കോവിഡ് മരണം നിശ്ചയിക്കുന്നതിന്‍റെ മാനദണ്ഡം മാറ്റണമെന്ന് വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: കോവിഡ് വിവാദമാക്കാൻ പ്രതിപക്ഷം ശ്രമിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സർക്കാറിനെയോ ആരോഗ്യ പ്രവർത്തകരെയോ ഇകഴ്ത്തി കാണിക്കാൻ ശ്രമിച്ചിട്ടില്ല. കോവിഡ് വിഷയത്തിൽ പ്രതിപക്ഷം നിരുപാധിക പിന്തുണയാണ് നൽകിയിട്ടുള്ളത്. ഒരുമിച്ച് നിൽകേണ്ട സമയമാണ്. അല്ലെങ്കിൽ സംസ്ഥാനത്ത് അരാഷ്ട്രീയ സാഹചര്യമുണ്ടാകുമെന്നും സതീശൻ ചൂണ്ടിക്കാട്ടി.
മരണസംഖ്യ നിശ്ചയിക്കുന്നതിന്‍റെ മാനദണ്ഡം മാറ്റണം. ആരോഗ്യ പ്രവർത്തകരെ ഇകഴ്ത്തി കാണിക്കാൻ ശ്രമിച്ചെന്ന തെറ്റായ പരാമർശം ആരോഗ്യ മന്ത്രി പിൻവലിക്കമെന്ന് സതീശൻ ആവശ്യപ്പെട്ടു. കോവിഡ് രണ്ടാം തരംഗത്തിന്‍റെ പശ്ചാത്തലത്തിൽ വാക്സിൻ ക്ഷാമവും മരണനിരക്കിലെ അവ്യക്തതയും ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു പ്രഫഷനൽ ഡോക്ടർ എന്ന നിലയിലാണ് എം.കെ. മുനീർ കാര്യങ്ങൾ വിശദീകരിച്ചതെന്ന് മുസ് ലിം ലീഗ് നിയമസഭ കക്ഷി നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. പ്രതിപക്ഷത്തിന്‍റെ സഹകരണം വേണ്ടെന്ന നിലയിലാണ് ആരോഗ്യ മന്ത്രി സംസാരിക്കുന്നത്. മന്ത്രിക്ക് പ്രതിപക്ഷത്തിന്‍റെ സഹകരണം വേണ്ടെങ്കിലും ജനങ്ങൾക്ക് വേണ്ടി സർക്കാറിന് പ്രതിപക്ഷത്തിന്‍റെ സഹകരണം ഉണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
വാക്സിൻ ക്ഷാമവും മരണനിരക്കിലെ അവ്യക്തതയും ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ നിയമസഭയിൽ കൊണ്ടുവന്ന അടിയന്തര പ്രമേയം ഭരണ-പ്രതിപക്ഷ ബഹളത്തിൽ കലാശിച്ചിരുന്നു. കോവിഡ് പ്രതിരോധ പ്രവർത്തകരെ ഇകഴ്ത്തി കാണിക്കാൻ പ്രതിപക്ഷ ശ്രമമെന്ന ആരോഗ്യ മന്ത്രി വീണ ജോർജിന്‍റെ പരാമർശമാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്. മന്ത്രിയുടെ പരാമർശത്തിൽ പ്രതിപക്ഷം നടത്തിയ പ്രതിഷേധം ഭരണപക്ഷം ഏറ്റുപിടിച്ചതോടെയാണ് ബഹളത്തിൽ കലാശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.