വീണാ ജോർജ്: പത്തനംതിട്ടയുടെ ആദ്യ വനിതമന്ത്രി
text_fieldsപത്തനംതിട്ടയിൽനിന്നുള്ള ആദ്യ വനിതമന്ത്രി. ജില്ലയിൽനിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി. സംസ്ഥാനത്ത് മന്ത്രിപദവിയിലെത്തുന്ന ആദ്യ മാധ്യമപ്രവർത്തക. എന്നിങ്ങനെ മന്ത്രിയാകുന്ന വീണാ ജോർജിന് വിശേഷണങ്ങളേറെ. മലയാള ദ്യശ്യമാധ്യമരംഗത്തെ ആദ്യ വനിത എക്സിക്യൂട്ടിവ് എഡിറ്ററായിരുന്നു. കോൺഗ്രസിലെ കെ.കെ. ശ്രീനിവാസനുശേഷം ആറന്മുളയിൽനിന്ന് തുടർച്ചയായി രണ്ടുവട്ടം തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികൂടിയാണ് വീണാ ജോർജ്.
2016ൽ ആറന്മുളയിൽ അപ്രതീക്ഷിതമായി എത്തിയ സ്ഥാനാർഥിയായിരുന്നു വീണ. എതിരാളി കോൺഗ്രസിലെ കെ. ശിവദാസൻ നായരെ 7646 വോട്ടിെൻറ ഭൂരിപക്ഷത്തിൽ തറപറ്റിച്ചുകൊണ്ടാണ് നിയമസഭയിലേക്ക് ആദ്യമായി കടന്നുചെന്നത്. ഇത്തവണ രണ്ടാമൂഴത്തിൽ യു.ഡി.എഫ് കോട്ടകളായിരുന്ന പഞ്ചായത്തുകളിൽപോലും വലിയ ലീഡ് നേടിയാണ് വിജയിച്ചത്. ഭൂരിപക്ഷം 19,003 വോട്ടായി ഉയർന്നു. ജില്ലയിൽ ഇത്തവണ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടിയ നിയമസഭ സാമാജികയുമായി. നിലവിൽ സി.പി.എം പത്തനംതിട്ട ഏരിയ കമ്മിറ്റി അംഗമാണ്.
2012ലെ അമേരിക്കൻ തെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാൻ തെരഞ്ഞെടുക്കപ്പെട്ട അഞ്ച് മാധ്യമപ്രവർത്തകരിൽ ഒരാളായിരുന്നു വീണാ ജോർജ്. പത്തനംതിട്ട ബാറിലെ അഭിഭാഷകനായിരുന്ന കുമ്പഴ വടക്ക് വേലശ്ശേരി പാലമുറ്റത്ത് പി.ഇ. കുര്യാക്കോസിെൻറയും നഗരസഭ കൗൺസിലറായിരുന്ന റോസമ്മയുടെയും മകളാണ്. എം.എസ്സി റാങ്ക് ജേതാവ്. പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ ഫിസിക്സ് അധ്യാപികയായി രണ്ടുവർഷം ജോലി ചെയ്തിട്ടുണ്ട്.
ഏറെക്കാലം മാധ്യമപ്രവർത്തകയായി വിവിധ ചാനലുകളിൽ ജോലിചെയ്തു. പത്തനംതിട്ട മൈലപ്ര മൗണ്ട് ബഥനി സ്കൂളിലായിരുന്നു 10ാം ക്ലാസുവരെ പഠനം. പ്രീ ഡിഗ്രി മുതൽ പി.ജിവരെ തിരുവനന്തപുരം ഗവ. വിമൻസ് കോളജിലാണ് പഠിച്ചത്. മാധ്യമപ്രവർത്തകയായിരുന്നപ്പോൾ രാജ്യത്തിന് അകത്തും പുറത്തും നിന്നുള്ള നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഭർത്താവ് കൊടുമൺ അങ്ങാടിക്കൽ വടക്ക് വയലിറക്കത്ത് ഡോ. ജോർജ് ജോസഫ് ഓർത്തഡോക്സ് സഭ മുൻ സെക്രട്ടറിയാണ്. മൂത്തമകൾ അന്ന പ്ലസ് വൺ വിദ്യാർഥിനി. മകൻ ജോസഫ് ഏഴാം ക്ലാസിലും പഠിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.