കാന്‍സര്‍ ചികിത്സാ രംഗത്ത് വന്‍ മുന്നേറ്റമെന്ന് വീണ ജോര്‍ജ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് കാന്‍സര്‍ ചികിത്സാ രംഗത്ത് വലിയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നതെന്ന് മന്ത്രി വീണ ജോര്‍ജ്. നിലവിലുള്ള റീജിണല്‍ കാന്‍സര്‍ സെന്ററുകളെയും മെഡിക്കല്‍ കോളജുകളിലെ കാന്‍സര്‍ ചികിത്സ വിഭാഗങ്ങളെയും ശാക്തികരിക്കുന്നതിനോടൊപ്പം തന്നെ പ്രാഥമിക തലത്തില്‍ കാന്‍സര്‍ നിര്‍ണയിക്കുന്നതിനും നിയന്ത്രിക്കുന്നതിനും നൂതന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിവരുന്നു.
അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ് എന്ന ക്യാമ്പയിനിലുടെ കണ്ടെത്തിയ കാന്‍സര്‍ രോഗ ലക്ഷണങ്ങളുള്ളവരെ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ പരിശോധിക്കുന്നത്തിനും രോഗ സംശയം ഉള്ളവരെ വിദഗ്ദ കേന്ദ്രങ്ങളില്‍ റഫര്‍ ചെയ്യുന്നതിനുമുള്ള കാന്‍സര്‍ കെയര്‍ സ്യുട്ട് ഇ ഹെല്‍ത്തിന്റെ സഹായത്തോടുകൂടി ആരോഗ്യ വകുപ്പ് നടപ്പിലാക്കി. ജില്ലയിലെ കാന്‍സര്‍ ചികിത്സ കേന്ദ്രങ്ങളേയും ആരോഗ്യവകുപ്പിലെ സ്ഥാപനങ്ങളേയും കോര്‍ത്തിണക്കുന്ന ഒരു കാന്‍സര്‍ ഗ്രിഡിന്റെ മാതൃകയും എല്ലാ ജില്ലകളും തയാറാക്കി. ഈ ബജറ്റിലും കാന്‍സര്‍ ചികിത്സയ്ക്ക് 140 കോടിയോളം രൂപയാണ് വകയിരിത്തിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
എല്ലാ വര്‍ഷവും ഫെബ്രുവരി നാലാം തീയതിയാണ് ആഗോള തലത്തില്‍ കാന്‍സര്‍ ദിനമായി ആചരിക്കുന്നത്. 2022 മുതല്‍ 2024 വരെ ലോക കാന്‍സര്‍ ദിന സന്ദേശം കാന്‍സര്‍ ചികിത്സ രംഗത്തെ വിടവുകള്‍ നികത്തുക എന്നുള്ളതാണ്. 2023ല്‍ കാന്‍സറിന് എതിരെ പ്രവര്‍ത്തിക്കുവാനുള്ള സ്വരങ്ങള്‍ ഏകോപിപ്പിക്കുക എന്നതാണ്. കാന്‍സര്‍ രോഗത്തിന് എതിരെ പ്രവര്‍ത്തിക്കുന്ന എല്ലാ വ്യക്തികളുടെയും സംഘടനകളുടെയും പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുക എന്ന ഉദ്ദേശ ലക്ഷ്യത്തോടു കൂടിയാണ് ഈ സന്ദേശം ലോകാരോഗ്യ സംഘടന പുറപ്പെടുവിച്ചിരിക്കുന്നത്.
ലോക കാന്‍സര്‍ ദിനം സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി നാലിന് രാവിലെ 10ന് റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ നടക്കും. മന്ത്രി വീണ ജോര്‍ജ് ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം നിര്‍വഹിക്കും. കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍എ. അധ്യക്ഷത വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.