കാപ്പ കേസ് പ്രതിയെ മാലയിട്ട് സ്വീകരിച്ചയാൾ ഞങ്ങളെ പഠിപ്പിക്കേണ്ട; വീണ ജോർജിനെതിരെ വിമർശനവുമായി വി.ഡി.സതീശൻ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ വർധിക്കുന്ന അതിക്രമത്തിൽ ഭരണ-പ്രതിപക്ഷ ബഹളത്തിലും വാഗ്വാദത്തിലും തിളച്ച് നിയമസഭ. ആലപ്പുഴ പൂച്ചാക്കലിൽ ദലിത് പെൺകുട്ടി നടുറോഡിൽ ആക്രമിക്കപ്പെട്ടതും കുസാറ്റിൽ പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ഇടതുസിൻഡിക്കേറ്റംഗത്തെ സർക്കാർ സംരക്ഷിക്കുന്നതും ഉൾപ്പെടെ വിഷയങ്ങളിൽ കെ.കെ. രമ നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതിനെ തുടർന്ന് സഭയിൽനിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. നോട്ടീസിന് മറുപടി പറഞ്ഞ മന്ത്രി വീണാ ജോർജും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തമ്മിൽ സഭയിൽ രൂക്ഷമായ വാക്പോരും നടന്നു. സതീശന്റെ പ്രസംഗത്തെ ഭരണപക്ഷം പലതവണ തടസ്സപ്പെടുത്താനും ശ്രമിച്ചു.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളിൽ മുഖം നോക്കാതെയുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. പൂച്ചാക്കൽ സംഭവത്തിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു. കുസാറ്റ് കേസിൽ പൊലീസ് കേസെടുത്തു. സർവകലാശാലയുടെ ആഭ്യന്തര പരാതി കമ്മിറ്റി അന്വേഷണം നടത്തിവരുന്നതായും മന്ത്രി പറഞ്ഞു. സ്ത്രീകൾക്കെതിരെ അതിക്രമം നടത്തുന്നവരെ പദവി നൽകി ആദരിക്കുകയാണ് കോൺഗ്രസെന്ന് മന്ത്രി ആരോപിച്ചു. കെ.കെ. ശൈലജക്കെതിരെ മോശം പരാമർശം നടത്തിയത് ആർ.എം.പി നേതാവായിരുന്നല്ലോ. മാപ്പ് പറഞ്ഞതുകൊണ്ട് കാര്യമില്ല; മനോഭാവത്തിൽ മാറ്റം വേണം. ശൈലജക്കെതിരെ മോശം ഫേസ്ബുക്ക് പോസ്റ്റിട്ട യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിക്കെതിരെ എന്തു നടപടി സ്വീകരിച്ചു. നിലമ്പൂരിലെ രാധയെ കോൺഗ്രസ് മറന്നോ എന്നും വീണ ചോദിച്ചു.
പൂച്ചാക്കലിൽ ദലിത് പെൺകുട്ടി പരാതി നല്കി 48 മണിക്കൂര്‍ കഴിഞ്ഞിട്ടും അന്വേഷിക്കാന്‍ തയാറാകാതിരുന്ന പൊലീസ് സ്റ്റേഷൻ അടച്ചുപൂട്ടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തിരിച്ചടിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ പീഡിപ്പിക്കപ്പെട്ട സ്ത്രീക്ക് അനുകൂലമായി മൊഴിനൽകിയ ജീവനക്കാരിയെ ഇടുക്കിയിലേക്ക് സ്ഥലംമാറ്റിയ ആളാണ് മന്ത്രി വീണാ ജോർജെന്നും അതൊരു നിലപാടാണെന്നും സതീശൻ പരിഹസിച്ചു.
ഹൈകോടതി ഉത്തരവുമായി വന്ന ജീവനക്കാരിയെ ഏഴു ദിവസം മെഡിക്കൽ കോളജിന് മുന്നിൽ ഇരുത്തിയ മന്ത്രിയാണിത്. കുസാറ്റിൽ പെൺകുട്ടിയെ ദേഹോപദ്രവം ഏൽപ്പിച്ച ടി.ജെ. ബേബിക്ക് എസ്.എഫ്.ഐക്കാര്‍ അടി കൊടുത്തു. എന്നിട്ടും പാര്‍ട്ടിക്കാരനായ ബേബിക്കെതിരെ പൊലീസ് കേസെടുത്തില്ല. വ്യാജ പരാതി നല്കിയ പെണ്‍കുട്ടിക്കും ബേബിയെ ആക്രമിച്ച ഗുണ്ടകള്‍ക്കുമെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് സി.പി.എമ്മിന്റെ അധ്യാപക സംഘടന പൊലീസിൽ നല്കിയ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നും സതീശൻ ചൂണ്ടിക്കാട്ടി. ഇരക്കൊപ്പം നിൽക്കുന്നുവെന്ന് പറയുകയും വേട്ടക്കാരനൊപ്പം കുതിക്കുകയുമാണ് സർക്കാറെന്ന് കെ.കെ. രമ പറഞ്ഞു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമം സർക്കാർ ലാഘവത്തോട് കൂടിയാണ് കാണുന്നതെന്നതിന്റെ തെളിവാണ് മുഖ്യമന്ത്രി മറുപടി പറയാൻ ഹാജരാകാത്തത്. പൂച്ചാക്കലിലെ മുഖ്യപ്രതി ഷൈജു ഉൾപ്പെടെയുള്ളവർ സി.പി.എമ്മുകാരായതുകൊണ്ടാണ് പിടികൂടാത്തതെന്നും രമ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.