അതിവേഗ വിലയിൽ പകച്ച് ജനം; വറുതി നിറഞ്ഞ് വിഷു, റമദാൻ, ഈസ്റ്റർ കാലം
text_fieldsകോഴിക്കോട്: റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധം, ശ്രീലങ്കയിലെ പ്രശ്നങ്ങൾ, വേനൽമഴ, സർവോപരി ഇന്ധന വിലക്കയറ്റം- വിപണിയിലെ വിലവർധനക്ക് കാരണങ്ങൾ പലതാണ് പറയുന്നതെങ്കിലും സാധാരണക്കാരന് ഇത് വറുതിക്കാലം. വിഷു, റമദാൻ, ഈസ്റ്റർ കാലത്ത് ചുരുക്കം ചില പച്ചക്കറികൾക്കൊഴികെ ജില്ലയിലും വില കുതിക്കുകയാണ്. അന്യായമായി വിലവർധിപ്പിക്കരുതെന്ന് അഭ്യർഥിച്ചതല്ലാതെ ജില്ല ഭരണകൂടം കർശന ഇടപെടൽ നടത്തുന്നില്ല. വിലവിവരപ്പട്ടിക പ്രദർശിപ്പിക്കണമെന്നു നിർദേശമുണ്ടെങ്കിലും വലിയ സൂപ്പർമാർക്കറ്റുകൾ വരെ ഇക്കാര്യം അവഗണിക്കുകയാണ്. കോവിഡിന്‍റെ ഒന്നും രണ്ടും തരംഗമുണ്ടായിരുന്ന വിഷുക്കാലത്ത് തീവില പിടിച്ചുനിർത്താൻ കഴിഞ്ഞിരുന്നു. തെരഞ്ഞെടുപ്പിനുമുമ്പ് സർക്കാർ കിറ്റുകൾ നൽകുകയും പൊതുവിപണിയിൽ ശക്തമായി ഇടപെടുകയും ചെയ്തിരുന്നു.
നിലവിൽ മാവേലി സ്റ്റോറുകളിൽ സബ്സിഡി സാധനങ്ങൾ പലതും കിട്ടുന്നില്ല. വിപണിയിൽ കഴിഞ്ഞ വർഷം ഏപ്രിലിൽ ഒരു കിലോക്ക് 36 രൂപയുണ്ടായിരുന്ന കുറുവ അരിക്ക് ഇപ്പോൾ 42 രൂപയായി. ഇന്ധന വിലവർധന കാരണം ഇനിയും വില കുതിക്കുമെന്നാണ് വിപണിയിൽനിന്നുള്ള സൂചന. റമദാൻ റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായി ക്വിന്‍റൽ കണക്കിന് അരിയാണ് വിപണിയിൽ വിറ്റുപോകുന്നത്.
കോഴിയിറച്ചിയുടെ വിലയുടെ കുതിപ്പാണ് റമദാൻ, വിഷു, ഈസ്റ്റർ കാലത്ത് ഏറ്റവും വലിയ തിരിച്ചടിയാകുന്നത്. ചരിത്രത്തിലാദ്യമായി കിലോക്ക് 250 രൂപയാണ് കോഴിയിറച്ചിയുടെ തീവില. മലബാറിൽ വിഷുവിന് കോഴിയിറച്ചി നിർബന്ധമാണ്. ഈസ്റ്റർ ആഘോഷങ്ങളിലും അവിഭാജ്യഘടകമാണ്. നോമ്പുതുറകളിലും സ്ഥിരംസാന്നിധ്യമായ കോഴിയിറച്ചിയുടെ വില കുറക്കാൻ ഭരണകൂടത്തിനുപോലും കഴിയാത്ത അവസ്ഥയാണ്. കേരള ചിക്കൻ എന്ന പേരിലുള്ള സർക്കാർ സംരംഭവും തികച്ച പരാജയമായിരിക്കുകയാണ്.
വിഷുക്കണിയൊരുക്കാനുള്ള പ്രത്യേകതരം കണിവെള്ളരിക്കും ഇത്തവണ പൊന്നുംവിലയാണ്. സ്വർണവർണമുള്ള ലക്ഷണമൊത്ത കണിവെള്ളരിക്ക് മൊത്ത വിപണിയിൽതന്നെ 50 രൂപ കൊടുക്കണം.
വിഷുത്തലേന്ന് വില കുതിക്കാനാണ് സാധ്യത. ജില്ലയിലെ കർഷകരിൽനിന്ന് വൻകിട സൂപ്പർമാർക്കറ്റുകാരാണ് കണിവെള്ളരി ശേഖരിക്കുന്നത്. സൂപ്പർമാർക്കറ്റുകളിലെത്തുമ്പോൾ വില പിന്നെയും കൂടും.
പച്ചക്കറിവിപണിയിലെ പ്രധാനികളായ ഉള്ളിക്കും തക്കാളിക്കും ഉരുളക്കിഴങ്ങിനും വില കൂടിയിട്ടില്ലെന്നതാണ് ഏക ആശ്വാസം. ഉള്ളിക്ക് ചില്ലറ വിപണിയിൽ 20 രൂപ മതി. ഉത്സവകാലത്ത് വസ്ത്രങ്ങൾക്കും വില കുത്തനെ ഉയർന്നിട്ടുണ്ട്. മുന്നറിയിപ്പൊന്നുമില്ലാതെ ഹോട്ടൽ ഭക്ഷണത്തിനും വില കയറ്റിയതോടെ ജനങ്ങളുടെ ദുരിതം പൂർണമാകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.