എല്ലാ ആശുപത്രികളേയും മാതൃശിശു സൗഹൃദമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് വീണ ജോര്‍ജ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ആശുപത്രികളേയും മാതൃശിശു സൗഹൃദ ആശുപത്രികളാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മന്ത്രി വീണ ജോര്‍ജ്. ലോക മുലയൂട്ടല്‍ വാരാചരണം സംസ്ഥാനതല ഉദ്ഘാടനവും മദര്‍ ആന്റ് ബേബി ഫ്രണ്ട്ഡി ഹോസ്പിറ്റല്‍ ഇന്‍ഷ്യേറ്റീവ് സര്‍ട്ടിഫിക്കറ്റ് വിതരണവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
രാജ്യത്ത് ആദ്യമായി മാതൃശിശു സൗഹൃദ ഇനിഷ്യേറ്റീവ് നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. 17 സര്‍ക്കാര്‍ ആശുപത്രികളും 27 സ്വകാര്യ ആശുപത്രികളും ഉള്‍പ്പെടെ 44 ആശുപത്രികള്‍ക്കാണ് മാതൃശിശു സൗഹൃദ ഇനിഷ്യേറ്റീവ് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചത്. മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കുന്നതിനും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനും വേണ്ടിയുള്ള ഈ ആശുപത്രികളുടെ പ്രയത്‌നത്തെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.
ആരോഗ്യ സംവിധാനത്തില്‍ കേരളം ഗണ്യമായ പുരോഗതിയാണ് കൈവരിച്ചിട്ടുള്ളത്. എന്നാല്‍ എന്‍.എഫ്.എച്ച്.എസ്. അഞ്ച് സര്‍വേ പ്രകാരം മുലയൂട്ടല്‍ സൂചകങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ നമ്മള്‍ ഇനിയും തുടരേണ്ടതുണ്ടെന്നാണ് കാണുന്നത്. 41.8 ശതമാനം കുഞ്ഞുങ്ങള്‍ക്ക് മാത്രമാണ് ജനിച്ചു ഒരു മണിക്കൂറിനുള്ളില്‍ മുലയൂട്ടല്‍ ആരംഭിക്കുന്നത്. അതുപോലെ തന്നെ 63.7 ശതമാനം കുഞ്ഞുങ്ങള്‍ക്ക് മാത്രമാണ് ആറ് മാസക്കാലം സമ്പൂര്‍ണമായി മുലപ്പാല്‍ ലഭിക്കുന്നത്. ഇത് നമ്മുടെ ശ്രദ്ധ ആവശ്യപ്പെടുന്ന നിര്‍ണായക മേഖലകളാണ്. ഇതിന്റെയടിസ്ഥാനത്തിലാണ് മദര്‍ ആന്റ് ബേബി ഫ്രണ്ട്‌ലി ഇനിഷ്യേറ്റീവ് ആരംഭിച്ചത്.
ഭവന കേന്ദ്രീകൃതമായ ഹോം ബേസ്ഡ് ചൈല്‍ഡ് കെയര്‍ പ്രോഗ്രാം എന്ന പേരില്‍ മറ്റൊരു അഭിമാനകരമായ പരിപാടി കൂടി കേരളം നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ്. ആദ്യ ആഴ്ച മുതല്‍ ഒന്നര വയസ് വരെയുള്ള കുട്ടികള്‍ക്കായി ആശാ വര്‍ക്കര്‍മാരിലൂടെ നടത്തുന്ന കേന്ദ്രീകൃത ഭവന സന്ദര്‍ശനമാണ് ഈ പരിപാടി വിഭാവനം ചെയ്യുന്നത്. വളര്‍ച്ചയും വികാസവും നിരീക്ഷിക്കുന്നതിന് പുറമേ, മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കാനും അമ്മയുടെയും കുഞ്ഞിന്റേയും ക്ഷേമം ഉറപ്പാക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു.
സ്ത്രീ ശാക്തീകരണത്തില്‍ ഏറ്റവും പ്രധാനം സാമ്പത്തിക ശാക്തീകരണമാണ്. തൊഴിലിടങ്ങളില്‍ മുലയൂട്ടല്‍ കേന്ദ്രവും ശിശുപരിപാലന കേന്ദ്രവും ആവശ്യമാണ്. 2017ലെ ആക്ട് പ്രകാരം 50 വനിതകളുള്ള സ്ഥാപനങ്ങളില്‍ ശിശു പരിപാലന കേന്ദ്രം ആരംഭിക്കണം. മാരകമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനും രോഗങ്ങള്‍ക്കെതിരെയുള്ള വലിയ കവചവുമാണ് മുലപ്പാല്‍. കുഞ്ഞുങ്ങളുടെ അവകാശമാണ് മുലപ്പാല്‍. അതിന് വേണ്ടിയുള്ള കൂട്ടായ പരിശ്രമമാണ് നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.
എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ജീവന്‍ ബാബു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന, അഡീഷണല്‍ ഡയറക്ടര്‍ മീനാക്ഷി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിന്ദു മോഹന്‍, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ലിനെറ്റ് ജൂഡിറ്റ് മോറിസ് തുടങ്ങിയര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.