‘സ്വന്തം അഭിപ്രായം പാർട്ടിക്ക് പുറത്ത് നിന്ന് പറയാം’; അനിൽ ആന്‍റണിയുടെ രാജി സ്വാഗതം ചെയ്ത് വി.ഡി സതീശൻ
text_fieldsതിരുവനന്തപുരം: ബി.ബി.സി ഡോക്യുമെന്‍ററിയുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ അനിൽ ആന്‍റണി പാർട്ടി സ്ഥാനങ്ങൾ രാജിവെച്ചതിനെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കോൺഗ്രസിന്‍റെ നയം അധ്യക്ഷൻ വ്യക്തമാക്കിയിട്ടുണ്ട്. സ്വന്തം അഭിപ്രായം പാർട്ടിക്ക് പുറത്ത് നിന്ന് പറയാമെന്നും വി.ഡി സതീശൻ വ്യക്തമാക്കി.
ബി.ബി.സി ഡോക്യുമെന്‍ററിയുമായി ബന്ധപ്പെട്ട വിവാദത്തിൽ കോൺഗ്രസ് നിലപാട് തള്ളിയ മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്‍റണിയുടെ മകനും കെ.പി.സി.സി ഡിജിറ്റൽ മീഡിയ സെൽ കൺവീനറുമായ അനിൽ ആന്‍റണിയുടെ നടപടി കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഈ സാഹചര്യത്തിൽ വലിയ വിമർശനമാണ് ഉയർന്നത്. തുടർന്ന് പാർട്ടി പദവികൾ അനിൽ ആന്‍റണി രാജിവെക്കുകയായിരുന്നു.
ഡോക്യുമെന്ററി സംബന്ധിച്ച വിവാദ ട്വീറ്റിൽ ഉറച്ചുനിന്ന അനിൽ ആൻറണി, പാർട്ടി താൽപര്യത്തെക്കാൾ രാജ്യതാത്പര്യമാണ് വലുതെന്നാണ് പ്രതികരിച്ചത്. ബി.ബി.സിയെക്കാൾ രാജ്യത്തെ സ്ഥാപനങ്ങളെയാണ് വിശ്വാസമെന്നും അനിൽ വ്യക്തമാക്കി. അതേസമയം, ഗുജറാത്ത് കലാപത്തെക്കുറിച്ച് വ്യക്തമായ നിലപാട് പറയാൻ അദ്ദേഹം തയാറായില്ല.
ബി.ബി.സി ഡോക്യുമെന്ററി വിവാദത്തിൽ കേന്ദ്രസർക്കാർ നിലപാടിനെ പിന്തുണച്ച അനിൽ ആന്റണിയെ കോൺഗ്രസും യൂത്ത് കോൺഗ്രസും തള്ളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.