വീണയുടെ നികുതി: സി.പി.എമ്മിന്റെ ക്യാപ്സൂൾ മാത്രമാണെന്ന് കെ. സുരേന്ദ്രൻ
text_fieldsതിരുവനന്തപുരം: മാസപ്പടിയായി വാങ്ങിയ പണത്തിന് വീണാ വിജയൻ നികുതി അടച്ചെന്നത് സിപിഎമ്മിന്റെ ക്യാപ്സൂൾ മാത്രമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സി.എം.ആർ.എല്ലും വീണയുടെ കമ്പനിയായ എക്സലോജികുമായുള്ള ഇടപാടിൽ വീണ തയ് ക്കണ്ടി എന്തിനാണ് ജി.എസ്.ടി അടക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ ചോദിച്ചു.
രണ്ട് കമ്പനികൾ തമ്മിലുള്ള നിയമാനുസൃതമായ ഇടപാടാണെന്നാണ് സി.പി.എം സെക്രട്ടറിയേറ്റ് പറഞ്ഞത്. അങ്ങനെയയെങ്കിൽ എന്തുകൊണ്ടാണ് കമ്പനി നികുതി അടക്കാത്തതെന്ന് സി.പി.എം വ്യക്തമാക്കണം. മാസപ്പടിയായി വാങ്ങിയ 1.72 കോടിയുടെ നികുതിയാണ് വീണ അടച്ചതെന്ന് രേഖയിൽ എവിടെയും പറയുന്നുമില്ല. കൈക്കൂലിക്ക് നികുതി അടക്കാനാവില്ലെന്ന് ഇനിയെങ്കിലും സി.പി.എമ്മുകാർ മനസിലാക്കണം.
സി.എം.ആർ.എല്ലിൽ നിന്നും വീണ പണം വാങ്ങിയത് അവരുടെ ജി.എസ്.ടി രജിസ്ട്രേഷന് മുമ്പാണ്. അപ്പോൾ അവർക്ക് അതിന് മുമ്പ് വാങ്ങിയ പണത്തിന് എങ്ങനെയാണ് ജി.എസ്.ടി അടക്കാൻ സാധിക്കുകയെന്ന് മനസിലാകുന്നില്ല. സംസ്ഥാന ധനവകുപ്പ് പിണറായി വിജയന്റെ കൊള്ളക്ക് കുടപിടിക്കുകയാണ്. പാവപ്പെട്ടവരെ നികുതി ഭാരം അടിച്ചേൽപ്പിച്ച് പിഴിയുന്ന ധനവകുപ്പ് കള്ളപ്പണക്കാർക്കും അഴിമതിക്കാർക്കും വഴിവിട്ട സഹായമാണ് ചെയ്യുന്നത്.
മുഖ്യമന്ത്രിയെ ന്യായീകരിക്കാൻ ശ്രമിച്ച് സർക്കാർ കൂടുതൽ കൂടുതൽ കുടുക്കിലേക്കാണ് പോവുന്നത്. ജനം വെള്ളക്കെട്ടിൽ വലയുമ്പോൾ സർക്കാർ കോടികൾ ധൂർത്തടിച്ച് കേരളീയം നടത്തുകയാണ്. കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം നൽകുന്നതിലല്ല മറിച്ച് മുഖ്യമന്ത്രിയുടെ പേരിൽ രാജ്യാന്തര ടെന്നീസ് ടൂർണമെന്റ് നടത്തുന്നതിലാണ് സർക്കാരിന് താത്പര്യമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.