സംസ്ഥാനത്ത് ഗവേഷണ പോളിസി രൂപീകരിക്കുമെന്ന് വീണ ജോര്‍ജ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ഗവേഷണവുമായി ബന്ധപ്പെട്ട് ഗവേഷണ പോളിസി രൂപീകരിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്. ആരോഗ്യ ശാസ്ത്ര സര്‍വകലാശാലയുടെ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഗവേഷണത്തിന് അനുമതി നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിനും വേഗത്തില്‍ അനുമതി ലഭ്യമാക്കുന്നതിനുമായി മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് ഗവേഷണ നയം രൂപീകരിക്കുന്നത്. ഗവേഷണ രംഗത്ത് ഏറെ സഹായകരമായ ഗവേഷണ പോളിസി എത്രയും വേഗം നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യ സര്‍വകലാശാലയുടെ ദീര്‍ഘകാല സ്വപ്നമാണ് സ്വന്തം കെട്ടിടത്തിലൂടെ സാക്ഷാത്ക്കരിച്ചത്. സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ടുപയോഗിച്ച് 28 കോടി രൂപയോളം ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്. മെഡിക്കല്‍ വിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്തുന്നതിന് വലിയ പ്രാധാന്യം നല്‍കിയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. രണ്ട് മെഡിക്കല്‍ കോളജുകള്‍ യാഥാർഥ്യമാക്കി. നഴ്‌സിംഗ് മേഖലയില്‍ ഏഴ് സര്‍ക്കാര്‍ നഴ്‌സിംഗ് കോളജുകള്‍ ആരംഭിച്ചു. കൂടാതെ സിമെറ്റിന്റെ കീഴിലും സീപാസിന്റെ കീഴിലും നഴ്‌സിംഗ് കോളജുകള്‍ ആരംഭിച്ചു. 2500 ഓളം നഴ്‌സിംഗ് സീറ്റുകള്‍ ഈ രണ്ട് വര്‍ഷക്കാലത്തിനുള്ളില്‍ പുതുതായി അനുവദിച്ചു. പി.ജി സീറ്റുകള്‍ കൂടുതല്‍ ലഭ്യമാക്കാന്‍ പരിശ്രമിച്ചു. അടുത്തിടെ 270 ഡോക്ടര്‍മാരെ ഒരുമിച്ച് നിയമിച്ചു.
വര്‍ത്തമാന കാലഘട്ടത്തെ വെല്ലുവിളികള്‍ തിരിച്ചറിഞ്ഞ് അവ നേരിടാനുള്ള നടപടികളുമായി മുന്നോട്ട് പോകാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിന് കഴിയും. പബ്ലിക് ഹെല്‍ത്ത് ഡയറക്ടറേറ്റ്, പബ്ലിക് ഹെല്‍ത്ത് കേഡര്‍ എന്നിവ രൂപീകരിക്കുന്നതിന് മതിയായ കോഴ്‌സുകള്‍ ആരംഭിക്കും.
നമ്മുടെ സമൂഹത്തില്‍ പലതരത്തിലുള്ള ഡേറ്റകളുണ്ട്. ഈ ഡേറ്റകള്‍ ഏകോപിപ്പിച്ച് ആരോഗ്യ മേഖലയ്ക്ക് ഉതകുന്ന പ്രോജക്ടുകള്‍ തയ്യാറാക്കും. മെഡിക്കല്‍ കോളേജ് കാമ്പസില്‍ വലിയ രീതിയില്‍ മാറ്റം വരുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ചടങ്ങില്‍ കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍എ. അധ്യക്ഷത വഹിച്ചു. ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍, കൗണ്‍സിലര്‍ ഡി.ആര്‍. അനില്‍, എത്തിക്‌സ് കമ്മിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് ഹരിഹരന്‍ നായര്‍, മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ.സി നായര്‍, സി.പി.ഡബ്ല്യു.ഡി. ചീഫ് എഞ്ചിനീയര്‍ ജേക്കബ് വര്‍ഗീസ്, എക്‌സി. എഞ്ചിനീയര്‍ ടി. റഷീദ്, പ്രോ വൈസ് ചാന്‍സലര്‍ ഡോ. സി.പി. വിജയന്‍, ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. ടി.ഡി. ശ്രീകുമാര്‍, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ലിനറ്റ് മോറിസ്, ആര്‍.സി.സി. ഡയറക്ടര്‍ ഡോ. രേഖാ നായര്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.