എല്ലാ ജില്ലകളിലും സമഗ്ര സ്‌ട്രോക്ക് ചികിത്സ യാഥാർഥ്യമാക്കുമെന്ന് വീണ ജോര്‍ജ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സമഗ്ര സ്‌ട്രോക്ക് ചികിത്സ യാഥാർഥ്യമാക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്. ഇതിനായി വലിയ പരിശ്രമമാണ് നടത്തുന്നത്. രാജ്യത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ന്യൂറോ കാത്ത്‌ലാബ് ഉള്‍പ്പെട്ട സമഗ്ര സ്‌ട്രോക്ക് യൂണിറ്റ് സജ്ജമാക്കിയിട്ടുണ്ട്. മറ്റ് പ്രധാന മെഡിക്കല്‍ കോളജുകള്‍ക്ക് പുറമേ 10 ജില്ലകളില്‍ സ്‌ട്രോക്ക് ക്ലിനിക്കുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തനസജ്ജമാണ്.
ബാക്കി ജില്ലകളില്‍ കൂടി സ്‌ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ഈ ആശുപത്രികളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌ട്രോക്ക് ഐസിയുവും സ്‌ട്രോക്ക് ചികിത്സക്കുള്ള മറ്റ് സൗകര്യങ്ങളുമുണ്ടാകും. പക്ഷാഘാത ചികില്‍ത്സക്കുള്ള വിലയേറിയ മരുന്നായ ടി.പി.എ സൗജന്യമായി ആശുപത്രികളില്‍ വിതരണം ചെയ്തു വരുന്നതായും മന്ത്രി വ്യക്തമാക്കി.
ഒക്‌ടോബര്‍ 29 ലോക പക്ഷാഘാത ദിനമാണ്. 'നമ്മുക്കൊന്നിച്ചു നീങ്ങാം സ്‌ട്രോക്കിനെക്കാളും ഉയരങ്ങളില്‍'എന്നതാണ് ഈ വര്‍ഷത്തെ പക്ഷാഘാത ദിന സന്ദേശം. പക്ഷാഘാതത്തിലേക്ക് നയിക്കുന്ന കാരണങ്ങളായ രക്താതിമര്‍ദ്ദം, പുകവലി, വ്യായാമമില്ലായ്മ, അനാരോഗ്യകരമായ ഭക്ഷണരീതി, എന്നിവയെ നിയന്ത്രിക്കുന്നതിലൂടെ 90 ശതമാനം പക്ഷാഘാതവും ഒഴിവാക്കാം എന്നതാണ് ഈ വര്‍ഷത്തെ സന്ദേശത്തിലൂടെ ഉദ്ദേശിക്കുന്നത്.
ലോകത്ത് ഓരോ 40 സെക്കന്റിലും ഒരു പക്ഷാഘാത കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായാണ് കണക്കാക്കപ്പെടുന്നത്. ഓരോ നാലു മിനിട്ടിലും ഒരു പക്ഷാഘാത രോഗി മരിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒരു ലക്ഷത്തില്‍പരം ആള്‍ക്കാര്‍ എല്ലാ വര്‍ഷവും പക്ഷാഘാതം മൂലം മരണമടയുന്നുവെന്നാണ് വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കേരളത്തിലും പക്ഷാഘാത രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി കാണുന്നുണ്ട്. ഇതില്‍ ഭൂരിഭാഗവും നിയന്ത്രണ വിധേയമാക്കാവുന്ന കാരണങ്ങള്‍ ഉണ്ടാകുന്നതാണ്. ജീവിതശൈലി നിയന്ത്രണത്തിലൂടെ ഈ മഹാവിപത്ത് ഒഴിവാക്കാന്‍ സാധിക്കുന്നതാണ് എന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.
സംസ്ഥാന ആരോഗ്യവകുപ്പ് പക്ഷാഘാത നിയന്ത്രണത്തിനായി 'ശിരസ്'എന്ന പദ്ധതി സംസ്ഥാന വ്യാപകമായി ആരംഭിച്ചിട്ടുണ്ട്. ജില്ലാതല ആശുപത്രികളില്‍ പക്ഷാഘാത ചികില്‍ത്സക്കുള്ള സംവിധാനങ്ങള്‍ ഒരുക്കുക, പക്ഷാഘാതം വന്നവര്‍ക്ക് ത്രോംബോലൈസിസ് ചികില്‍സ നല്‍കുക, പക്ഷാഘാതം സ്ഥിരീകരിച്ചവര്‍ക്ക് ഫിസിയോതെറാപ്പികള്‍ ഉള്‍പ്പെടെയുള്ള പുനരധിവാസ സേവനങ്ങള്‍ നല്‍കുക തുടങ്ങിയവയാണ് സ്‌ട്രോക്ക് ക്ലിനിക്കുകളിലൂടെ നല്‍കുന്ന സേവനങ്ങള്‍. ഇതിനായുള്ള പരിശീലനം ശ്രീ ചിത്രയില്‍ നിന്നും ഡോക്ടര്‍മാര്‍ക്കും, നഴ്സുമാര്‍ക്കും, ഫിസിയോതെറാപ്പിസ്റ്റുകള്‍ക്കും നല്‍കിയിട്ടുണ്ട്.
പക്ഷാഘാത നിയന്ത്രണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് രക്തസമ്മര്‍ദ്ദവും, പ്രമേഹവും പരിശോധിക്കുന്നതിനുള്ള ഊര്‍ജിത ശ്രമങ്ങള്‍ തുടങ്ങി. അല്‍പം ശ്രദ്ധ ആരോഗ്യ ഉറപ്പ് എന്ന കാമ്പേയിനിലൂടെ എല്ലാ വീടുകളിലും സന്ദര്‍ശനം നടത്തി ഈ രോഗങ്ങള്‍ കണ്ടുപിടിക്കുന്നതിനുള്ള ബൃഹത് പദ്ധതി 85 ശളതമാനം ശതമാനത്തോളം ജനസംഖ്യ പിന്നിട്ടുകഴിഞ്ഞു. രോഗം കണ്ടെത്തുന്നവര്‍ക്ക് പ്രാഥമികാരോഗ്യതലം വരെ പ്രോട്ടോകോള്‍ പ്രകാരമുള്ള മരുന്നുകളും സൗജന്യമായി വിതരണം ചെയ്തുവരുന്നു. ഇതിലൂടെ രക്താതിമര്‍ദ്ദത്തിന്റെ നിയന്ത്രണ നിരക്ക് 13 ശതമാനത്തില്‍ നിന്ന് 41 ശതമാനം വരെ ഉയര്‍ത്താന്‍ സാധിച്ചുവെന്നതാണ് ശ്രദ്ധേയമായ നേട്ടം.
സ്‌ട്രോക്കിന് സമയം വിലപ്പെട്ടത്
സ്‌ട്രോക്കിന് സമയബന്ധിതമായ ചികിത്സ അത്യാവശ്യമാണ്. വായ് കോട്ടം, കൈയ്‌ക്കോ കാലിനോ തളര്‍ച്ച, സംസാരത്തിന് കുഴച്ചില്‍ എന്നീ ലക്ഷണങ്ങള്‍ ഒരാളില്‍ കണ്ടാല്‍ സ്‌ട്രോക്ക് ആണെന്ന് സ്ഥിരീകരിക്കാം. സ്‌ട്രോക്കിന്റെ രോഗ ലക്ഷണങ്ങള്‍ ആരംഭിച്ച് നാലര മണിക്കൂറിനുള്ളില്‍ ചികിത്സാ കേന്ദ്രത്തില്‍ എത്തിചേര്‍ന്നെങ്കില്‍ മാത്രമേ ഇതിന് ഫലപ്രദമായ ചികിത്സ നല്‍കുവാന്‍ സാധിക്കുകയുള്ളൂ. ഉടനടി ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ ചലന ശേഷിയും സംസാരശേഷിയും തന്നെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടുപോകും. ചിലപ്പോള്‍ മരണം തന്നെയും ഉണ്ടാകും. അതിനാല്‍ സ്‌ട്രോക്ക് ബാധിച്ചാല്‍ ആദ്യത്തെ മണിക്കൂറുകള്‍ വളരെ നിര്‍ണായകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.