സമസ്ത നേതാവിന്‍റെ പരാമർശം പരിഷ്കൃത സമൂഹത്തിന് ചേരാത്തത് -വീണാ ജോർജ്
text_fieldsകോഴിക്കോട്: പെരിന്തല്‍മണ്ണ പനങ്കാങ്കരക്കടുത്തുള്ള മദ്റസ വാര്‍ഷിക പരിപാടിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പുരസ്‌കാരം ഏറ്റുവാങ്ങാൻ ക്ഷണിച്ചപ്പോള്‍ വേദിയിലുണ്ടായിരുന്ന സമസ്ത നേതാവ് നടത്തിയ അധിക്ഷേപം അപലപനീയമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. സമസ്ത നേതാവിന്‍റെ പരാമർശം പരിഷ്കൃത സമൂഹത്തിന് ചേരാത്തതാണ്. പരാമർശം പെൺകുട്ടികളെ അപമാനിക്കുന്നതാണ്. പെൺകുട്ടികൾക്കുള്ള അംഗീകാരം അവർ തന്നെയാണ് വാങ്ങേണ്ടതെന്നും മന്ത്രി പറഞ്ഞു.
പൊതുവേദിയിലേക്ക് ക്ഷണിച്ച് പുരസ്കാരം നൽകിയ പത്താം ക്ലാസ് വിദ്യാർഥിനിയെ സമസ്ത നേതാവ് അധിക്ഷേപിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. സംഘാടകർ പെൺകുട്ടിയെ വേദിയിലേക്ക് ക്ഷണിക്കുകയും പെൺകുട്ടി എത്തി പുരസ്കാരം സ്വീകരിക്കുകയും ചെയ്തു. എന്നാൽ, പെൺകുട്ടിയെ വേദിയിലേക്ക് വിളിച്ചതിനെതിരെ സമസ്ത നേതാവ് അവിടെ വെച്ച് തന്നെ ക്ഷുഭിതനാകുകയായിരുന്നു. സമസ്തയുടെ തീരുമാനം നിങ്ങൾക്കറിയില്ലേ എന്ന് ചോദിച്ച നേതാവ്, രക്ഷിതാവിനോട് വരാൻ പറയൂ എന്ന് ആവശ്യപ്പെടുകയും ചെയ്തു. വീഡിയോ പുറത്തായതോടെ ഇതിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്.
സമസ്ത നേതാവിനെതിരെ നേരത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനും കേരള വനിത കമീഷന്‍ അധ്യക്ഷയുമെല്ലാം വിമർശിച്ച് രംഗത്തെത്തിയിരുന്നു. സമസ്തയുടെ വേദിയിൽ പെൺകുട്ടിയെ അപമാനിച്ചുവെന്ന വിവാദത്തോട് പ്രതികരിക്കവെ, ഒരുതരത്തിലുള്ള സ്ത്രീവിരുദ്ധ നിലപാടിനോടും കോൺഗ്രസിനും യു.ഡി.എഫിനും യോജിപ്പില്ലെന്നാണ് വി.ഡി. സതീശൻ പറഞ്ഞത്. സമൂഹ മാധ്യമങ്ങളിലൂടെ വിവാദദൃശ്യങ്ങൾ ശ്രദ്ധയിൽപെട്ടു. അത് ശരിയാണെങ്കിൽ അതിനോട് യോജിക്കാനാവില്ലെന്നും സതീശൻ പറഞ്ഞു.
സമസ്ത നേതാവ് നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശം അപലപനീയമാണെന്നാണ് കേരള വനിത കമീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പ്രതികരിച്ചത്. സ്ത്രീ സാക്ഷരതയില്‍ മുന്നിട്ട് നില്‍ക്കുന്ന കേരളത്തില്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പുരസ്‌കാരം സ്വീകരിക്കാന്‍ പെണ്‍കുട്ടിക്ക് വിലക്ക് കൽപിക്കുന്ന മതനേതൃത്വത്തിന്‍റെ നീക്കം പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. സമൂഹത്തെ നൂറ്റാണ്ടുകള്‍ പിന്നിലേക്ക് നടത്താനുള്ള മതനേതൃത്വത്തിന്‍റെ നീക്കത്തിനെതിരെ സമൂഹ മനഃസാക്ഷി ഉണരണമെന്നും കമീഷന്‍ അധ്യക്ഷ പറഞ്ഞു.
സംഭവത്തിൽ ശക്തമായി പ്രതികരിച്ചാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തിയത്. സ്ത്രീ-പുരുഷ അവകാശങ്ങളെക്കുറിച്ചുള്ള ഖുർആൻ വചനം ഉദ്ധരിച്ച് ട്വിറ്ററിലൂടെയായിരുന്നു ഗവർണറുടെ പ്രതികരണം. മുസ്ലിം സമുദായത്തിൽ ജനിച്ചതുകൊണ്ടുമാത്രമാണ് പെൺകുട്ടിക്ക് ഈ അപമാനം നേരിടേണ്ടിവന്നത്. ഖുർആൻ തത്ത്വങ്ങൾക്കും ഭരണഘടനക്കും വിരുദ്ധമായി മുസ്ലിം പുരോഹിത സമൂഹം സ്ത്രീകളെ അടിച്ചമർത്തുന്നതിന്റെ മറ്റൊരു ഉദാഹരണമാണിതെന്നും ഗവർണർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.