ആർ.സി.സിയില്‍ സര്‍ഫസ് ഗൈഡഡ് റേഡിയേഷന്‍ തെറാപ്പി ആരംഭിച്ചുവെന്ന് വീണ ജോര്‍ജ്
text_fieldsതിരുവനന്തപുരം: റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ അത്യാധുനിക സര്‍ഫസ് ഗൈഡഡ് റേഡിയേഷന്‍ തെറാപ്പി (എസ്.ജി.ആര്‍.ടി.) ആരംഭിച്ചുവെന്ന് മന്ത്രി വീണ ജോര്‍ജ്. റേഡിയേഷന്‍ ചികിത്സയില്‍ ഉപയോഗിക്കുന്ന ഒരു നൂതന സാങ്കേതിക വിദ്യയാണ് എസ്.ജി.ആര്‍.ടി. സാധാരണ കോശങ്ങള്‍ക്ക് കേടുപാട് വരുത്താതെ കാന്‍സര്‍ കോശങ്ങളില്‍ മാത്രം കൃത്യമായ റേഡിയേഷന്‍ നല്‍കാനും പാര്‍ശ്വഫലങ്ങള്‍ കുറക്കാനും ഇതിലൂടെ സാധിക്കും.
റേഡിയേഷന്‍ ചികിത്സയില്‍ ഉയര്‍ന്ന കൃത്യത ഉറപ്പാക്കുന്നതിനും ശരീരത്തിന്റെ ചലനങ്ങള്‍ നിരീക്ഷിക്കുന്നതിനും ഈ സാങ്കേതികവിദ്യയിലൂടെ സഹായിക്കുന്നു. ത്രീഡി ഇമേജിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് ശരീരത്തിലെ ഉപരിതലം നിരീക്ഷിക്കുന്നതിനാല്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോയെന്ന് തത്സമയം കണ്ടെത്താനും ഉടനടി പരിഹരിക്കാനും സാധിക്കുന്നു. സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായാണ് ഇത്തരമൊരു റേഡിയേഷന്‍ തെറാപ്പി ചികിത്സാ സംവിധാനം സജ്ജമാക്കിയതെന്നും മന്ത്രി വ്യക്തമാക്കി.
സ്തനാര്‍ബുദം, ശ്വാസകോശാര്‍ബുദം, മറ്റ് കാന്‍സര്‍ രോഗങ്ങള്‍ എന്നിവയിലാണ് സാധാരണ എസ്.ജി.ആര്‍.ടി. ചികിത്സ നല്‍കുന്നത്. കൃത്യമായ സ്ഥലത്ത് റേഡിയേഷന്‍ നല്‍കുന്നതിലൂടെ അനാവശ്യമായ റേഡിയേഷന്‍ ശരീരത്തില്‍ പതിക്കുന്നത് കുറയ്ക്കാന്‍ സാധിക്കുന്നു. ശരീരത്തില്‍ ടാറ്റൂ ചെയ്ത് മാര്‍ക്കിട്ടാണ് സാധാരണ റേഡിയേഷന്‍ നല്‍കുന്നത്. എന്നാല്‍ ഈ നൂതന ചികിത്സയില്‍ ടാറ്റു ചെയ്യേണ്ട ആവശ്യമില്ല.
സാധാരണ റേഡിയേഷന്‍ ചികിത്സയില്‍ രോഗിയുടെ ചലനം മാറിപ്പോയാല്‍ റേഡിയേഷനും മാറിപ്പോകാന്‍ സാധ്യതയുണ്ട്. എന്നാല്‍ എസ്.ജി.ആര്‍.ടി. ചികിത്സയില്‍ രോഗിയ്ക്ക് കൂടുതല്‍ സൗകര്യം ലഭിക്കുന്നു. ചികിത്സയ്ക്കിടെ ഉണ്ടാകുന്ന ചെറിയ ചലനങ്ങള്‍ പോലും ത്രീഡി സാങ്കേതികവിദ്യയിലൂടെ കണ്ടെത്താന്‍ സഹായിക്കുന്നു. ഇത് റേഡിയേഷന്‍ ചികിത്സയുടെ കൃത്യത വര്‍ദ്ധിപ്പിക്കുന്നു.
സ്തനാര്‍ബുദ ചികിത്സയില്‍ സര്‍ഫസ് ഗൈഡഡ് റേഡിയേഷന്‍ തെറാപ്പി വളരെ ഫലപ്രദമാണ്. സ്തനത്തിലെ കാന്‍സര്‍ കോശങ്ങളുടെ കൃത്യമായ സ്ഥാനത്ത് റേഡിയേഷന്‍ നല്‍കാന്‍ സാധിക്കുന്നതിനാല്‍ ചുറ്റുമുള്ള ആരോഗ്യമുള്ള കോശങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടാകുന്നത് തടയുന്നു. ഇടത്തേ നെഞ്ചില്‍ റേഡിയേഷന്‍ നല്‍കുമ്പോള്‍ ഹൃദയത്തിന് കേടുപാട് സംഭവിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
ഈ ചികിത്സയിലൂടെ ശ്വാസകോശത്തിലേക്കും ഹൃദയത്തിലേക്കും റേഡിയേഷന്‍ ഏല്‍ക്കുന്നത് പരമാവധി കുറയ്ക്കാനും സാധിക്കുന്നു. എസ്.ജി.ആര്‍.ടി. ഉപയോഗിച്ച് ശ്വാസോച്ഛ്വാസം നിരീക്ഷിച്ച് റേഡിയേഷന്‍ നല്‍കുന്നതിനാല്‍ ഈ അവയവങ്ങളെ സംരക്ഷിക്കാനും സാധിക്കുന്നു. ഇത് ദീര്‍ഘകാല പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. സര്‍ഫസ് ഗൈഡഡ് റേഡിയേഷന്‍ തെറാപ്പി സ്തനാര്‍ബുദ രോഗികള്‍ക്ക് സുരക്ഷിതവും ഫലപ്രദവുമായ ചികിത്സ ഉറപ്പാക്കുകയും ചെയ്യുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.