പിടിച്ചുകെട്ടാനാകാതെ വീണ്ടും കുതിച്ചുകയറി പച്ചക്കറി വില
text_fieldsതിരുവനന്തപുരം: കുതിച്ചുകയറുന്ന പച്ചക്കറിവില പിടിച്ചു നിർത്തുമെന്ന സർക്കാർവാദം താളംപിഴച്ചതോടെ പൊറുതിമുട്ടി ജനം. കൊടുംവേനലും കാലാവസ്ഥ മാറ്റവും കാരണം വിളനാശം സംഭവിച്ചതാണ് പ്രതിസന്ധിയുടെ ആക്കംകൂട്ടിയത്.
എന്നാൽ അടിയന്തരമായി വിപണിയിൽ ഇടപെടുമെന്നും ഹോർട്ടികോർപ് ഔട്ട്ലെലെറ്റുകൾ വഴി പരമാവധി പച്ചക്കറി വിലകുറച്ച് വിപണിയിൽ എത്തിക്കുമെന്നും കൃഷി മന്ത്രി പി. പ്രസാദ് അറിയിച്ചു. ഉടനൊന്നും വില താഴാന്‍ സാധ്യതയില്ലെന്നാണ് വിപണിയില്‍ നിന്നുള്ള സൂചനകള്‍.
മഹാരാഷ്ട്രയില്‍ പ്രതീക്ഷിച്ചതിലും മുൻപേയെത്തിയ മണ്‍സൂണ്‍ കാര്‍ഷികവിളകൾക്ക് നാശംവിതച്ചു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ 40 ഡിഗ്രിയും കടന്നുള്ള ഉഷ്ണതരംഗവും വരൾച്ചയും കൃഷിയെ ബാധിച്ചു. മഴക്കെടുതിയാണ് തമിഴ്നാടിന് തിരിച്ചടിയായതെങ്കില്‍ കീടങ്ങളുടെ ആക്രമണമാണ് കര്‍ണാടകയെ വലച്ചത്.
തമിഴ്നാട്ടിലെ മധുരയില്‍ ഏപ്രിലില്‍ 15 കിലോ തക്കാളിക്ക് (ഒരു പെട്ടി) 100-150 രൂപയായിരുന്നെങ്കില്‍ ഇപ്പോൾ വില 900-1,000 രൂപയാണ്. ഇതോടെ കേരളത്തിലും വില കുതിച്ചു. കഴിഞ്ഞമാസങ്ങളില്‍ കിലോക്ക് 30-35 രൂപയായിരുന്ന തക്കാളിക്ക് ഇപ്പോൾ കേരളത്തില്‍ വില 80-100 രൂപയാണ്.
ഒട്ടുമിക്ക പച്ചക്കറികള്‍ക്കും വില ശരാശരി 50 രൂപക്ക് മുകളിലെത്തി. പടവലം, പാവക്ക, വഴുതന, ഉരുളക്കിഴങ്ങ്, ബീന്‍സ്, കാപ്സിക്കം, വെള്ളരി, സവാള, ഇഞ്ചി, വെളുത്തുള്ളി, ഉള്ളി, അച്ചിങ്ങ, ബീറ്റ്റൂട്ട്, വെണ്ടക്ക തുടങ്ങിയവ കിലോക്ക് 60 മുതല്‍ 240 രൂപവരെ നിലവാരത്തിലാണ് ചില്ലറ വ്യാപാരം നടത്തുന്നത്.
കഴിഞ്ഞമാസം 25 രൂപയായിരുന്ന സവാള വിലയാണ് ഇപ്പോൾ 50 കടന്നത്. 160-170 രൂപയില്‍നിന്ന് ഇഞ്ചി വില 240 രൂപയിലെത്തി. 20 രൂപയായിരുന്ന വെണ്ടയ്ക്കയുടെ വില 60 രൂപയായി. 80 രൂപയായിരുന്ന വെളുത്തുള്ളിക്ക് ഇപ്പോൾ 220 രൂപ.
മുരിങ്ങയ്ക്ക, മല്ലിയില എന്നിവക്കും വില 200ന് മുകളിലാണ്. പച്ചക്കറികള്‍ക്ക് മാത്രമല്ല അരി, ഉഴുന്ന്, പയര്‍, കടല ഉൾപ്പെടെ ധാന്യങ്ങള്‍ക്കും വില 90-180 രൂപ നിലവാരത്തിലാണ്. ട്രോളിങ് നിരോധനംമൂലം മത്സ്യവിലയും കൂടി. നിരോധനത്തിന് മുമ്പ് 180-200 രൂപയായിരുന്ന മത്തിക്ക് വില 380-400 രൂപയായി.
അയല, വറ്റ, കൊഴുവ, കരിമീന്‍, ചെമ്മീന്‍, ആവോലി എന്നിവക്കും വില ഉയര്‍ന്നു. ആവോലിക്ക് ശരാശരി വില കിലോക്ക് ഇപ്പോൾ 1,000 രൂപയാണ്. അതേസമയം 185 വരെ ഉയർന്ന കോഴിയിറച്ചി ഇപ്പോൾ 160ലേക്ക് താഴ്ന്നത് നേരിയ ആശ്വാസമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.