാധ്യത സര്‍ക്കാര്‍ നടപ്പാക്കാന്‍ തയാറാകുന്നില്ല.
റിപ്പോര്‍ട്ട് കിട്ടിയപ്പോള്‍ കോവിഡ് ആയിപ്പോയതു കൊണ്ടാണ് ഒന്നും ചെയ്യാന്‍ സാധിക്കാതിരുന്നതെന്നാണ് മുന്‍ സാംസ്‌കാരിക മന്ത്രി പറയുന്നത്. അപ്പോള്‍ കോവിഡ് കാലത്ത് എന്ത് കുറ്റകൃത്യങ്ങള്‍ നടന്നാലും സര്‍ക്കാര്‍ കേസെടുക്കില്ലേ? കോവിഡ് കാലത്താണ് വഴിയിലൂടെ പോയവനും പുല്ലുവെട്ടാന്‍ പോയവനും എതിരെ സര്‍ക്കാര്‍ കേസെടുത്തത്. എന്നിട്ടാണ് കോവിഡ് ആയതു കൊണ്ടാണ് നടപടി എടുക്കാന്‍ പറ്റാതിരുന്നതെന്ന് സാംസ്‌കാരിക മന്ത്രിയായ ബാലന്‍ പറയുന്നത്. റിപ്പോര്‍ട്ടിലെ ചില പ്രത്യേക ഭാഗങ്ങള്‍ വായിച്ചില്ലെന്നാണ് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പറഞ്ഞത്.
ഈ വിഷയത്തെ പ്രതിപക്ഷം രാഷ്ട്രീയമായല്ല സമീപിക്കുന്നത്. കോണ്‍ഗ്രസിന്റെ യു.ഡി.എഫിന്റെയും ഉറച്ച സ്ത്രീപക്ഷ നിലപാടിന്റെ ഭാഗമായാണ് ഞങ്ങള്‍ ഈ വിഷയത്തെ സമീപിക്കുന്നത്. എത്ര വലിയ കൊമ്പന്‍മാരാണ് അപ്പുറത്തെങ്കിലും ഞങ്ങള്‍ ഇരകളാക്കപ്പെട്ട സ്ത്രീകള്‍ക്കൊപ്പമാണ്. കേരളത്തിലെ രാഷ്ട്രീയ ചരിത്രത്തില്‍ ഒരു പ്രതിപക്ഷം സ്വീകരിച്ച കാര്‍ക്കശ്യമുള്ള സ്ത്രീപക്ഷ നിലപാടായിരുന്നു ഇതെന്ന് ചരിത്രം വിലയിരുത്തും.
ആരോപണ വിധേയരെയും ഇരകളെയും ഒന്നിച്ചിരുത്തിയാണ് സര്‍ക്കാര്‍ കോണ്‍ക്ലേവ് നടത്തുമെന്ന് പറയുന്നത്. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാതെയും ഇരകള്‍ക്ക് നീതി നല്‍കാതെയും കൊച്ചിയില്‍ കോണ്‍ക്ലേവ് നടത്താന്‍ അനുവദിക്കില്ല. ജനങ്ങളെ വിഡ്ഢികളാക്കരുത്. ഇരകളെ അപമാനിക്കരുത്. സിനിമയില്‍ എല്ലാവരും ഈ പണി ചെയ്യുന്നവരല്ല. നല്ല മനുഷ്യര്‍ ധാരാളമായുണ്ട്. അവര്‍ക്ക് വേണ്ടി കൂടിയാണ് പറയുന്നത്. സ്ത്രീകളോട് നീതിപൂര്‍വകമായി പെരുമാറിയവരെയും ഇപ്പോള്‍ ജനങ്ങള്‍ തെറ്റിദ്ധരിക്കുകയാണ്. ആ നിരപരാധികളെ കൂടി കുറ്റവാളികള്‍ക്ക് വേണ്ടി ശിക്ഷിക്കരുത്. നടപടി എടുക്കാതിരിക്കുമ്പോള്‍ അപമാനിക്കപ്പെടുന്നത് നിരപരാധികള്‍ കൂടിയാണ്.
സ്ത്രീപക്ഷ നിലപാടില്‍ സര്‍ക്കാരിന് ഒരു ആത്മാർഥതയുമില്ല. സര്‍ക്കാര്‍ ആരെയാണ് ഭയപ്പെടുന്നത്. ഞങ്ങള്‍ പറഞ്ഞ അതേ വാചകങ്ങളാണ് ഡബ്ല്യു.സി.സിയും ഹൈക്കോടതിയും പറഞ്ഞത്. പ്രതിപക്ഷത്തിന്റെ ന്യായമായ ചോദ്യങ്ങള്‍ക്കൊന്നും മുഖ്യമന്ത്രിക്ക് മറുപടിയില്ല. ഇഷ്ടമുള്ള ചോദ്യങ്ങള്‍ മാത്രം കേള്‍ക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ട. അപ്രിയങ്ങളായ ചോദ്യങ്ങളാണ് കേരളത്തിന്റെ പൊതുമനസാക്ഷി നിങ്ങളുടെ നേരെ കൈചൂണ്ടി ചോദിച്ചുകൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി ഓര്‍ക്കണം. ഇരകളായ സ്ത്രീകള്‍ക്ക് നീതി കിട്ടുന്നതു വരെ അവര്‍ക്കൊപ്പം പ്രതിപക്ഷവും ഉണ്ടാകുമെന്നും വി.ഡി. സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.