ശബരിമല തീർഥാടനത്തിനായി വിപുലമായ ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കിയെന്ന് വീണ ജോര്‍ജ്
text_fieldsതിരുവനന്തപുരം: ശബരിമല തീർഥാടനത്തോടനുബന്ധിച്ച് വിപുലമായ ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കിയെന്ന് മന്ത്രി വീണ ജോര്‍ജ്. മികച്ച ചികിത്സാ സേവനങ്ങള്‍ ഒരുക്കുന്നതിനോടൊപ്പം പകര്‍ച്ചവ്യാധികളുടെ നിയന്ത്രണത്തിനും പ്രതിരോധത്തിനും ഭക്ഷ്യ സുരക്ഷയ്ക്കും പ്രാധാന്യം നല്‍കും. പകര്‍ച്ചവ്യാധി പ്രതിരോധത്തിന് പ്രത്യേക ടീമിനെ സജ്ജമാക്കും.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ തുടങ്ങിയ നാലു ജില്ലകളിലെ ജില്ലാ സര്‍വെയലന്‍സ് ഓഫീസര്‍മാര്‍, ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റുകള്‍ എന്നിവരടങ്ങുന്നവരായിരിക്കും ടീം. ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ക്കായിരിക്കും ചുമതല. ഏതെങ്കിലും പകര്‍ച്ചവ്യാധി കണ്ടെത്തിയാല്‍ സംസ്ഥാനതലത്തില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. ഭക്ഷ്യസുരക്ഷാ സ്‌ക്വാഡ് മുന്നറിയിപ്പില്ലാതെ പരിശോധന നടത്തേണ്ടതാണ്. ഭക്ഷ്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഉറപ്പാക്കും. എല്ലാ പ്രധാന ഭാഷകളിലും അവബോധം നടത്താനും മന്ത്രി നിര്‍ദേശം നല്‍കി.
സന്നിധാനം, പമ്പ, നിലയ്ക്കല്‍, ചരല്‍മേട് (അയ്യപ്പന്‍ റോഡ്), നീലിമല, അപ്പാച്ചിമോട് എന്നീ സ്ഥലങ്ങളില്‍ വിദഗ്ധ സംവിധാനങ്ങളോടു കൂടിയ ഡിസ്പെന്‍സറികള്‍ പ്രവര്‍ത്തിക്കും. പമ്പയിലേയും സന്നിധാനത്തേയും ആശുപത്രികള്‍ നവംബര്‍ ഒന്ന് മുതല്‍ പ്രവര്‍ത്തിച്ചു വരുന്നു. ബാക്കിയുള്ളവ നവംബര്‍ 15 മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. എല്ലാ ആശുപത്രികളിലും ഡിഫിബ്രിലേറ്റര്‍, വെന്റിലേറ്റര്‍, കാര്‍ഡിയാക് മോണിറ്റര്‍ എന്നിവയുണ്ടാകും. നിലക്കലും പമ്പയിലും പൂര്‍ണ സജ്ജമായ ലാബ് സൗകര്യമുണ്ടാകും. പമ്പയിലും സന്നിധാനത്തും ഓപ്പറേഷന്‍ തീയറ്ററുകള്‍ പ്രവര്‍ത്തിക്കും. പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ താത്ക്കാലിക ഡിസ്പെന്‍സറി നവംബര്‍ 15 മുതല്‍ പ്രവര്‍ത്തിക്കും.
അടൂര്‍ ജനറല്‍ ആശുപത്രിയിലും, റാന്നി താലൂക്ക് ആശുപത്രി, തിരുവല്ല ജില്ലാ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി, റാന്നി പെരിനാട് സാമൂഹികാരോഗ്യ കേന്ദ്രം, കോന്നി മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ ശബരിമല പ്രത്യേക വാര്‍ഡ് സജ്ജാക്കും. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ കാത്ത് ലാബ് പ്രവര്‍ത്തിക്കും. ഇതുകൂടാതെ എരുമേലി, കോഴഞ്ചേരി, മുണ്ടക്കയം, വണ്ടിപ്പെരിയാര്‍, കുമളി, ചെങ്ങന്നൂര്‍ തുടങ്ങി 15 ഓളം ആശുപത്രികളില്‍ ചികിത്സാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കോട്ടയം മെഡിക്കല്‍ കോളേജില്‍ തീര്‍ത്ഥാടകര്‍ക്കായി മികച്ച സൗകര്യമൊരുക്കും. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ സമയബന്ധിതമായി ഡ്യൂട്ടിക്ക് നിയോഗിക്കുന്നതാണ്. മരുന്നുകളുടെ ലഭ്യതയും ആംബുലന്‍സുകളും ഉറപ്പ് വരുത്തിയിട്ടുണ്ട്. പത്തനംതിട്ടയില്‍ കണ്‍ട്രോള്‍ റൂം സ്ഥാപിക്കും.
പമ്പ മുതല്‍ സന്നിധാനം വരെയുളള കാല്‍നട യാത്രയില്‍ തീര്‍ത്ഥാടകര്‍ക്ക് അമിതമായ നെഞ്ചിടിപ്പ്, ശ്വാസംമുട്ടല്‍, നെഞ്ചുവേദന തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളോ ചിലപ്പോള്‍ ഹൃദയാഘാതം വരെയോ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ ഫലപ്രദമായി നേരിടാന്‍ ആരോഗ്യവകുപ്പ് ഈ വഴികളില്‍ അടിയന്തര ചികിത്സാ കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തുന്നതാണ്. എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍, ഓക്സിജന്‍ പാര്‍ലറുകള്‍ എന്നിവ പമ്പ മുതല്‍ സന്നിധാനം വരെയുള്ള യാത്രക്കിടയില്‍ 15 സ്ഥലങ്ങളിലായി സ്ഥാപിക്കും. കാനനപാതയില്‍ നാല് എമര്‍ജന്‍സി സെന്ററുകളും സ്ഥാപിക്കും. ഹൃദയാഘാതം വരുന്ന തീര്‍ത്ഥാടകര്‍ക്കായി ആട്ടോമേറ്റഡ് എക്സ്‌റ്റേണല്‍ ഡിബ്രിഫ്രിലേറ്റര്‍ ഉള്‍പ്പെടെ പരിശീലനം ലഭിച്ച സ്റ്റാഫ് നഴ്സുമാര്‍ 24 മണിക്കൂറും ഈ കേന്ദ്രങ്ങളില്‍ ലഭ്യമാക്കും. യാത്രാവേളയില്‍ എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ തോന്നുന്നുവെങ്കില്‍ ആരോഗ്യ വകുപ്പിന്റെ സേവനം തേടാമെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.