വയനാട്ടിൽ ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടത്തിനായി മദ്രസഹാൾ വിട്ടുനൽകിയെന്ന് വീണ ജോർജ്
text_fieldsകൽപ്പറ്റ: വയനാട് മേപ്പാടിയിൽ ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടത്തിനായി മദ്രസഹാൾ വിട്ടുനൽകിയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ചുളിക്ക മദ്രസ ഹാളാണ് ഇത്തരത്തിൽ വിട്ടുനൽകിയതെന്നും ആവശ്യകതയനുസരിച്ച് ഇവിടെയും പോസ്റ്റുമോർട്ടം ക്രമീകരിക്കുമെന്നും ആരോഗ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു.
ഇതുകൂടാതെ നിലമ്പൂർ ആശുപത്രിയിൽ എത്തിക്കുന്ന മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്യുന്നതിന് വേണ്ടിയിട്ടുള്ള അധിക സജ്ജീകരണങ്ങളും ക്രമീകരിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ മറവ് ചെയ്യുന്നതിന് ദേശീയ-അന്തർദേശീയ ഗൈഡ്ലൈൻ പ്രകാരം മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
വയനാട് മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 300 കടന്നിരുന്നു. എന്നാൽ, 189 പേർ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. ഇതിൽ 85 പുരുഷന്മാരും 76 സ്ത്രീകളുമാണ്. 107 മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. 100 മൃതദേഹ അവശിഷ്ടങ്ങൾ കണ്ടുകിട്ടി. 225 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്.
ഉരുൾപൊട്ടൽ ഉണ്ടായശേഷം മൂന്നു ദിവസങ്ങളിലായി നടത്തിയ രക്ഷാപ്രവർത്തനങ്ങളിൽ ജീവനോടെയുള്ള എല്ലാവരെയും രക്ഷപ്പെടുത്താൻ കഴിഞ്ഞതായി ഉന്നതതല യോഗം വിലയിരുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.
മുണ്ടക്കൈ, അട്ടമല ഭാഗങ്ങളിൽ ഇനി ആരും ജീവനോടെ കുടുങ്ങിക്കിടക്കാനുള്ള സാധ്യതയില്ലെന്ന് കേരള -കർണാടക സബ് ഏരിയ ജനറൽ ഓഫിസർ കമാൻഡിങ് (ജി.ഒ.സി) മേജർ ജനറൽ വി.ടി. മാത്യു യോഗത്തെ അറിയിച്ചു. ഒറ്റപ്പെട്ട ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. വീടുകൾ ഉൾപ്പെടെ 348 കെട്ടിടങ്ങളെയാണ് ഉരുൾപൊട്ടൽ ബാധിച്ചതെന്ന് ലാൻഡ് റവന്യൂ കമീഷണർ ഡോ. എ. കൗശിഗൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.