സംസ്ഥാനത്ത് വെര്‍ട്ടിക്കല്‍ മാതൃകയില്‍ പച്ചക്കറി കൃഷി
text_fieldsതിരുവനന്തപുരം: പച്ചക്കറി കൃഷിയില്‍ സ്വയം പര്യാപ്തത കൈവരിക്കാനും, വിഷരഹിത പച്ചക്കറി ഉത്പാദനം വർധിപ്പിക്കുന്നതിനുമായി സംസ്ഥാനത്തെ നഗരങ്ങളിലും നഗര പ്രാന്ത പ്രദേശങ്ങളിലും ഭൂരഹിത കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് വെര്‍ട്ടിക്കല്‍ മാതൃകയില്‍ പച്ചക്കറി കൃഷി നടപ്പിലാക്കുന്നു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ റിസര്‍ച്ചിന്റെ (ഐ.സി.എ.ആർ) സാങ്കേതിക സഹായത്തോടെ സംസ്ഥാന കൃഷി വകുപ്പ് - സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ എന്നിവ വഴി രാഷ്ട്രീയ കൃഷി വികാസ് യോജന എന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുക.
ഒരു സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയില്‍ സ്ഥാപിക്കാന്‍ കഴിയുന്ന നാല് അടുക്കുകളുള്ള അര്‍ക്ക വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ സ്ട്രച്ചറിനൊപ്പം 16 ചെടിച്ചട്ടികള്‍, 80 കി.ഗ്രാം പരിപോഷിപ്പിച്ച നടീല്‍ മാധ്യമം (ചകിരിച്ചോര്‍), ചീര, മുളക്, പാലക്ക്, മല്ലി, കത്തിരി, തക്കാളി തുടങ്ങിയ വിളകളുടെ വിത്ത്, സസ്യപോഷണ സംരക്ഷണ പദാര്‍ത്ഥങ്ങള്‍, 25 ലിറ്റര്‍ സംഭരണ ശേഷിയുളള തുള്ളിനന സൗകര്യം എന്നിവ ഉണ്ടായിരിക്കും.
ചക്രങ്ങള്‍ ഘടിപ്പിച്ചിട്ടുളളതിനാല്‍ സൂര്യപ്രകാശം ലഭ്യതക്കനുസരിച്ച് മാറ്റാവുന്നതാണ്. 22,100 രൂപ ആകെ ചെലവ് വരുന്ന ഒരു യുനിറ്റ് അര്‍ക്ക വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ 11,575 രൂപ ധനസഹായത്തോടെയാണ് സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കുക. https://serviceonlinegov.in എന്ന വെബ് സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷ നല്‍കേണ്ടത്.
ഗുണഭോക്തൃ വിഹിതമായ 11,575 രൂപ അപേക്ഷയോടൊപ്പം ഓണ്‍ലൈനായി മുന്‍കൂര്‍ അടയ്‌ക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ ക്കായി സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍, യൂനിവേഴ്‌സിറ്റി. പി.ഒ, പാളയം, തിരുവനന്തപുരം, ഫോണ്‍: 0471 2330857 എന്ന മേല്‍വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.