രോഗികളോടും കൂട്ടിരിപ്പുകാരോടും നേരിട്ട് വിവരങ്ങൾ അന്വേഷിച്ച് വീണ ജോർജ്
text_fieldsകൊച്ചി: മന്ത്രി വീണ ജോർജ് എറണാകുളം ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികൾ സന്ദർശിച്ചു പ്രവർത്തനം വിലയിരുത്തി. കോതമംഗലം താലൂക്ക് ആശുപത്രി, മൂവാറ്റുപുഴ ജനറൽ ആശുപത്രി, പിറവം താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് മന്ത്രി നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തിയത്.
രാവിലെ എത്തിയ മന്ത്രി വിവിധ വാർഡുകൾ, ലേബർ റൂം, ശുചിമുറികൾ, ഒ.പി തുടങ്ങിയ ഇടങ്ങൾ സന്ദർശിക്കുകയും രോഗികളുമായും കൂട്ടിരിപ്പുകാരുമായും ആരോഗ്യപ്രവർത്തകരുമായും ആശുപത്രികളിലെ സേവനങ്ങളും മറ്റുകാര്യങ്ങളും സംസാരിച്ചു. ആശുപത്രിയിലെ സേവനങ്ങളും ആർദ്രം ഉൾപ്പെടെയുള്ള വിവിധ പദ്ധതികളുടെ നടത്തിപ്പും മന്ത്രി വിലയിരുത്തി.
കോതമംഗലം താലൂക്ക് ആശുപത്രി സന്ദർശിച്ച മന്ത്രി നിർമാണത്തിലിരിക്കുന്ന അത്യാഹിത വിഭാഗത്തിന്റെയും ഡയാലിസിസ് സെന്ററിന്റെയും പുരോഗതി വിലയിരുത്തി. ആശുപത്രിയിൽ അനുവദിച്ചിട്ടുള്ള കിഫ്‌ബി പദ്ധതിയുടെ വിവരങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് മന്ത്രി ചോദിച്ചറിഞ്ഞു. ആന്റണി ജോൺ എം.എൽ.എ, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ.ജെ റീന തുടങ്ങിയവർ മന്ത്രിയെ അനുഗമിച്ചു.
മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ നിർമാണത്തിലിരിക്കുന്ന സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, ഒ.പി കെട്ടിടത്തിന്റെ ഒന്നാം നില എന്നിവയുടെ പുരോഗതിയും മറ്റ് പദ്ധതികളെ സംബന്ധിച്ചും മന്ത്രി ചോദിച്ചറിഞ്ഞു. മാത്യു കുഴൽനാടൻ എം.എൽ.എ, മൂവാറ്റുപുഴ നഗരസഭാ ഉപാധ്യക്ഷ സിനി ബിജു, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ നിസ അഷറഫ് വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ മന്ത്രക്കൊപ്പം ഉണ്ടായിരുന്നു.
പിറവം താലൂക്ക് ആശുപത്രിയിലെത്തിയ മന്ത്രി പുതിയതായി നിർമാണം പൂർത്തീകരിച്ച കെട്ടിടത്തിന്റെ സ്ഥിതിഗതികൾ വിലയിരുത്തി. ഫർണിച്ചറുകളും മറ്റ് ഉപകരണങ്ങളുമുൾപ്പെടെ അനുവദിച്ച് കൊണ്ട് കെട്ടിടം ഉടൻ പ്രവർത്തന സജ്ജമാക്കുമെന്ന് മന്ത്രി പറഞ്ഞു. ആർദ്രം മാനദണ്ഡ പ്രകാരമുള്ള സ്പെഷ്യാലിറ്റി സേവനങ്ങൾ പിറവം താലൂക്ക് ആശുപത്രിയിൽ ഉൾപ്പെടെ സജ്ജമാക്കുകയാണ് സർക്കാർ ലക്ഷ്യം. അത് സമയബന്ധിതമായി ജനകീയ പങ്കാളിത്തത്തോടെ മുന്നോട്ട് കൊണ്ടുപോകുകയാണെന്നും പിറവം താലൂക്ക് ആശുപത്രിയിൽ പുതിയ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ജില്ലയിലെ താലൂക്ക് ആശുപത്രികളിലെ ആവശ്യങ്ങൾ എന്തൊക്കെയാണെന്ന് മനസിലാക്കാനും ചർച്ച ചെയ്ത് തീരുമാനങ്ങൾ നടപ്പിലാക്കാനും എം.എൽ.എ മാരുടെ പങ്കാളിത്തത്തോടെ 12 ന് കലക്ടറേറ്റിൽ യോഗം ചേരും. അനൂപ് ജേക്കബ് എം.എൽ.എ, പിറവം നഗരസഭാ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ്,ആരോഗ്യ വിഭാഗം ഡയറക്ടർ കെ.ജെ. റീന തുടങ്ങിയവർ മന്ത്രിയോടൊപ്പം ആശുപത്രി സന്ദർശനത്തിൽ പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.