Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപകര്‍ച്ചപ്പനി...

പകര്‍ച്ചപ്പനി പ്രതിരോധത്തില്‍ ഊര്‍ജിത ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമെന്ന് വീണ ജോര്‍ജ്

text_fields
bookmark_border
പകര്‍ച്ചപ്പനി പ്രതിരോധത്തില്‍ ഊര്‍ജിത ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമെന്ന് വീണ ജോര്‍ജ്
cancel

തിരുവനന്തപുരം: പകര്‍ച്ചപ്പനി പ്രതിരോധത്തില്‍ ഊര്‍ജിത ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്ന് മന്ത്രി വീണാ ജോര്‍ജ്. വെള്ളിയാഴ്ച സ്‌കൂളുകളിലും ശനിയാഴ്ച സ്ഥാപനങ്ങളിലും ഞായറാഴ്ച വീടുകളിലുമാണ് ഡ്രൈ ഡേ ആചരിക്കുന്നത്. ഇടവിട്ടുള്ള മഴ തുടരുന്നതിനാല്‍ ഡെങ്കിപ്പനിക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്നും മന്ത്രി അറിയിച്ചു.

ഏത് പനിയും ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചപ്പനികള്‍ ആകാമെന്നതിനാല്‍ തീവ്രമായതോ നീണ്ട് നില്‍ക്കുന്നതോ ആയ എല്ലാ പനി ബാധകള്‍ക്കും വൈദ്യ സഹായം തേടണം. കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ബാധിക്കുന്ന രോഗമാണ് ഡെങ്കിപ്പനി. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ പൊതുവേ കാണപ്പെടുന്ന മറ്റ് വൈറല്‍പ്പനികളില്‍ നിന്ന് വ്യത്യസ്തമല്ലാത്തതിനാല്‍ പലപ്പോഴും ഡെങ്കിപ്പനി തിരിച്ചറിയാന്‍ കഴിയാതെ വരികയോ വൈകുകയോ ചെയ്യാം. അതിനാല്‍ ശ്രദ്ധിക്കണം.

ഡെങ്കിപ്പനി എങ്ങനെ തിരിച്ചറിയാം?

പെട്ടെന്നുള്ള കനത്ത പനിയാണ് ഡെങ്കിയുടെ പ്രധാന ലക്ഷണം. തലവേദന, പേശിവേദന, വിശപ്പില്ലായ്മ, മനം പുരട്ടല്‍, ഛര്‍ദി, ക്ഷീണം, തൊണ്ടവേദന, ചെറിയ ചുമ തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം. അതിശക്തമായ മേല് വേദന, വയറ് വേദന, കണ്ണിനു പുറകില്‍ വേദന, ശരീരത്തില്‍ ചുവന്ന നിറത്തില്‍ പാടുകള്‍ പ്രത്യക്ഷപ്പെടുക എന്നിവയും ചിലരില്‍ കാണപ്പെടുന്നു. ശക്തമായ വയറ് വേദന, ശ്വാസതടസം, മൂത്രം പോകുന്നതില്‍ പെട്ടെന്ന് ഉണ്ടാകുന്ന കുറവ്, അപസ്മാര ലക്ഷണങ്ങള്‍, മഞ്ഞപ്പിത്തം, ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് നിന്നും രക്തസ്രാവം ഉണ്ടാവുക, മലം കറുത്ത നിറത്തില്‍ പോവുക എന്നീ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അവ അടിയന്തിരമായി ഡോക്ടറുടെ ശ്രദ്ധയില്‍ പെടുത്തേണ്ടതാണ്. രക്തപരിശോധനയിലൂടെ ഡെങ്കിപ്പനി തിരിച്ചറിയാം. ടെസ്റ്റ് ചെയ്യുന്നതിനുള്ള സൗകര്യം എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ധാരാളം വെള്ളം കുടിച്ചാല്‍ ഏറെ ആശ്വാസമാകും

ചെറിയ പനി വന്നാല്‍ പോലും ധാരാളം പാനീയങ്ങള്‍ കുടിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം, കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം, പഴങ്ങള്‍, പഴസത്ത് എന്നിവ നല്‍കാം. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിനും ക്ഷീണം അകറ്റുന്നതിനും രോഗത്തിന്റെ തീവ്രത കുറയ്ക്കുന്നതിനും പാനീയങ്ങള്‍ സഹായിക്കും.

ഡ്രൈ ഡേ ആചരിച്ച് കൊതുകിനെ തുരത്താം

കൊതുകില്‍ നിന്നും സംരക്ഷണം നേടുക എന്നതാണ് ഡെങ്കിപ്പനിയുടെ ഏറ്റവും വലിയ സംരക്ഷണ മാര്‍ഗം. അതിനാല്‍ വീടും സ്ഥാപനവും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കണം. വൃത്തിയാക്കുമ്പോഴും കൊതുകിന്റെ കടിയേല്‍ക്കാതെ ലേപനങ്ങള്‍ പുരട്ടുകയോ ശരീരം പൊതിയുന്ന വസ്ത്രങ്ങള്‍ ധരിക്കുകയോ വേണം. രാവിലെയും വൈകുന്നേരങ്ങളിലും വീടിന്റെ ജനലുകളും വാതിലുകളും അടച്ചിടണം. അടച്ചിടുന്നതിനു മുന്‍പ് വീട്ടിനുള്ളില്‍ പുകയ്ക്കുന്നത് വീട്ടിനുള്ളിലുള്ള കൊതുകുകളെ പുറത്താക്കാന്‍ സഹായിക്കും. കൊതുകിന്റെ സാന്ദ്രത കൂടുതലുള്ള ഇടങ്ങളില്‍ ജനാലകളും വാതിലുകളും വല ഉപയോഗിച്ച് സംരക്ഷിക്കണം.

കെട്ടിടങ്ങളുടെ അകത്തും പുറത്തും മേല്‍കൂരകളിലും വെള്ളം കെട്ടി നില്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പാത്രങ്ങള്‍, ചിരട്ടകള്‍, തൊണ്ട്, ടയര്‍, മുട്ടത്തോട്, ടിന്നുകള്‍ തുടങ്ങിയവ വലിച്ചെറിയാതെ നശിപ്പിക്കുകയോ വെള്ളം കെട്ടിനില്‍ക്കാതെ കമഴ്ത്തി വക്കുകയോ ചെയ്യുക.

വീട്ടിനുള്ളില്‍ പൂച്ചട്ടികള്‍ക്ക് താഴെ വെള്ളം കെട്ടിനില്‍ക്കുന്ന പാത്രങ്ങളിലും ഫ്രിഡ്ജിന് അടിയില്‍ വെള്ളം നില്‍ക്കുന്ന ട്രേയിലും കൊതുക് മുട്ടയിടാന്‍ സാധ്യതയുണ്ട്. ഇവ ആഴ്ചയില്‍ ഒരിക്കല്‍ എങ്കിലും വൃത്തിയാക്കുക. വെള്ളം വയ്ക്കുന്ന പാത്രങ്ങളും ടാങ്കുകളും അടച്ചു സൂക്ഷിക്കുക.

കൊതുക് കടിക്കാതിരിക്കാന്‍ ശരീരം മൂടുന്ന വസ്ത്രം ധരിക്കുക, കൊതുകുവല, ലേപനങ്ങള്‍ ഉപയോഗിക്കുക. പനിയുള്ളവര്‍ കൊതുകുകടി ഏല്‍ക്കാനുള്ള സാധ്യത പരമാവധി കുറയ്ക്കണം. പനിയുള്ളപ്പോള്‍ കുട്ടികളെ പ്ലേ സ്‌കുളുകളിലും അങ്കണവാടികളിലും സ്‌കൂളുകളിലും അയക്കാതെ ഇരിക്കുക. പനി പടരുന്നതിനാല്‍ അനാവശ്യമായ ആശുപത്രി സന്ദര്‍ശനം പരമാവധി ഒഴിവാക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Veena George
News Summary - Veena George said that intensive cleaning activities are necessary in the prevention of infectious diseases
Next Story