മൂന്ന് വര്‍ഷം കൊണ്ട് തുടങ്ങിയ മൂന്ന് ലക്ഷം സംരഭങ്ങളുടെ പട്ടിക പുറത്ത് വിടണമെന്ന് വി.ഡി. സതീശൻ; ‘ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമിറ്റില്‍ പ്രതിപക്ഷം പങ്കെടുക്കും’
text_fieldsതിരുവനന്തപുരം: കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കണമെന്നതു തന്നെയാണ് നിലപാടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇക്കാര്യത്തില്‍ സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കും. ഫെബ്രുവരി 21-ന് കൊച്ചിയില്‍ തുടങ്ങുന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമിറ്റില്‍ പ്രതിപക്ഷം പങ്കെടുക്കുമെന്നും സതീശൻ പറഞ്ഞു.
എന്നാല്‍, സംരംഭങ്ങളുടെ എണ്ണം പെരുപ്പിച്ച് കാട്ടുന്നതിനെയും യാഥാര്‍ഥ്യ ബോധമില്ലാത്ത കണക്കുകള്‍ ആവര്‍ത്തിക്കുന്നതിനെയുമാണ് പ്രതിപക്ഷം ചോദ്യം ചെയ്യുന്നത്. മൂന്ന് വര്‍ഷം കൊണ്ട് തുടങ്ങിയ മൂന്ന് ലക്ഷം സംരഭങ്ങള്‍ ഏതൊക്കെയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഇതിന്റെ പൂര്‍ണപട്ടിക പുറത്തു വിടണം.
ഉത്തരം മുട്ടിയപ്പോള്‍ പ്രതിപക്ഷം വികസന വിരോധികളെന്ന നറേറ്റീവ് ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ് മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. കേരളത്തിന്റെ വികസനത്തെ പതിറ്റാണ്ടുകള്‍ പിന്നോട്ടിച്ചത് സി.പി.എമ്മിന്റെ തന്‍ പോരിമയും നേതാക്കളുടെ ഈഗോയും തലതിരിഞ്ഞ രാഷ്ട്രീയ നിലപാടുകളുമാണെന്നതിനുള്ള തെളിവുകള്‍ ഇപ്പോഴും കേരള സമൂഹത്തിന് മുന്നിലുണ്ട്.
മൂന്നു വര്‍ഷം കൊണ്ട് മൂന്നു ലക്ഷം സംരംഭങ്ങള്‍ തുടങ്ങിയെന്ന് പറയുന്ന സര്‍ക്കാരും വ്യവസായ വകുപ്പും പഞ്ചായത്ത് തലത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ കോ-ഓര്‍ഡിനേറ്റര്‍മാരാക്കി സംരംഭങ്ങളുടെ പട്ടിക ശേഖരിച്ച് സര്‍ക്കാരിന്റെ കണക്കില്‍പ്പെടുത്തുകയല്ലേ യഥാര്‍ത്ഥത്തില്‍ ചെയ്തത്? പിണറായി വിജയന്‍ മുഖ്യമന്ത്രിയും പി. രാജീവ് വ്യവസായ മന്ത്രിയും ആയതിനു ശേഷമാണോ കേരളത്തില്‍ പച്ചക്കറി കടയും പലചരക്ക് കടയും ബേക്കറിയും ബാര്‍ബര്‍ ഷോപ്പും ഐസ്‌ക്രീം പാര്‍ലറും ജിമ്മുമൊക്കെ തുടങ്ങിയത്? പാവപ്പെട്ടവര്‍ ലോണെടുത്തും അല്ലാതെയുമൊക്കെ തുടങ്ങിയ സംരംഭങ്ങളെല്ലാം സര്‍ക്കാരിന്റെ കണക്കില്‍ ചേര്‍ക്കുന്നതും അതിന്റെ പേരില്‍ മേനി നടിക്കുന്നതും അപഹാസ്യമല്ലേ? വ്യവസായ മന്ത്രി സ്വയം പരിഹാസപാത്രമായിമാറരുത്. കോവിഡ് കാലത്ത് കബളിപ്പിച്ചതു പോലെ വ്യവസായ സംരംഭങ്ങളുടെ പേരിലും മലയാളികളെ കബളിപ്പിക്കാമെന്നും സര്‍ക്കാര്‍ കരുതരുതെന്നും സതീശൻ കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.