മുഖ്യമന്ത്രി വരുമ്പോൾ ആയിരം പേരെ ഇറക്കുന്ന പൊലീസ് ആലുവയിലെ കുട്ടിക്ക് വേണ്ടി എന്ത് ചെയ്തു? -വി.ഡി സതീശൻ
text_fieldsതിരുവനന്തപുരം: ആലുവയിൽ അഞ്ചുവയസുകാരി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ സർക്കാറിനേയും പൊലീസിനേയും രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രി വരുമ്പോൾ ആയിരം പേരെയിറക്കുന്ന പൊലീസ് ആലുവയിലെ കുട്ടിക്ക് വേണ്ടിയെന്ത് ചെയ്തുവെന്ന് അദ്ദേഹം ചോദിച്ചു. കുട്ടികൾക്കും സ്ത്രീകൾക്കുമെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ പൊലീസ് ജാഗ്രത പാലിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ജിഷ കൊലപാതകത്തിൽ സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തി തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയ സർക്കാരാണ് നാട് ഭരിക്കുന്നത്. ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകം പോലെ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചു വരികയാണെന്നും ഇതിൽ നടപടിയെടുക്കാൻ പൊലീസിന് സമയമില്ലെന്നും സതീശൻ കുറ്റപ്പെടുത്തി.
അവർക്ക് മൈക്കിനെതിരെ കേസെടുക്കാനാണ് നേരം. പൊലീസിന്റെ നിയന്ത്രണം മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു സംഘം ഹൈജാക്ക് ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. ആലുവയിലെ സംഭവമെങ്കിലും സർക്കാരിന്റെ കണ്ണ് തുറപ്പിക്കണം. അമിതമായ ലഹരി ഉപയോഗത്തിനും മദ്യത്തിനുമൊക്കെ സർക്കാർ തന്നെയാണ് കുട പിടിച്ചു കൊടുക്കുന്നത്. അപകടകരമായ ഒരു അവസ്ഥയിലേക്കെത്തിച്ചേർന്നിരിക്കുകയാണ് സംസ്ഥാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.