Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളീയം കൊണ്ട് എന്ത്...

കേരളീയം കൊണ്ട് എന്ത് നേട്ടമുണ്ടായെന്ന് മുഖ്യമന്ത്രി പറയണം -വി.ഡി. സതീശൻ

text_fields
bookmark_border
കേരളീയം കൊണ്ട് എന്ത് നേട്ടമുണ്ടായെന്ന് മുഖ്യമന്ത്രി പറയണം -വി.ഡി. സതീശൻ
cancel

തിരുവനന്തപുരം: കേരളീയം കൊണ്ട് എന്ത് നേട്ടമുണ്ടായെന്ന് മുഖ്യമന്ത്രി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഭയാനകമായ സാമ്പത്തിക പ്രതിസന്ധിയിലും കോടികള്‍ ചെലവഴിച്ച് 'കേരളീയം' എന്ന പേരില്‍ സംഘടിപ്പിച്ച ധൂര്‍ത്തിലൂടെ എന്ത് നേട്ടമാണ് സംസ്ഥാനത്തിന് ഉണ്ടായതെന്ന് ജനങ്ങളോട് വ്യക്തമാക്കാന്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ബാധ്യതയുണ്ട്. കേരളീയത്തിന് ആരൊക്കെയാണ് സ്‌പോണ്‍സര്‍ഷിപ്പ് നല്‍കിയതെന്നതിന്റെ വിശദവിവരങ്ങൾ പുറത്ത് വിടണം. ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക് കേരളത്തെ തള്ളിവിട്ട സര്‍ക്കാരാണ് ഒരു കൂസലുമില്ലാതെ പൊതുപണം ധൂര്‍ത്തടിക്കുന്നത്.

പ്രത്യേക പരിഗണന നല്‍കി പൊതുസമൂഹത്തിനൊപ്പം ചേര്‍ത്ത് നിര്‍ത്തേണ്ട ആദിവാസി, ഗോത്ര വിഭാഗത്തില്‍പ്പെട്ടവരെ പ്രദര്‍ശന വസ്തുവാക്കിയത് സര്‍ക്കാരിന്റെ മനുഷ്യത്വമില്ലായ്മയാണ്. ഇത്തരമൊരു മനുഷ്യാവകാശ ലംഘനം നടത്തിയ ഫോക്ക്‌ലോര്‍ അക്കാദമിക്കെതിരെ കടുത്ത നടപടി വേണം. തലസ്ഥാനത്ത് നിങ്ങള്‍ പ്രദര്‍ശനത്തിന് വച്ച അവരും മനുഷ്യരാണെന്ന്, പൊതുപണം കൊള്ളയടിക്കുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഭരണനേതൃത്വം ഓര്‍ക്കണം.

കേരളീയം ധൂര്‍ത്ത് നടന്ന തിരുവനന്തപുരത്ത് നിന്നും അധികം അകലെയല്ലാത്ത ഭക്ഷ്യമന്ത്രിയുടെ മണ്ഡലത്തില്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ അവശ്യ സാധനങ്ങള്‍ പോലും ഇല്ലെന്നത് സര്‍ക്കാര്‍ അറിഞ്ഞോ എന്നും സതീശൻ ചോദിച്ചു. എല്ലാത്തരം സാമൂഹികക്ഷേമ പെന്‍ഷനുകളും മുടങ്ങിയിട്ട് മാസങ്ങളായി. ആറു മാസമല്ലേ മുടങ്ങിയുള്ളൂവെന്ന് ചോദിക്കുന്ന ധനമന്ത്രി, പെന്‍ഷന്‍ ഔദാര്യമെന്നാണോ കരുതുന്നത്?

എത്രകാലമായി കെ.എസ്.ആര്‍.ടി.സിയില്‍ പെന്‍ഷനും ശമ്പളവും മുടങ്ങിയിട്ട്? രോഗക്കിടക്കയിലും പാവങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കിയിരുന്ന കാരുണ്യ പദ്ധതിയുടെ അവസ്ഥ എന്താണ്? ജനകീയ ഹോട്ടലുകള്‍ക്കുള്ള പണം നല്‍കാതെ എത്ര കടുംബശ്രീ പ്രവര്‍ത്തകരെയാണ് നിങ്ങള്‍ കടക്കെണിയിലാക്കിയത്? ജീവനക്കാര്‍ക്കുള്ള ഡി.എ കുടിശിക നല്‍കിയോ?

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള മരുന്നും ചികിത്സയും ധനസഹായവും മുടങ്ങി. എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗം ചേര്‍ന്നിട്ട് എത്രനാളായി? കേരളീയത്തിലൂടെ കേരളത്തെ ഷോക്കേസ് ചെയ്യുന്നതിന്റെ തിരക്ക് കഴിഞ്ഞ സ്ഥിതിക്ക് ഇതിന് മറുപടി നല്‍കാന്‍ സെല്‍ ചുമതലയുള്ള മന്ത്രി തയാറാകുമെന്ന് കരുതുന്നു.

നികുതി പിരിച്ചെടുക്കാന്‍ മെനക്കെടാത്ത നികുതി വകുപ്പിലെ ഉന്നതര്‍ കേരളീയം ധൂര്‍ത്തിന്റെ പേരില്‍ ക്വാറി ഉടമകളില്‍ നിന്നുള്‍പ്പെടെ പണം പിരിച്ചതും വിവാദമായിട്ടുണ്ട്. ഇതിന് പിന്നില്‍ വന്‍അഴിമതി നടന്നിട്ടുണ്ട്. ഉദ്യോഗസ്ഥരും പാര്‍ട്ടി നേതാക്കളും അനധികൃത പണപ്പിരിവിന്റെ മറവില്‍ നടത്തിയ അഴിമതിയുടെ ഉത്തരവാദിത്തത്തില്‍ നിന്നും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഭരണനേതൃത്വത്തിന് ഒഴിഞ്ഞു മാറാനാകില്ല.

ഇല്ലാത്ത പണം കടമെടുത്ത്, കോടികള്‍ പൊടിച്ച് ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നത് നല്ല ഭരണത്തിന്റെ ഉദാഹരണമല്ല. പൗരപ്രമുഖര്‍ക്കൊപ്പം മുഖ്യമന്ത്രി കേരളീയം ആഘോഷിച്ചോളൂ. ഇനി സമയമുണ്ടെങ്കില്‍ ചുറ്റുമുള്ള നിസഹായരായ സാധാരണക്കാരുടെ കണ്ണീര് കൂടി കാണണമെന്നും സതീശൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Keraleeyam
News Summary - V.D Satheesan wants the Chief Minister to tell what has been achieved by Keraleeyam
Next Story