'മന്ത്രിമാരെ പിന്‍വലിക്കാനുള്ള അധികാരം ഗവര്‍ണര്‍ക്കില്ല; ഇപ്പോഴത്തെ തര്‍ക്കം വെറും തമാശ'
text_fieldsതിരുവനന്തപുരം: മന്ത്രിമാരെ പിന്‍വലിക്കാനുള്ള അധികാരമൊന്നും ഗവര്‍ണര്‍ക്കില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ഗവര്‍ണറും സര്‍ക്കാറും തമ്മിലെ തര്‍ക്കം വെറും തമാശയാണ്. ഗവര്‍ണര്‍ ഭരണഘടനക്ക് അതീതശക്തിയല്ല. ഗവര്‍ണര്‍ക്ക് ഇഷ്ടമില്ലെന്ന് കരുതി അദ്ദേഹത്തിന്റെ പ്ലഷര്‍ ഉപയോഗിച്ച് മന്ത്രിമാരെയൊന്നും പിന്‍വലിക്കാനാകില്ല. ഗവര്‍ണര്‍ നടക്കാത്ത കാര്യങ്ങൾ പറയുകയല്ല, ഭരണഘടനാപരമായ അധികാരം ഉപയോഗിച്ച് ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുകയാണ് വേണ്ടത്.
കൃത്യമായ ഇടപെടലുകള്‍ക്കാണ് ഗവര്‍ണര്‍ അധികാരം ഉപയോഗിക്കേണ്ടത്. കണ്ണൂര്‍ വി.സി നിയമനം അനധികൃതമാണെന്ന് ഗവര്‍ണര്‍ തന്നെ സമ്മതിച്ചിട്ടും ഇതുവരെ രാജിെവക്കാന്‍ ആവശ്യപ്പെടുകയോ പുറത്താക്കുകയോ ചെയ്തിട്ടില്ല. സര്‍വകലാശാലകള്‍ സര്‍ക്കാർ വകുപ്പുകൾ പോലെ പ്രവര്‍ത്തിക്കുന്നതും കേരള സര്‍വകലാശാല വി.സി നിയമനത്തില്‍ സെര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നല്‍കാത്തതും സര്‍ക്കാർ വീഴ്ചയാണ്.
സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍ ഉള്‍പ്പെടെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സി തയാറാകുന്നില്ല. കേന്ദ്ര ബി.ജെ.പി നേതൃത്വവും സംസ്ഥാന സി.പി.എം നേതൃത്വവും തമ്മില്‍ ധാരണയില്‍ എത്തിയിട്ടുണ്ടെന്ന് എല്ലാവര്ക്കും അറിയാം. അതിനിടയില്‍ ഗവര്‍ണറുമായി യുദ്ധം ചെയ്യാനൊന്നും സംസ്ഥാന സര്‍ക്കാര്‍ പോകില്ല. സംഘ്പരിവാറുമായി സന്ധിയുണ്ടാക്കിയ സി.പി.എം നേതാക്കളാണ് ഗവര്‍ണറെ കുറ്റം പറയുന്നത്.
ഒരു ഭരണഘടനാ പ്രശ്നവും ഇവരുടെ തര്‍ക്കത്തിലില്ല. നിയമവിരുദ്ധമായി നിയമിച്ച കണ്ണൂർ വി.സി തുടരുന്നത് ഗവര്‍ണര്‍ കാണുന്നില്ല. പിന്നെ സര്‍വകലാശാലകളില്‍ എന്ത് ഇടപെടലാണ് ഗവര്‍ണര്‍ നടത്തുന്നത്. സെര്‍ച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് നോമിനിയെ നല്‍കാത്ത കേരള വി.സിക്കെതിരെ എന്ത് നടപടിയാണ് എടുത്തത്? വിഷയങ്ങളില്‍നിന്ന് മാറിപ്പോകാൻ വെറുതെ ഉണ്ടാക്കുന്ന വിവാദമാണിതെന്നും അദ്ദേഹം വാർത്താലേഖകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.