പരമ്പരാഗത പ്രതിപക്ഷരീതി പൊതുജനം ആഗ്രഹിക്കുന്നില്ല –വി.ഡി. സതീശൻ
text_fieldsകൊച്ചി: പരമ്പരാഗത, സാമ്പ്രദായിക രീതിയിെല പ്രതിപക്ഷത്തെ പൊതുജനം ആഗ്രഹിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എല്ലാ കാര്യത്തിലും സർക്കാറിനെ വിമർശിച്ചും എതിരഭിപ്രായം പറഞ്ഞുമുള്ള രീതിയിൽ ഇനി പോയിട്ട് കാര്യമില്ല. നാടിന് ദുരന്തം വരുേമ്പാൾ ഒന്നിച്ചുനിൽക്കുന്ന രാഷ്ട്രീയപ്രവർത്തകരെയാണ് ജനത്തിന് ഇഷ്ടം. പ്രതിസന്ധി വരുേമ്പാൾ രാഷ്ട്രീയക്കാർ തമ്മിലടിക്കുന്നില്ലെന്ന പ്രതീതി ജനങ്ങളിലുണ്ടാക്കുകയാണ് വേണ്ടത്. ഇത്തരം സാഹചര്യങ്ങളിൽ രാഷ്ട്രീയം മാറ്റിവെക്കണം. രാഷ്ട്രീയം പറയാൻ പിന്നീട് സമയം വരും. അപ്പോൾ പറയാമെന്ന് തീരുമാനിക്കണമെന്നും അദ്ദേഹം 'മാധ്യമ'ത്തോട് പറഞ്ഞു.
പ്രതിപക്ഷം ജനങ്ങൾക്കും അവരുടെ ആഗ്രഹങ്ങൾക്കുമൊപ്പമായിരിക്കും. നല്ലത് ചെയ്താൽ സർക്കാറിനൊപ്പം നിൽക്കും. ഭരണകക്ഷിക്കെതിരെ വീണുകിട്ടുന്നതെല്ലാം ആയുധമാക്കേണ്ട ആവശ്യമില്ല. അതിനാൽ, അത്തരം നയം സ്വീകരിക്കില്ല. കാലം മാറിയതിനാൽ ഇത്തരം കാര്യങ്ങളിലെ പരമ്പരാഗത നിലപാടുകളും മാറ്റും. ഇതുപോലൊരു പ്രതിപക്ഷത്തെ മുമ്പ് കണ്ടിട്ടില്ലെന്ന നല്ല വാക്ക് പറയിപ്പിക്കണമെന്നാണ് ആഗ്രഹം. അതിനുള്ള പ്രവർത്തനങ്ങളാകും നടത്തുക. അനാവശ്യ സമുദായപ്രീണനത്തിൽ ഇടതുമുന്നണിയും വ്യത്യസ്തമല്ലെങ്കിലും ചീത്തപ്പേര് കൂടുതൽ യു.ഡി.എഫിനാണെന്ന് സതീശൻ പറഞ്ഞു.
സമുദായങ്ങളും നേതാക്കളുമായി നല്ല ബന്ധം വേണമെങ്കിലും അവരുടെ തിണ്ണ നിരങ്ങലല്ല രാഷ്ട്രീയം. അവർ ഇരിക്കാൻ പറയുേമ്പാൾ ഇരിക്കാം, പേക്ഷ കിടക്കേണ്ടതില്ല. സമുദായസംഘടനകളുമായി എപ്പോഴും നിശ്ചിത അകലം പാലിക്കണം. അതേസമയം, ഏതുസമുദായം അനീതി നേരിട്ടാലും ആദ്യം ഓടി എത്തി അവർക്കൊപ്പം നിൽക്കാൻ കഴിയണം. അവരുടെ ന്യായമായ പ്രശ്നങ്ങൾക്കൊപ്പം നിൽക്കാൻ ജാതിയും മതവും നോക്കേണ്ടതില്ല.
കോൺഗ്രസിെൻറ കാര്യങ്ങൾ തീരുമാനിക്കേണ്ടത് പാർട്ടിയാവണമെന്ന അവസ്ഥയിലേക്ക് കൊണ്ടുവരുകയെന്നതാണ് ആദ്യദൗത്യം. അക്കാര്യങ്ങൾ ഒരിക്കലും സമുദായനേതാക്കൾക്ക് വിട്ടുകൊടുക്കില്ല. വെള്ളം ചേർക്കാത്ത കാർക്കശ്യം നിറഞ്ഞ മതേതര നിലപാടാണ് ഉണ്ടാവുക. ഒരുപ്രീണനവും ഉണ്ടാവില്ല. കോൺഗ്രസ് പ്രവർത്തകരുടെ ആത്മവിശ്വാസം വീണ്ടെടുത്ത് ഊർജിത പ്രവർത്തനത്തിലേക്ക് തിരിച്ചെത്തിക്കുകയെന്നതാണ് ദുഷ്കരമായ ദൗത്യമെന്നും സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.