ഭക്ഷ്യ, വ്യാപാര സ്ഥാപനങ്ങളില്‍ ഗുണനിലവാര പരിശോധന ആരംഭിച്ചു -വീണ ജോര്‍ജ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ഓണ വിപണിയില്‍ ലഭ്യമാകുന്ന ഭക്ഷ്യ വസ്തുക്കളുടെഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ഭക്ഷ്യ, വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന ആരംഭിച്ചുവെന്ന് മന്ത്രി വീണ ജോര്‍ജ്. സംസ്ഥാനത്താകെ 637 ഭക്ഷ്യ സുരക്ഷാ പരിശോനകള്‍ നടത്തി. ലൈസന്‍സില്ലാതെയും വൃത്തിഹീനമായ സാഹചര്യത്തിലും പ്രവര്‍ത്തിച്ച ആറ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വെപ്പിച്ചു. വരും ദിവസങ്ങളിലും പരിശോധനകള്‍ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയ 54 സ്ഥാപനങ്ങള്‍ക്ക് പിഴ ഈടാക്കുന്നതിനുള്ള നോട്ടീസും 58 കടകള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും നല്‍കി. മൂന്ന് സ്ഥാപനങ്ങള്‍ക്കെതിരെ അഡ്ജ്യൂഡിക്കേഷന്‍ നടപടികള്‍ക്കായി ശുപാര്‍ശ ചെയ്തു. ആറ് സ്ഥാപനങ്ങള്‍ക്ക് ഇംപ്രൂവ്‌മെന്റ് നോട്ടീസ് നല്‍കി. 72 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 167 സര്‍വൈലന്‍സ് സാമ്പിളുകളും ശേഖരിച്ച് ലാബുകളില്‍ പരിശോധനക്കായി അയച്ചു.
ഓണക്കാലത്ത് അധികമായി വാങ്ങി ഉപയോഗിക്കുന്ന പാല്‍, ഭക്ഷ്യ എണ്ണകള്‍, പപ്പടം, പായസം മിക്സ്, ശര്‍ക്കര, നെയ്യ്, പച്ചക്കറികള്‍, പഴങ്ങള്‍, പരിപ്പുവര്‍ഗങ്ങള്‍, മത്സ്യം, മാംസം തുടങ്ങിയവയുടെ വിതരണ കേന്ദ്രങ്ങളിലും, ഹോട്ടല്‍, ബേക്കറി, തട്ടുകടകള്‍, ചെക്ക് പോസ്റ്റുകള്‍ എന്നിവടങ്ങളിലും പരിശോധനകള്‍ നടത്തി.
ഭക്ഷ്യസുരക്ഷാ ലൈസന്‍സെടുക്കാതെ ഒരു സ്ഥാപനവും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമം അനുസരിച്ച് നിയമനടപടികള്‍ കൈക്കൊള്ളാന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ നിര്‍ദേശം നല്‍കി.
വ്യാപാരികള്‍ ഭക്ഷ്യ സുരക്ഷ ലൈസന്‍സ്/രജിസ്‌ട്രേഷന്‍ എടുക്കേണ്ടതും ഉപഭോക്താക്കള്‍ കാണുന്ന വിധം സ്ഥാപനത്തില്‍ പ്രദര്‍ശിപ്പിക്കേണ്ടതുമാണ്. നിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പനക്കായി സ്ഥാപനത്തില്‍ സൂക്ഷിക്കുകയോ, വില്‍പ്പന നടത്തുകയോ ചെയ്യരുത്. പായ്ക്ക് ചെയ്ത ഭക്ഷണസാധനങ്ങള്‍ നിയമാനുസൃതമായ ലേബല്‍ വ്യവസ്ഥകളോടെ മാത്രമെ വില്‍ക്കാന്‍ പാടുളളൂ. ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളും, വ്യക്തികളും ശുചിത്വ ശീലങ്ങള്‍ കര്‍ശനമായും പാലിച്ചിരിക്കണമെന്ന് മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.