'അവർ രണ്ടുപേരും തന്ന പേരുകൾ വീതംവെക്കാനാണെങ്കിൽ ഞങ്ങളീ സ്ഥാനത്ത് ഇരിക്കേണ്ട ആവശ്യമില്ലല്ലോ'; രൂക്ഷ വിമർശനവുമായി സതീശൻ
text_fieldsതിരുവനന്തപുരം: മതിയായ ചർച്ചകൾ നടത്താതെയാണ് ഡി.സി.സി അധ്യക്ഷന്മാരുടെ പട്ടിക പ്രഖ്യാപിച്ചതെന്ന ഉമ്മൻചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും വിമർശനത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എല്ലാവരുമായും വിശദമായ ചർച്ച നടത്തിയിട്ടുണ്ട്. ഞങ്ങൾ മാറ്റമാണ് കൊണ്ടുവരുന്നത്. സാമ്പ്രദായിക രീതിയിൽ നിന്ന് മാറ്റം വരും. കോൺഗ്രസിൽ എല്ലാവരെയും തൃപ്തിപ്പെടുത്തി പട്ടിക തയാറാക്കാനാകുമോയെന്നും അദ്ദേഹം ചോദിച്ചു.
താനും കെ. സുധാകരനും ഏതെങ്കിലും മൂലയിൽ മാറിയിരുന്നല്ല പട്ടിക തയാറാക്കിയത്. താഴെത്തട്ടിൽ വരെ വിശദമായ ചർച്ച നടത്തി. കുറച്ചുകൂടി ചർച്ച നടന്നിരുന്നെങ്കിൽ കുറേക്കൂടി മെച്ചപ്പെട്ട പട്ടിക ആകുമായിരുന്നു എന്നാണ് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പറഞ്ഞത്. എന്നാൽ, ചർച്ച നടത്തിയിട്ടില്ല എന്ന് പറഞ്ഞത് തെറ്റാണ്.
ഇത്രയും വേഗത്തിൽ ഇത്രയും നന്നായി ഒരു പട്ടിക അവതരിപ്പിച്ച കാലമുണ്ടായിട്ടില്ല. വിമർശനമുന്നയിക്കുന്നവരുടെ കാലത്ത് ഒരു വർഷം ഒക്കെ ഇരുന്നാണ് പട്ടിക നൽകിയത്. അവർ രണ്ടുപേരും തന്ന പേര് അങ്ങനെ തന്നെ വീതംവെച്ച് ഏഴും ഏഴുമായി കൊടുക്കാനാണെങ്കിൽ ഞങ്ങളീ സ്ഥാനത്ത് ഇരിക്കേണ്ട ആവശ്യമില്ലല്ലോ. അവർ ചിലപ്പോൾ അങ്ങനെയാവും ആഗ്രഹിക്കുന്നത്. പണ്ട് അങ്ങനെയാവും നടക്കാറുള്ളത്.
ഇപ്പോഴത്തെ 14 പേരുകളും പ്രഖ്യാപിച്ചതിൽ തനിക്കും കെ.പി.സി.സി അധ്യക്ഷനും പൂർണ ഉത്തരവാദിത്തമുണ്ട്. ഒരു തരത്തിലുള്ള സമ്മർദത്തിനും വഴങ്ങില്ല എന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നു. വഴങ്ങിയിട്ടുമില്ല -വി.ഡി. സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.