Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊല്ലത്തെയും...

കൊല്ലത്തെയും തിരുവനന്തപുരത്തെയും തീപിടിത്തം; ദുരൂഹതയുണ്ടെന്ന് വി.ഡി. സതീശൻ

text_fields
bookmark_border
vd satheesan
cancel

തിരുവനന്തപുരം: കോവിഡ് കാലത്തെ മരുന്ന് പര്‍ച്ചേസ് അഴിമതിയില്‍ ലോകായുക്ത അന്വേഷണം നടത്തുന്നതിനിടെ കൊല്ലത്തിന് പിന്നാലെ തിരുവനന്തപുരത്തെ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ഗോഡൗണിലുമുണ്ടായ തീപിടിത്തം ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ലക്ഷക്കണക്കിന് രൂപയുടെ മരുന്നുകളാണ് കത്തി നശിച്ചത്. കോവിഡ് കാലത്ത് വാങ്ങിയ മരുന്നുകളും മെഡിക്കല്‍ സാമഗ്രികളും ഉള്‍പ്പെടെയുള്ളവ കത്തി നശിച്ചിട്ടുണ്ടെന്നാണ് പ്രഥമിക വിവരം. 2014ല്‍ കാലാവധി കഴിഞ്ഞ മരുന്നുകളും ഉള്‍പ്പെട്ടിട്ടുണ്ട്. കൊല്ലത്തുണ്ടായതു പോലെ ബ്ലീച്ചിങ് പൗഡറില്‍ നിന്നും തീപടര്‍ന്നെന്ന് പറയുന്നത് അവിശ്വസനീയമാണ്. മെഡിക്കല്‍ സാമഗ്രികള്‍ സൂക്ഷിക്കേണ്ട ഗോഡൗണുകളില്‍ സ്വീകരിക്കേണ്ട യാതൊരു സുരക്ഷാ നടപടികളും ഏര്‍പ്പെടുത്തിയില്ലെന്നത് ഗുരുതര കൃത്യവിലോപമാണ്. കോവിഡ് മറവില്‍ 1032 കോടി രൂപയുടെ അഴിമതി നടത്തിയതിന് അന്നത്തെ ആരോഗ്യമന്ത്രിയും ഉദ്യോഗസ്ഥരും പ്രതികളായി നില്‍ക്കുന്ന കേസുമായി ബന്ധപ്പെട്ട തെളിവുകളാണ് നശിപ്പിക്കപ്പെട്ടത്. തുടര്‍ച്ചയായ തീപിടിത്തത്തിന് പിന്നില്‍ എന്താണെന്നത് ഗൗരവത്തോടെ അന്വേഷിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.

രണ്ട് വര്‍ഷത്തിനിടെ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനില്‍ 9 പേരാണ് എം.ഡിമാരായി വന്നത്. ഇതൊന്നും കേട്ടുകേള്‍വിയില്ലാത്തതാണ്. കമീഷന്‍ ലക്ഷ്യമിട്ട് ആവശ്യമുള്ളതിനേക്കാള്‍ മരുന്ന് വാങ്ങി സംഭരിക്കുകയെന്ന ജോലിയാണ് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ നടക്കുന്നത്. അഴിമതിക്ക് വേണ്ടി അവിടെ ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. കോവിഡ് കാലത്ത് നടന്ന അഴിമതിയില്‍ ഉന്നതര്‍ക്ക് പങ്കുണ്ട്. അഴിമതിയുടെ കേന്ദ്രമാക്കി മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനെ മാറ്റിയിരിക്കുകയാണ്. അതുകൊണ്ടാണ് എം.ഡിമാര്‍ മാറിപ്പോകുന്നത്. ഉന്നതരായവര്‍ കുടുങ്ങുമെന്നതിനാലാണ് മുന്‍ എം.ഡിക്കെതിരായ വിജിലന്‍സ് അന്വേഷണം പാതിവഴിയില്‍ നിര്‍ത്തിയത്. ഒരു തീപിടിത്തം മാത്രമായി കേസ് രജിസ്റ്റര്‍ ചെയ്താല്‍ പോര. തീപിടിത്തത്തെ കുറിച്ച് മാത്രമല്ല, അവിടെ നടക്കുന്ന എല്ലാ അഴിമതികളെ കുറിച്ചും അന്വേഷിക്കണം.

തീപിടിത്തം സര്‍ക്കാര്‍ ഒരു സ്ഥിരം കലാപരിപാടിയാക്കി മാറ്റിയിരിക്കുകയാണ്. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്ന കേസ് വന്നപ്പോള്‍ സെക്രട്ടേറിയറ്റില്‍ തീപിടിത്തമുണ്ടായി. അഴിമതി ക്യാമറയുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതിനിടെ വ്യവസായ മന്ത്രിയുടെ ഓഫീസിലും തീപിടിത്തമുണ്ടായി. ഏന്തെങ്കിലും ആരോപണങ്ങള്‍ ഉയരുമ്പോള്‍ അതുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ തീപിടിത്തം ഉണ്ടാകുന്നതും കാമറകള്‍ ഇടിവെട്ടി നശിക്കുന്നതുമൊക്കെ സ്ഥിരം സംഭവങ്ങളായി മാറുകയാണ്.

താനൂര്‍ ബോട്ട് ദുരന്തം അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമീഷനെ നിയോഗിച്ചെങ്കിലും പൊലീസ് അന്വേഷണം എവിടെ വരെ എത്തിയെന്നതില്‍ വ്യക്തതയില്ല. അന്വേഷണം കുറ്റക്കാരായ ഉദ്യോഗസ്ഥരുടെ അടുത്തേക്ക് പോലും പോകുന്നില്ല. ഉദ്യോഗസ്ഥര്‍ പ്രതികളായാല്‍ സമ്മര്‍ദം ചെലുത്തിയ ഉന്നതരുടെ പേരുകള്‍ പുറത്തു വരും. ബോട്ടപകടത്തിന് പിന്നിലുള്ള ഉന്നതരെ രക്ഷിക്കുന്നതിന് വേണ്ടി മാത്രമാണ് പൊലീസ് അന്വേഷണം നടത്തുന്നത്. മന്ത്രി ഉള്‍പ്പെടെയുള്ളവരെ സംരക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ലൈഫ് മിഷന്‍ സംബന്ധിച്ച് ഫയല്‍ എടുത്തുകൊണ്ട് പോയതല്ലാതെ വിജിലന്‍സ് ആരംഭിച്ച അന്വേഷണം എങ്ങുമെത്തിയില്ല. എല്ലാ അന്വേഷണങ്ങളും സ്വാധീനിക്കപ്പെടുകയാണ്. പ്രതികളൊന്നും പുറത്ത് വരുന്നില്ല.

രണ്ട് വര്‍ഷമായി ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തില്‍ പ്രശ്‌നങ്ങളുണ്ട്. ഇക്കാര്യം നിയമസഭയിലും പുറത്തും പ്രതിപക്ഷം ചൂണ്ടിക്കാട്ടിയതാണ്. ഈ വര്‍ഷം പരിഹാരം ഉണ്ടാക്കുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞതെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ല. കാര്‍ത്തികേയന്‍ നായര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടാനോ അതിലെ ശിപാര്‍ശകള്‍ സ്വീകരിച്ചോയെന്ന് വ്യക്തമാക്കാനോ സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. കഴിഞ്ഞ രണ്ട് വര്‍ഷത്തെ അതേ സ്ഥിതിയാണ് പല ജില്ലകളിലും നിലനില്‍ക്കുന്നത്. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടിയവര്‍ക്കു പോലും പ്രവേശനം കിട്ടാത്ത സാഹചര്യമുണ്ട്. കുട്ടികളുടെ തുടര്‍വിദ്യാഭ്യാസം ഉറപ്പാക്കാനുള്ള ചുമതലയുണ്ടെന്നത് സര്‍ക്കാര്‍ മറക്കരുത്.

പിന്‍വാതില്‍, ബന്ധു നിയമനങ്ങള്‍ സംബന്ധിച്ച പ്രതിപക്ഷ ആരോപണം ശരിവക്കുന്ന തെളിവാണ് എസ്.സി പ്രമോട്ടര്‍ നിയമനവുമായി ബന്ധപ്പെട്ട് പുറത്ത് വന്നിരിക്കുന്നത്. പാര്‍ട്ടിക്കാരല്ലാത്ത ഒരാളെയും നിയമിക്കാന്‍ പാടില്ലെന്നാണ് ശബ്ദരേഖയില്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ നിലവിലെ നിയമനം നിര്‍ത്തിവക്കണം. പാര്‍ട്ടി പ്രവര്‍ത്തകര്‍ അല്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ജോലി കിട്ടില്ലെന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. എല്ലായിടത്തും പാര്‍ട്ടി ബന്ധുക്കളെ തിരുകിക്കയറ്റുകയാണ്.

കേരള ബ്ലാസ്റ്റേഴ്‌സ് സെലക്ഷന്‍ ട്രയല്‍സിനായി സ്‌പോര്‍ട് കൗണ്‍സിലന്റെ പനമ്പിള്ളി നഗര്‍ ഗ്രൗണ്ടില്‍ അതിരാവിലെയെത്തിയ കുട്ടികളെ മൂന്നര മണിക്കൂറോളം പുറത്ത് നിര്‍ത്തിയ നടപടി ജനപ്രതിനിധിയുടെ ഭാഗത്ത് നിന്ന് ഒരുക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. കുഞ്ഞുങ്ങള്‍ ഗേറ്റിന് പുറത്ത് നിന്ന് അകത്തേക്ക് നോക്കി നില്‍ക്കുന്ന കാഴ്ച എല്ലാവരെയും വിഷമിപ്പിക്കുന്നതാണ്. നിസാരമായ വാശിയുടെയും വൈരാഗ്യത്തിന്റെയും പേരില്‍ ആരും ഇത്രയും ക്രൂരമായ നടപടികളിലേക്ക് പോകരുത്. മുതിര്‍ന്ന ആളുകള്‍ തമ്മില്‍ ചര്‍ച്ച ചെയ്തു തീര്‍ക്കേണ്ട പ്രശ്‌നത്തില്‍ കുട്ടികളെ പുറത്ത് നിര്‍ത്തിയത് ഒരിക്കലും ന്യായീകരിക്കാനാകില്ല. ദൗര്‍ഭാഗ്യകരമായ സംഭവം ഉണ്ടായിട്ടും ന്യായീകരിക്കുന്നത് കഷ്ടമാണെന്നും വി.ഡി സതീശൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kinfra fire
News Summary - VD Satheeshan press conference
Next Story