ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ സ്‌പേസ് ഓഡിറ്റ് നടത്തണമെന്ന് വീണ ജോര്‍ജ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ സ്‌പേസ് ഓഡിറ്റ് നടത്താന്‍ മന്ത്രി വീണ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. മെഡിക്കല്‍ കോളജുകളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പ്രിന്‍സിപ്പല്‍മാര്‍, സൂപ്രണ്ടുമാര്‍, വകുപ്പ് മേധാവികള്‍ എന്നിവര്‍ ചേര്‍ന്ന് സ്‌പേസ് ഓഡിറ്റ് നടത്തി സുരക്ഷിതത്വം ഉറപ്പാക്കണം. സ്ഥാപന തലത്തില്‍ പ്രിന്‍സിപ്പല്‍മാരും സംസ്ഥാന തലത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും ഇത് ഉറപ്പാക്കണം.
എല്ലാ മെഡിക്കല്‍ കോളജുകളിലും സെക്യൂരിറ്റി, ഫയര്‍ സേഫ്റ്റി, ഇലട്രിക്കല്‍, ലിഫ്റ്റ് എന്നിവയുടെ സേഫ്റ്റി ഓഡിറ്റ് നടത്തി സുരക്ഷിതത്വം ഉറപ്പാക്കി വരുന്നു. ഇത് കൂടാതെയാണ് ഡ്യൂട്ടി റൂം, പരിശോധനാ മുറി, റെസ്റ്റ് റൂം തുടങ്ങിയവ ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ പരിശോധിച്ച് സുരക്ഷിതത്വം ഉറപ്പാക്കുന്നത്. അത്യാഹിത വിഭാഗത്തില്‍ രണ്ട് പേരേയും വാര്‍ഡുകളില്‍ ഒരാളേയും മാത്രമേ കൂട്ടിരിപ്പുകാരായി അനുവദിക്കുകയുള്ളൂ. രോഗികളുടെ വിവരങ്ങള്‍ കൃത്യമായി അറിയിക്കാനായി ബ്രീഫിംഗ് റൂം സജ്ജമാക്കിയിട്ടുണ്ടെന്ന് എല്ലാ സ്ഥാപനങ്ങളും ഉറപ്പാക്കേണ്ടതാണ്. ഡോക്ടര്‍മാര്‍ രോഗികളോട് കൃത്യമായി വിവരങ്ങള്‍ വിശദീകരിച്ച് നല്‍കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.
എല്ലാ മെഡിക്കല്‍ കോളജുകളും കോഡ് ഗ്രേ പ്രോട്ടോകോള്‍ നടപ്പിലാക്കണം. കലക്ടര്‍ അധ്യക്ഷനായ കോഡ് ഗ്രേ സമിതിയില്‍ പ്രിന്‍സിപ്പല്‍, സൂപ്രണ്ട്, ആർ.എം.ഒ, പി.ജി, ഹൗസ് സര്‍ജന്‍ പ്രതിനിധികള്‍ എന്നിവരുണ്ടാകും. സുരക്ഷ ഉറപ്പാക്കാന്‍ കൃത്യമായ ഇടവേളകളില്‍ മോക് ഡ്രില്‍ സംഘടിപ്പിക്കണം. പബ്ലിക് അഡ്രസ് സിസ്റ്റം, വാക്കി ടോക്കി, അലാറം എന്നിവ നിര്‍ബന്ധമായും സ്ഥാപിക്കണം. പ്രധാനയിടങ്ങളില്‍ സി.സി.ടി.വി ഉറപ്പാക്കണം. പല മെഡിക്കല്‍ കോളജുകളും സേഫ്റ്റി ഓഡിറ്റിന്റെ അടിസ്ഥാനത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. രാത്രി കാലങ്ങളില്‍ പൊലീസ് പട്രോളിങ് വ്യാപിപ്പിക്കും. ആശുപത്രിക്കുള്ളില്‍ അനധികൃത കച്ചവടം അനുവദിക്കാന്‍ പാടില്ല.
രാത്രി കാലങ്ങളില്‍ ഡ്യൂട്ടി കഴിഞ്ഞ് ഹോസ്റ്റലിലേക്ക് മടങ്ങുന്ന വനിത ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കണം. തെരുവ് വിളക്കുകള്‍ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പാക്കണം. രാത്രിയില്‍ സെക്യൂരിറ്റി നിരീക്ഷണം ശക്തമാക്കണം. രോഗികളോ കൂട്ടിരുപ്പുകാരോ ജീവനക്കാരോ അല്ലാതെ പുറത്ത് നിന്നുള്ള പാസില്ലാത്ത ഒരാളും രാത്രികാലങ്ങളില്‍ ആശുപത്രി കോമ്പൗണ്ടിനുള്ളില്‍ തങ്ങാന്‍ പാടില്ല. അനധികൃതമായി കാമ്പസിനുള്ളില്‍ തങ്ങുന്നവര്‍ക്കെതിരെ പൊലീസിന്റെ സഹായത്തോടെ നടപടി സ്വീകരിക്കേണ്ടതാണ്.
സെക്യൂരിറ്റി ജീവനക്കാര്‍ക്ക് പരിശീലനം ഉറപ്പാക്കണം. സുരക്ഷ ഉറപ്പാക്കാനായി ജീവനക്കാര്‍ക്ക് ഏകീകൃത നമ്പര്‍ നല്‍കണം. ഫോണ്‍ വഴി അലാറം പ്രവര്‍ത്തിപ്പിക്കാന്‍ പറ്റുന്ന സംവിധാനം സജ്ജമാക്കണം. തെരുവു നായകളുടെ ആക്രമണങ്ങളില്‍ നിന്നും ജീവനക്കാര്‍ക്കും ആശുപത്രിയിലെത്തുന്നവര്‍ക്കും സംരക്ഷണം നല്‍കാന്‍ ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് പദ്ധതി തയാറാക്കി നടപ്പിലാക്കണം. ആബുലന്‍സുകളുടെ അനധികൃത പാര്‍ക്കിംഗ് അനുവദിക്കില്ല. പിജി ഡോക്ടര്‍മാരും ഹൗസ് സര്‍ജന്‍മാരും ഉന്നയിച്ച വിഷയങ്ങളില്‍ മെഡിക്കല്‍ കോളജ് തലത്തില്‍ പരിഹാരം കാണാനും മന്ത്രി നിര്‍ദേശം നല്‍കി.
ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ജോ. ഡയറക്ടര്‍, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍മാര്‍, സൂപ്രണ്ടുമാര്‍, പി.ജി ഡോക്ടര്‍മാരുടേയും ഹൗസ് സര്‍ജന്‍മാരുടേയും പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.