പൊതു സ്വകാര്യ സ്ഥാപനങ്ങളില്‍ മുലയൂട്ടല്‍ കേന്ദ്രവും ശിശുപരിപാലന കേന്ദ്രവും ഉറപ്പാക്കാന്‍ സര്‍വേ നടത്തുമെന്ന് വീണ ജോര്‍ജ്
text_fieldsതിരുവനന്തപുരം: 50 ലധികം ജീവനക്കാര്‍ ജോലിചെയ്യുന്ന മെറ്റേണിറ്റി ബെനിഫിറ്റ് ആക്ടിന്റെ പരിധിയില്‍ വരുന്ന തൊഴിലിടങ്ങളില്‍ മുലയൂട്ടല്‍ കേന്ദ്രം, ശിശുപരിപാലന കേന്ദ്രം എന്നിവ നിലവിലുണ്ടോ എന്ന് കണ്ടെത്തുന്നതിന് വനിത ശിശുവികസന വകുപ്പ് സര്‍വേ നടത്തുമെന്ന് മന്ത്രി വീണാ ജോര്‍ജ്. വനിത ശിശുവികസന വകുപ്പ് സംഘടിപ്പിച്ച ലോക മുലയൂട്ടല്‍ വാരാചരണം, ഗവ. സെക്രട്ടറിയേറ്റിലെ നവീകരിച്ച മോഡല്‍ ക്രഷ്, പൂജപ്പുര വനിതാ ശിശു വികസന ഡയറക്ടറേറ്റ് കോംപ്ലെക്‌സില്‍ സജ്ജീകരിച്ചിട്ടുള്ള ക്രഷ് എന്നിവയുട ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
അവ ഇല്ലാത്തയിടങ്ങളില്‍ മുലയൂട്ടല്‍ കേന്ദ്രം അടക്കമുള്ള ശിശുപരിപാലന കേന്ദ്രങ്ങള്‍ ആരംഭിക്കേണ്ടത് തൊഴിലുടമകളുടെ ഉത്തരവാദിത്തമാണ് എന്നു സ്ഥാപന മേധാവിയെ ബോധ്യപ്പെടുത്തും. അവ ലഭ്യമാകേണ്ടത് ജീവനക്കാരുടെ അവകാശമാണ്. ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് വകുപ്പിന്റെ ജില്ലാ, ബ്ലോക്ക്തല ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിലെ തൊഴില്‍ മേഖലയിലെ സ്ത്രീ പങ്കാളിത്തം ഇനിയും വര്‍ധിക്കേണ്ടതുണ്ട്. കൂടുതല്‍ സ്ത്രീകളെ തൊഴില്‍ മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനും നിലനിര്‍ത്തുന്നതിനും സ്ത്രീ സൗഹൃദ, സുരക്ഷിത തൊഴിലിടങ്ങള്‍ ഒരുക്കേണ്ടത് അത്യാവശ്യമാണ്. സ്വകാര്യ മേഖലയില്‍ തൊഴില്‍ നേടുന്ന വനിതകളില്‍ ബഹു ഭൂരിപക്ഷവും പ്രസവാനന്തരം ശിശുപരിപാലനത്തിനായി തൊഴില്‍ ഉപേക്ഷിക്കേണ്ട സാഹചര്യം നിലവിലുണ്ട്.
സ്ത്രീ ശാക്തീകരണത്തിന്റെ പ്രധാന ഉപാധിയായ സാമ്പത്തിക സ്വയം പര്യാപ്തതയ്ക്ക് ഇത് ഒരു തടസമായി മാറാം. പൊതു സ്വകാര്യ മേഖലയിലെ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനു ലിംഗ സമത്വത്തിലൂന്നിയ പുതിയ തൊഴില്‍ സംസ്‌ക്കാരം രൂപപ്പെടുത്തേണ്ടതുണ്ട്. 2017ലെ മെറ്റേണിറ്റിബെനിഫിറ്റ് (ഭേദഗതി) ആക്ട് പ്രകാരം 50ലധികം ജീവനക്കാര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ ക്രഷ് സൗകര്യം ഏര്‍പ്പെടുത്തേണ്ടതാണ്.
വനിതാ ശിശു വികസന വകുപ്പ് മുഖേന 25 ക്രഷുകള്‍ ആരംഭിക്കുന്നതിന് തീരുമാനിച്ചു. അതില്‍ 18 ക്രഷുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇതിലേയ്ക്കായി ക്രഷ് ഒന്നിന് രണ്ട് ലക്ഷം രൂപ നിരക്കില്‍ ആകെ 50 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തിട്ടുണ്ട്.
സംസ്ഥാനത്തിന്റെ ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയേറ്റില്‍ സെക്രട്ടേറിയേറ്റ് വിമന്‍സ് വെല്‍ഫയര്‍ സൊസൈറ്റി ആൻഡ് റിക്രിയേഷന്‍ ക്ലബ് മുഖേനെ നിലവില്‍ പ്രവര്‍ത്തിക്കുന്ന ക്രഷിനെയാണ് മാതൃക ക്രഷ് ആയി നവീകരിച്ചത്. സംസ്ഥാന സര്‍ക്കാര്‍ വിഹിതമായ രണ്ട് ലക്ഷം രൂപക്ക് പുറമേ എസ്.ബി.ഐ.യുടെ സി.എസ്.ആര്‍. ഫണ്ടില്‍ നിന്നും നാല് ലക്ഷം രൂപ ഉള്‍പ്പെടെ ആറ് ലക്ഷം രൂപ വിനിയോഗിച്ചാണ് ഈ ക്രഷ് നവീകരിച്ച് പ്രവര്‍ത്തന സജ്ജമാക്കിയത്. കൂടാതെ ആര്‍ട്ട്‌കോയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ മുലയൂട്ടല്‍ കേന്ദ്രം സജ്ജീകരിക്കുകയും ചെയ്തിട്ടുണ്ട്.
വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ജി. പ്രിയങ്ക അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടേറിയേറ്റ് വിമന്‍സ് വെല്‍ഫയര്‍ സൊസൈറ്റി ആൻഡ് റിക്രിയേഷന്‍ ക്ലബ് ജനറല്‍ സെക്രട്ടറി രാജി ആര്‍. പിള്ള, പ്രസിഡന്റ് ബി. സജി, ട്രഷറര്‍ എല്‍. അശോക കുമാരി, എസ്.ബി.ഐ. ചീഫ് ജനറല്‍ മാനേജര്‍ എ. ഭുവനേശ്വരി, ആര്‍ട്ട്‌കോ ചെയര്‍മാന്‍ വി.എസ്. അനൂപ്, വനിത ശിശുവികസന വകുപ്പ് അഡീ. ഡയറക്ടര്‍ ബിന്ദു ഗോപിനാഥ് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.