വീണയുടെ സാരിയിൽ തീ പടർന്നു; ധൈര്യം പകർന്ന് കൂടെ നിന്നത് പ്രിയങ്ക
text_fieldsകോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധിക്കൊപ്പം ആറ്റുകാല്‍ ക്ഷേത്രത്തിലെ നാരങ്ങാവിളക്ക് കത്തിക്കുന്നതിനിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണ എസ് നായരുടെ സാരിയില്‍ തീപിടിച്ചു. പെട്ടെന്നുള്ള അപകടത്തില്‍ പകച്ചുപോയ വീണക്ക് ധൈര്യം നൽകിയത് പ്രിയങ്കയുടെ സമയോചിതമായ ഇടപെടലായിരുന്നു.
കഴിഞ്ഞ ദിവസം ആറ്റുകാല്‍ ക്ഷേത്ര നട അടക്കുന്നതിന് തൊട്ട് മുമ്പായിരുന്നു പ്രിയങ്കയും വീണ എസ് നായരും മറ്റ് പ്രവര്‍ത്തകരും ക്ഷേത്രത്തില്‍ എത്തിയത്. നാരങ്ങാ വിളക്ക് കത്തിക്കുന്നതിനിടെയാണ് വീണയുടെ സാരിയിൽ തീ പടര്‍ന്നത്. ഒപ്പമുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരടക്കം ഇടപെട്ട് ഉടനെ തീ അണച്ചു. എന്നാല്‍, പകച്ചു പോയ വീണയെ കൂടെ കൂട്ടി ധൈര്യം നൽകുകയായിരുന്നു പ്രിയങ്ക. തീ പടർന്ന് വീണയുടെ സാരി വികൃതമായതിനാൽ തനിക്ക് ലഭിച്ച ഷാള്‍ പ്രിയങ്ക അവർക്ക് നൽകി. വീണയെ പ്രിയങ്ക വാഹനത്തിൽ കൂടെ കൊണ്ടു പോകുകയും ചെയ്തു.
സംഭവത്തെ കുറിച്ച് വീണ പങ്കുെവച്ച കുറിപ്പ്:
പ്രിയങ്ക : കൂടെ പിറക്കാതെ പോയ സഹോദരിയുടെ കരുതൽ
എത്ര വൈകിയാണെങ്കിലും ഇത് നിങ്ങളോട് പങ്കുവയ്ക്കാതെ ഉറങ്ങില്ല എന്ന വാശിയോടെയാണ് ഞാൻ ഈ കുറിപ്പ് എഴുതിയത്. ആറ്റുകാൽ ദേവി ക്ഷേത്ര നടയിൽ സ്ഥാനാർഥിയായ എനിക്ക് പ്രിയങ്കജിക്കൊപ്പം പ്രാർത്ഥിക്കാൻ ഇന്ന് അവസരം ലഭിച്ചു. നേരത്തെ തീരുമാനിച്ചത് പ്രകാരം ശ്രീ കെ മുരളീധരൻസാറിനൊപ്പം ഞാൻ ആറ്റുകാൽ നടയിൽ കാത്തു നിൽക്കുകയായിരുന്നു. പ്രീയങ്കജി എത്തിയത് മാത്രമേ അറിഞ്ഞുള്ളു. അസഹനീയമായ ഉന്തും തള്ളും. സ്ഥാനാർഥിയാണ് എന്ന് പറഞ്ഞപ്പോൾ കൂടെയുള്ളവർ പ്രിയങ്കജിയുടെ അടുത്തേക്ക് പോകാൻ അനുവദിച്ചു. നാരങ്ങാ വിളക്കിൽ പ്രിയങ്ക തിരി കൊളുത്താൻ നിൽക്കുമ്പോൾ പുറകിലെ ഉന്തിലും തള്ളിലും എന്‍റെ സാരിയിൽ തീപിടിച്ചത് ഞാൻ അറിഞ്ഞില്ല . കോട്ടൺ സാരിയിൽ തീ ആളിപടരുമ്പോൾ പരിഭ്രാന്തി പടർന്നു.
പിന്നിൽ നിന്ന് എസ്പിജി ഉദ്യോഗസ്ഥരോ മറ്റോ ആണ് തീ കെടുത്തിയത്. നല്ല ഭാഗം തീ കത്തിയ എന്‍റെ സാരി ആകെ അലങ്കോലമായി. ഉടനെത്തന്നെ പ്രിയങ്കജിയുടെ കൈയിലുണ്ടായിരുന്ന, പാർട്ടിപ്രവർത്തകർ നൽകിയ ഷാൾ എന്‍റെ മേൽ പുതപ്പിച്ചു. പിന്നെ എന്‍റെ കൈ മുറുകെ പിടിച്ചു കൊണ്ട് ഒരു കൊച്ചു കുട്ടിയെ കൊണ്ടുനടക്കുന്ന വാത്സല്യത്തോടെ പ്രാർത്ഥിക്കാൻ കൊണ്ടുപോയി. പ്രാർത്ഥന കഴിഞ്ഞു തിരിച്ചു പോകാൻ ഒരുങ്ങുമ്പോൾ ഒരു അത്യാവശ്യ വിഷയം പ്രിയങ്കജിയുടെ ശ്രദ്ധയിൽപ്പെടുത്താൻ ഉണ്ടായിരുന്നു എന്ന് ഞാൻ പറഞ്ഞതും കാറിൽ കയറാൻ പറഞ്ഞു. വഴിമധ്യേ കാര്യം ശ്രദ്ധയിൽപ്പെടുത്തി. വഴിയോരത്തു കാത്ത് നിൽക്കുന്ന പതിനായിരങ്ങളോട് സൺറൂഫിൽ നിന്നും കൈ വീശുമ്പോൾ എന്നോടും കൂടെ എഴുനേറ്റു നിൽക്കാൻ പറഞ്ഞു. അല്പം മടിച്ചുകൊണ്ടു ഞാൻ സാരിയുടെ കാര്യം വീണ്ടും ഓർമിപ്പിച്ചു. പ്രിയങ്കജി ധരിച്ചിരുന്ന മഞ്ഞ ചുരിദാറിന്‍റെ ഷാൾ എനിക്ക് നേരെ നീട്ടികൊണ്ടു ഇത് പുതച്ചാൽ മതി എന്ന് പറഞ്ഞു.
കുറച്ചു മണിക്കൂർ പിറക്കാതെ പോയ ഒരു സഹോദരിയുടെ സ്നേഹവും സാന്ത്വനവും ഞാൻ അറിഞ്ഞു, അനുഭവിച്ചു. ഇന്ത്യക്കു വേണ്ടി ജീവൻ ബലികഴിച്ച രാജീവിന്‍റെ മകൾ, ഇന്ദിരയുടെ കൊച്ചുമകൾ.... എന്നെ പോലെ സാധാരണക്കാരിയായ ഒരു കുട്ടിക്ക് നൽകിയ പരിഗണന.. സ്നേഹം, കരുതൽ.. എനിക്ക് വാക്കുകളില്ല. കഴിഞ്ഞു പോയ മണിക്കൂറുകൾ സ്വപ്നമല്ല എന്ന് ഞാൻ എന്നെ ഇപ്പോഴും ബോധ്യപ്പെടുത്തുകയാണ്.
ഈ പ്രസ്ഥാനം തകരില്ല.. ഈ പ്രസ്ഥാനം തളരില്ല. ഇത് ഇന്ദിരയുടെ പ്രസ്ഥാനമാണ്.. ഇത് പ്രിയങ്കയുടെയും രാഹുലിന്‍റെയും ലക്ഷ കണക്കിന് സാധാരണക്കാരുടെയും പ്രസ്ഥാനമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.