രണ്ട് ദിവസം ലിഫ്റ്റില്‍ കുടുങ്ങിയ രവീന്ദ്രനെ കാണാൻ വീണാ ജോർജ് എത്തി
text_fieldsതിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ഒ.പി ബ്ലോക്കിലെ ലിഫ്റ്റില്‍ രണ്ടു ദിവസം കുടുങ്ങിയ രവീന്ദ്രൻ നായരെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. ഇദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വീഴ്ച പറ്റിയവര്‍ക്കെതിരെ ചട്ടപ്രകാരമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്നും അതില്‍ യാതൊരു ദയയും ഉണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു.
ഇദ്ദേഹത്തിന്റെ ബന്ധുക്കളുമായും മന്ത്രി സംസാരിച്ചു. മന്ത്രി വന്നത് ആശ്വാസമായെന്ന് രവീന്ദ്രൻ നായർ പറഞ്ഞു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്‍ ഡോ. വിശ്വനാഥനും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
സി.പി.ഐ തിരുമല മുൻ ലോക്കൽ സെക്രട്ടറിയും നിയമസഭയിലെ താൽക്കാലിക ജീവനക്കാരനുമായ രവീന്ദ്രൻ നായർ (59) ശനിയാഴ്ച ഉച്ചയോടെയാണ് ലിഫ്റ്റിൽ കുടുങ്ങിയത്. കൈയിൽ ഫോണുണ്ടായിരുന്നുവെങ്കിലും റേഞ്ച് കുറവായതിനാൽ മറ്റാരെയും വിളിക്കാനായില്ല. അലാറം മുഴക്കിയിട്ടും ആരും തിരിഞ്ഞുനോക്കിയില്ല. വെപ്രാളത്തിനിടെ ഫോൺ നിലത്ത് വീണ് പൊട്ടുകയും ചെയ്തു. പൊള്ളി വിയർത്തും തണുത്തു വിറച്ചും ജീവനും മുറുകെ പിടിച്ചാണ് കൂരിരുട്ടിൽ രണ്ടു ദിനം കഴിഞ്ഞുകൂടിയത്.
ഞായറാഴ്ചയായതിനാൽ ഒ.പി ബ്ലോക്കിലേക്ക് ആരുമെത്തിയിരുന്നില്ല. സെക്യൂരിറ്റി വിഭാഗത്തിലുള്ളവരടക്കം നൂറു കണക്കിന് ജീവനക്കാരുള്ള മെഡിക്കൽ കോളജ് ഒ.പി ബ്ലോക്കിലെ ലിഫ്റ്റിൽ ഇത്രയും നേരം ഒരു മനുഷ്യജീവനും പേറി കെട്ടിടത്തിനുള്ളിൽ നിശ്ചലമായിട്ടും ആരുമറിഞ്ഞില്ല. ഇതിനകം വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു.
തിങ്കളാഴ്ച രാവിലെ മറ്റൊരു ജീവനക്കാരൻ ഇതുവഴി കടന്നുപോയപ്പോൾ ലിഫ്റ്റ് അസ്വാഭാവികമായി രണ്ട് നിലകൾക്കിടയിൽ നിൽക്കുന്നത് കണ്ടു. ഇതോടെയാണ് 42 മണിക്കൂർ കുടുങ്ങിക്കിടന്ന ഇദ്ദേഹത്തിന് തിങ്കളാഴ്ച രാവിലെ പുറത്തിറങ്ങാനായത്. വെള്ളമോ ഭക്ഷണമോ ഇല്ലാതെ മണിക്കൂറുകൾ പിന്നിട്ടതിനാൽ അവശ നിലയിലായിരുന്നു രവീന്ദ്രൻ.
സംഭവത്തിൽ രണ്ട് ലിഫ്റ്റ് ഓപറേറ്റര്‍മാര്‍, ഡ്യൂട്ടി സാര്‍ജന്റ് എന്നിവരെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.