പച്ചക്കറികള്‍ക്ക് തീവില; ഇത്തവണയും 'വിലപിടിപ്പുള്ള' വിഷു
text_fieldsകൊണ്ടോട്ടി (മലപ്പുറം): കോവിഡ് നിയന്ത്രണങ്ങള്‍ ഇല്ലാതായതോടെ ആഘോഷമായി വിഷുവിനെ വരവേല്‍ക്കാന്‍ ഒരുങ്ങിയവര്‍ക്ക് വിലക്കയറ്റം വെല്ലുവിളിയാകുന്നു. വിഷു വിപണിയില്‍ പച്ചക്കറികള്‍ക്ക് വന്‍തോതിലാണ് വില ഉയര്‍ന്നത്. സദ്യവട്ടങ്ങള്‍ ഒരുക്കാനുള്ള പ്രധാന ഇനങ്ങള്‍ക്കെല്ലാം ക്ഷാമവും അനുഭവപ്പെട്ടു.
വെണ്ട, വെള്ളരി, പയര്‍, ബീന്‍സ് എന്നിവക്കെല്ലാം ഇരട്ടിയിലധികമാണ് വിഷുത്തലേന്ന് വിലകൂടിയത്. വെണ്ട കിലോക്ക് 40 രൂപയില്‍നിന്ന് 70 രൂപയിലേക്ക് ഉയര്‍ന്നു. 45 രൂപയായിരുന്ന പയറിന്റെ വില 120 വരെയായി. ബീന്‍സിന് 80 രൂപയാണ് വില. രണ്ട് ദിവസം മുമ്പ് ഇത് 40 ആയിരുന്നു. കണിക്കും സദ്യക്കും ഒഴിച്ചുകൂടാനാകാത്ത വെള്ളരിക്ക് 15 രൂപയില്‍നിന്ന് 30 രൂപയായി. മുരിങ്ങക്കായ 50, കാരറ്റ് 60, സവാള 22, ചെറിയ ഉള്ളി 36 എന്നിങ്ങനെയാണ് മറ്റു ഉൽപന്നങ്ങളുടെ ചില്ലറ വിപണിവില.
കണിവെള്ളരിക്കടക്കം രൂക്ഷമായ ക്ഷാമമാണ് അനുഭവപ്പെട്ടത്. മറ്റു പച്ചക്കറികളും ആവശ്യത്തിന് ലഭിക്കുന്നില്ലെന്ന് വ്യാപാരികള്‍ പറയുന്നു. അപ്രതീക്ഷിത വേനല്‍ മഴയില്‍ പ്രാദേശികമായുണ്ടായിരുന്ന പച്ചക്കറികള്‍ വ്യാപകമായി നശിച്ചതാണ് വിലക്കയറ്റത്തിനും ക്ഷാമത്തിനും പ്രധാന കാരണം.
പ്രദേശികമായി ലഭ്യമായിരുന്ന പയര്‍, പച്ചക്കറി, വെണ്ട തുടങ്ങിയ കൃഷികളെല്ലാം വന്‍തോതിലാണ് നശിച്ചത്. പച്ചക്കറികള്‍ക്ക് പൂർണമായും തമിഴ്‌നാടിനെ ആശ്രയിക്കേണ്ടി വന്നതോടെ ഇടത്തട്ടുകാര്‍ പെട്ടെന്ന് വില കൂട്ടുകയും ചെയ്തു.
വിലക്കയറ്റം തടയാനും ലഭ്യത ഉറപ്പാക്കാനും ഈ വിഷുക്കാലത്ത് കാര്യക്ഷമമായ ഇടപെടല്‍ സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നുണ്ടാകാത്തതും സാധാരണക്കാരെ പ്രയാസത്തിലാക്കി. പ്രത്യേക ചന്തകള്‍ പോലും ഇല്ലാത്ത വിഷുവിന് സദ്യവട്ടങ്ങള്‍ കുറച്ചിരിക്കുകയാണ് മിക്ക വീടുകളിലും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.