Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎല്ലാ അങ്കണവാടികളേയും...

എല്ലാ അങ്കണവാടികളേയും സമയബന്ധിതമായി സ്മാർട്ടാക്കുമെന്ന് വീണ ജോര്‍ജ്

text_fields
bookmark_border
എല്ലാ അങ്കണവാടികളേയും സമയബന്ധിതമായി സ്മാർട്ടാക്കുമെന്ന് വീണ ജോര്‍ജ്
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ അങ്കണവാടികളേയും സമയബന്ധിതമായി സ്മാര്‍ട്ട് അങ്കണവാടികളാക്കി മാറ്റുമെന്ന് മന്ത്രി വീണ ജോര്‍ജ്. പൂജപ്പുരയിലെ സ്മാര്‍ട്ട് അങ്കണവാടില്‍ അങ്കണവാടി പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

30 ലധികം അങ്കണവാടികളെ സ്മാര്‍ട്ട് അങ്കണവാടികളാക്കി മാറ്റി. സംസ്ഥാന സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ചും മറ്റ് ജനപ്രതിനിധികളുടെ ഫണ്ടും പൊതുസമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കിയുമാണ് സ്മാര്‍ട്ട് അങ്കണവാടികളാക്കുന്നത്. സുരക്ഷിതമായ ഒരു ഇടം എന്നതിനോടൊപ്പം കുഞ്ഞുങ്ങളുടെ ശാരീരികവും മാനസികവും ബൗദ്ധികവുമായ വളര്‍ച്ചയ്ക്ക് സഹായകരമാകുന്ന അന്തരീക്ഷം ഉറപ്പാക്കുകയും സ്മാര്‍ട്ട് അങ്കണവാടികളിലൂടെ ലക്ഷ്യമിടുന്നതായും മന്ത്രി വ്യക്തമാക്കി.

അങ്കണവാടികളുടെ സമ്പൂര്‍ണ വൈദ്യുതിവത്ക്കരണം ലക്ഷ്യത്തോടടുക്കുകയാണ്. 2500 ഓളം അങ്കണവാടികളില്‍ വൈദ്യുതിയില്ലാത്ത അവസ്ഥയാണ് ഉണ്ടായിരുന്നത്. വൈദ്യുതി വകുപ്പുമായി ചേര്‍ന്നുള്ള നടപടികളിലൂടെ ഇനി നൂറില്‍ താഴെ അങ്കണവാടികളില്‍ മാത്രമാണ് വൈദ്യുതി ലഭിക്കാനുള്ളത്. വൈദ്യുതി ലൈന്‍ വലിക്കാന്‍ പറ്റാത്ത സ്ഥലങ്ങളില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ച് ഈ വര്‍ഷം തന്നെ മുഴുവന്‍ അങ്കണവാടികളിലും വൈദ്യുതി ലഭ്യമാക്കും.

കുഞ്ഞുങ്ങളുടെ മൂന്നു മുതല്‍ ആറു വയസുവരെയുള്ള പ്രായം ശാരീരികവും മാനസികവുമായ വളര്‍ച്ചയില്‍ വളരെ പ്രധാനപ്പെട്ട കാലഘട്ടമാണ്. പൊതു വിദ്യാഭ്യാസ മേഖലയില്‍ ദേശീയതലത്തില്‍ തന്നെ നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയില്‍ ഒന്നാമതായി നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസവും വ്യക്തിത്വ വികസനവും വളര്‍ത്തിയെടുക്കുന്നത് വളരെ ശ്രദ്ധയോടെയും കരുതലോടെയും കാണുകയും പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുകയും ചെയ്യുന്ന ഒരു സമൂഹമാണ് നമ്മുടേത്.

സംസ്ഥാന സര്‍ക്കാരിന്റെ ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ കുഞ്ഞുങ്ങള്‍ സ്‌കൂളുകളില്‍ പോകുന്നതിന് തൊട്ടുമുമ്പുള്ള കാലഘട്ടത്തിന് വളരെ പ്രാധാന്യമാണ് നല്‍കുന്നത്. പ്രിയപ്പെട്ടവരുടെ സംരക്ഷണയില്‍ നിന്നും കുഞ്ഞുങ്ങള്‍ പൊതു സമൂഹത്തിലേക്ക് എത്തുന്ന ആദ്യത്തെ ഇടം അങ്കണവാടികളാണ്. ആ അങ്കണവാടികളെ ഏറ്റവും ശാസ്ത്രീയമായി സജ്ജമാക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്.

ഇതിന്റെ അടിസ്ഥാനത്തില്‍ ഒട്ടേറെ കാര്യങ്ങള്‍ ഈ കാലഘട്ടത്തില്‍ ചെയ്തിട്ടുണ്ട്. കുട്ടികള്‍ക്ക് സമൃദ്ധമായ ആഹാരം നല്‍കുക എന്ന ലക്ഷ്യമിട്ട് മുട്ടയും പാലും നല്‍കുന്ന പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കി.

പൊതു സമൂഹത്തിന്റെയും കുടുംബങ്ങളുടെയും മാതാപിതാക്കളുടെയും ജനപ്രതിനിധികളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും ഒക്കെ വലിയ പങ്കാളിത്തത്തോടു കൂടിയാണ് അങ്കണവാടി പ്രവേശനോത്സവം നടക്കുന്നത്. ഇതിന്റെ ഭാഗമായി അങ്കണക്കൂട്ടം സംഘടിപ്പിക്കുകയുണ്ടായി. അങ്കണവാടി പ്രവര്‍ത്തകര്‍, പൂര്‍വ വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍ എന്നിവര്‍ ചേര്‍ന്ന് ഗൃഹ സന്ദര്‍ശനം നടത്തി കുഞ്ഞുങ്ങള്‍ക്ക് സമ്മാനങ്ങളും നല്‍കി.

അങ്കണവാടികളെ മൂന്നോ നാലോ മേഖലകളായി തിരിച്ച് ഓരോ മേഖലയിലെയും ഏതെങ്കിലും ഒരു മുറ്റത്ത് ആ മേഖലയിലുള്ളവരുടെ ഒത്തുചേരല്‍ സംഘടിപ്പിച്ചു. ഇതിലൂടെ കുഞ്ഞുങ്ങളെ അംഗണവാടികളിലേക്ക് പോകുന്നതിന് സജ്ജമാക്കാന്‍ സാധിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

മന്ത്രി വി. ശിവന്‍ കുട്ടി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍, വനിത ശിശുവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ജി. പ്രിയങ്ക, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിളപ്പില്‍ രാധാകൃഷ്ണന്‍, നഗരസഭാ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എസ്. സലീം എന്നിവര്‍ പങ്കെടുത്തു. മന്ത്രിമാര്‍ കുട്ടികളെ മധുരം നല്‍കി സ്വീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Veena George
News Summary - Veena George said that all Anganwadis will be made smart in time
Next Story