വൈദേകം ആയുർവേദ റിസോർട്ട്: ആരോപണങ്ങൾക്ക് കയ്യും കണക്കുമില്ല, തുടക്കം മുതൽ വിവാദം, ഉടുപ്പക്കുന്ന് നിരപ്പാക്കി നിര്‍മാണം
text_fieldsആന്തൂര്‍ നഗരസഭയിലെ ബക്കളത്തിനടുത്താണ് വൈദേകം ആയുർവേദ ഹീലിങ് വില്ലേജ്. നേരത്തെ തന്നെ വിവിധ ആരോപണങ്ങൾ വൈദേകത്തിനെതിരെ ഉയർന്നുവന്നിരുന്നു. എന്നാൽ, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനെതിരെ വേദേകവുമായി ബന്ധപ്പെടുത്തി ആരോപണം ഉന്നയിച്ചതിനെ തുടർന്ന്, പുറത്തുവരുന്ന ആരോപണങ്ങൾക്ക് കയ്യും കണക്കുമില്ല. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ഭാര്യ പി.കെ ശ്യാമള നഗരസഭ അധ്യക്ഷയായിരുന്ന സമയത്താണിതിന് അനുമതി നൽകിയത്. 11 ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന ആയുര്‍വേദ റിസോര്‍ട്ടാണിത്. കണ്ണൂര്‍ ആയുര്‍വേദിക് മെഡിക്കല്‍ കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് നടത്തിപ്പുകാര്‍.
വെള്ളിക്കീല്‍ പുഴയുടെ അരികിലുള്ള ഉടുപ്പക്കുന്ന് നിരപ്പാക്കിയാണ് നിര്‍മാണം നടത്തിയത്. ഇതിനെതിരേ അന്നുതന്നെ പാര്‍ട്ടിക്കകത്തും പുറത്തും ആക്ഷേപമുയർന്നു. പദ്ധതിക്കെതിരേ ശാസ്ത്രസാഹിത്യ പരിഷത്ത് പാര്‍ട്ടി നേതൃത്വത്തിനു പരാതി നല്‍കുന്നതുവരെയെത്തി കാര്യങ്ങൾ. 2014 ഡിസംബര്‍ ഒന്‍പതിനാണ് കണ്ണൂര്‍ ആയുര്‍വേദിക് മെഡിക്കല്‍ കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി നിലവില്‍വന്നത്. മൂന്നുകോടി മൂലധനത്തില്‍.
നിലവില്‍ 10 കോടിയാണ് ഷെയര്‍ കാപ്പിറ്റല്‍. പെയ്ഡ് അപ്പ് കാപ്പിറ്റല്‍ 6.65 കോടി. 13 ഡയറക്ടര്‍മാരാണ് കമ്പനിക്കുള്ളത്. ഏറ്റവുമധികം ഓഹരിയുള്ളത് ഡയറക്ടര്‍ ഇ.പി. ജയരാജെ ൻറ മകന്‍ പി.കെ. ജയ്സണാണെന്നാണ് ആക്ഷേപം. മറ്റു ഡയറക്ടര്‍മാര്‍- സി.കെ. ഷാജി, ഫിഡ രമേഷ്, കെ.പി. രമേഷ്‌കുമാര്‍, നജീബ് കാദിരി, പി. മുഹമ്മദ് അഷ്‌റഫ്, പട്ടത്ത് രാജേഷ്, സുഭാഷിണി, സുധാകരന്‍ മാവേലി, സുജാതന്‍ സരസ്വതി, പി.കെ. ഇന്ദിര, ചൈതന്യാ ഗണേഷ് കുമാര്‍ എന്നിവരാണ്.
പി.കെ. ജയ്‌സണും കെ.പി. രമേഷ് കുമാറും എട്ടുവര്‍ഷമായി ഡയറക്ടര്‍മാരാണ്. ജയരാജെൻറ ഭാര്യ പി.കെ. ഇന്ദിര, ഗണേഷ് കുമാര്‍ എന്നിവര്‍ 2021 ഒക്ടോബര്‍ 30 നാണ് ഡയറക്ടര്‍ബോര്‍ഡിലെത്തിയത്. വിവാദമായ സാഹചര്യത്തിൽ ആന്തൂർ നഗരസഭയുടെ ഇടപെടൽ, കുന്ന് നിരത്തുന്നതിൽ ശാസ്ത്ര സാഹിത്യ പരിഷത് നൽകിയ പരാതിയുൾപ്പെടെ സി.പി.എമ്മിന് പരിശോധിക്കേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.