വിഭിന്ന മേഖലകളിൽ വിരാജിച്ച വീരേന്ദ്രകുമാർ
text_fields1936 ജൂലൈ 22ന് കൽപറ്റയിലായിരുന്നു വീരേന്ദ്രകുമാറിെൻറ ജനനം. പ്രമുഖ സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവും മദിരാശി നിയമസഭാംഗവുമായിരുന്ന എം.കെ. പത്മപ്രഭാഗൗഡറുടെയും മരുദേവി അവ്വയുടെയും മകനാണ്. മദിരാശി വിവേകാനന്ദ കോളജില്‍നിന്ന് ഫിലോസഫിയില്‍ മാസ്റ്റര്‍ ബിരുദവും അമേരിക്കയിലെ സിന്‍സിനാറ്റി സർവകലാശാലയില്‍നിന്ന് എം.ബി.എ ബിരുദവും നേടി. എഴുത്തിലും രാഷ്ട്രീയത്തിലുമടക്കം വിവിധ മേഖലകളിൽ വിരാജിച്ചുനിന്ന വ്യക്തിത്വമായിരുന്നു ഈ വയനാട്ടുകാരേൻറത്. സംസ്ഥാന മന്ത്രിയും കേന്ദ്ര മന്ത്രിയും എം.എൽ.എയും എം.പിയുമൊക്കെയായി മികവു കാട്ടിയ അദ്ദേഹം രാജ്യസഭാ എം.പിയായിരിക്കേയാണ് 84ാം വയസ്സിൽ ജീവിതത്തോടു വിടപറഞ്ഞത്.
സ്‌കൂള്‍ വിദ്യാർഥിയായിരുന്ന കാലത്ത് സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവ് ജയപ്രകാശ് നാരായണ്‍ ആണ് പാര്‍ട്ടിയില്‍ അംഗത്വം നൽകിയത്. അടിയന്തരാവസ്ഥക്കാലത്ത് സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ജയില്‍വാസമനുഭവിക്കുകയും ചെയ്തു. 1987ല്‍ കേരള നിയമസഭാംഗവും വനം വകുപ്പു മന്ത്രിയുമായി. വനങ്ങളിലെ മരങ്ങള്‍ മുറിക്കരുതെന്നായിരുന്നു ആദ്യത്തെ ഉത്തരവ്. 48 മണിക്കൂറിനുള്ളില്‍ മന്ത്രിസ്ഥാനം രാജിവെക്കുകയും ചെയ്തു. കേന്ദ്രമന്ത്രിസഭയില്‍ ധനകാര്യ സഹമന്ത്രിയും പിന്നീട് തൊഴില്‍വകുപ്പിെൻറ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയുമായിരുന്നു. 2004-09 കാലത്ത് പാര്‍ലമെൻറ് അംഗമായും സേവനമനുഷ്ഠിച്ചു. 2016, 2018 വർഷങ്ങളിൽ രാജ്യസഭാംഗമായി.
മാതൃഭൂമി പ്രിൻറിങ് ആൻഡ് പബ്ലിഷിങ് കമ്പനിയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ്. ഇന്ത്യന്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍, പി.ടി.ഐ ഡയറക്ടര്‍, പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ട്രസ്റ്റി, ഇൻറര്‍ നാഷനല്‍ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് മെമ്പര്‍, കോമണ്‍വെല്‍ത്ത് പ്രസ് യൂനിയന്‍ അംഗം, വേള്‍ഡ് അസോസിയേഷന്‍ ഓഫ് ന്യൂസ്‌പേപ്പേഴ്‌സ് എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍, ലോക് താന്ത്രിക് ജനതാദള്‍ സ്ഥാപക നേതാവാണ്. 1992-93, 2003-04, 2011 -12 കാലയളവില്‍ പി.ടി.ഐ ചെയര്‍മാനും 2003-2004 ല്‍ ഐ.എന്‍.എസ് പ്രസിഡൻറുമായിരുന്നു.
നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയുടെ സി.ബി കുമാര്‍ എന്‍ഡോവ്മെൻറ് അവാര്‍ഡ്, മഹാകവി ജി സ്മാരക അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, കെ.വി. ഡാനിയല്‍ അവാര്‍ഡ്, മൂർത്തിദേവി പുരസ്‌കാരം, അബൂദബി ശക്തി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, ബാലാമണിയമ്മ പുരസ്‌കാരം, ഏറ്റവും മികച്ച യാത്രാവിവരണ കൃതിക്കുള്ള പ്രഥമ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ്, ഗാന്ധിസ്മൃതി പുരസ്‌കാരം തുടങ്ങി 80ലേറെ അംഗീകാരങ്ങള്‍ക്ക് വീരേന്ദ്രകുമാര്‍ അര്‍ഹനായി. സമന്വയത്തിെൻറ വസന്തം, ബുദ്ധെൻറ ചിരി, ഗാട്ടും കാണാച്ചരടുകളും, രാമെൻറ ദുഃഖം, ആത്മാവിലേക്ക് ഒരു തീർഥയാത്ര, പ്രതിഭയുടെ വേരുകൾ തേടി, ചങ്ങമ്പുഴ: വിധിയുടെ വേട്ടമൃഗം, തിരിഞ്ഞുനോക്കുമ്പോള്‍, ആമസോണും കുറെ വ്യാകുലതകളും, ലോകവ്യാപാര സംഘടനയും ഊരാക്കുടുക്കുകളും (പ്രൊഫ. പി.എ വാസുദേവനുമായി ചേര്‍ന്ന്), രോഷത്തിെൻറ വിത്തുകള്‍, അധിനിവേശത്തിെൻറ അടിയൊഴുക്കുകള്‍, സ്മൃതിചിത്രങ്ങള്‍, എം.പി. വീരേന്ദ്രകുമാറിെൻറ കൃതികള്‍ (2 വോള്യം), ഹൈമവതഭൂവില്‍, വേണം നിതാന്ത ജാഗ്രത, ഡാന്യൂബ് സാക്ഷി, വിചിന്തനങ്ങള്‍ സ്മരണകള്‍ തുടങ്ങിയവയാണ് മറ്റു കൃതികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.