ഓർമകളിൽ നടനം നിറഞ്ഞ്
text_fieldsതിരുവനന്തപുരം: ചെസ്റ്റ് നമ്പർ വിളിക്കുന്നു. കർട്ടൻ ഉയരുന്നു.... ഭരതനാട്യ മുദ്രകളിൽ ലയിച്ച് സദസൊന്നാകെയിരിക്കുമ്പോൾ വർഷങ്ങൾക്ക് പിന്നിലേക്ക് ഓർമകൾ പായിക്കുകയാണ് വീണയും അഞ്ജിതയും സിനിയും ആര്യയും വിദ്യയും. ആ ഓർമകളിൽ വിമൻസ് കോളജ് വേദിയിൽ നൃത്തമാടാൻ നിൽക്കുന്ന കൗമാരക്കാരികൾ അവർ.
മന്ത്രിയും സംഘവും ഫയൽ ചിത്രം
ഇന്ന് സംസ്ഥാന മന്ത്രിയും പ്രശസ്ത കലാകാരികളുമൊക്കെയായി വളർന്നിട്ടും കലയുടെ ഒറ്റ ചരടിൽ കോർത്ത് 28 വർഷത്തോളമെത്തിയ ഓർമകൾക്കിന്നും ചെറുപ്പം. മന്ത്രി വീണ ജോർജും സഹോദരിയും അഭിഭാഷകയുമായ വിദ്യയും നടിമാരായ ആര്യയും അഞ്ജിതയും ഗായിക സിനിജയുമാണ് സൗഹൃദത്തിന്‍റെ ഓർമ പുതുക്കാൻ കലോത്സവത്തിന്‍റെ രണ്ടാം വേദിയിൽ ഭരതനാട്യം കാണാൻ എത്തിയത്. തങ്ങൾ നൃത്തം കളിച്ച വേദിയിൽ പുതുതലമുറയുടെ നടനം കാണാൻ കൂട്ടുകാരുമൊത്ത് എത്താൻ കഴിഞ്ഞതിന്‍റ സന്തോഷം മന്ത്രി പങ്കുവെച്ചു.
വീണ ജോർജ് പി.ജിക്കും സിനിജയും അഞ്ജിതയും ഡിഗ്രിക്കും ആര്യയും വിദ്യയും പ്രീഡിഗ്രിക്കും പഠിക്കുമ്പോഴാണ് വിമൻസ് കോളജിലെ യൂനിവേഴ്സിറ്റി കലോത്സവം ഉൾപ്പെടെ നൃത്ത വേദികൾ ഒരുമിച്ച് കീഴടക്കിയത്. ക്ലാസുകളാൽ അകന്നിരുന്നവരെ കല അങ്ങനെ ഒരുമിപ്പിച്ചു. സൗഹൃദം മൂന്നു പതിറ്റാണ്ടോളം എത്തവേ കൂടുതൽ ഊഷ്മളായി തുടരുന്നതായി സുഹൃത് സംഘം പറയുന്നു. സ്കൂൾ കലോത്സവ കാഴ്ചകൾ പഴയ കാലത്തേക്ക് കൊണ്ടുപോകുന്നതായി മന്ത്രി വീണ ജോർജ് പറഞ്ഞു. എച്ച്.എസ്.എസ് ഭരതനാട്യം മത്സരങ്ങളും കണ്ട് പുതുതലമുറക്ക് ആശംസയും നേർന്നാണ് മന്ത്രിയും കൂട്ടുകാരികളും മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.