വാഹനം ആക്രമിക്കപ്പെട്ട സംഭവം: പൊലീസും കോൺഗ്രസും കൊമ്പുകോർക്കുന്നു
text_fieldsകൊച്ചി: ഇന്ധന വിലവർധനക്കെതിരെ ഹൈവേ ഉപരോധത്തിനിടെ നടൻ ജോജു ജോർജിെൻറ വാഹനം ആക്രമിക്കപ്പെട്ട സംഭവത്തിൽ പൊലീസും കോൺഗ്രസും കൊമ്പുകോർക്കുന്നു. ജോജുവിെൻറ പരാതിയിൽ കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്ത പൊലീസ്, ജോജുവിന് എതിരെ നൽകിയ പരാതിയിൽ നടപടി എടുക്കാത്തതിനാലാണ് പ്രതിഷേധം. സ്ത്രീസുരക്ഷക്കായി അവരെ നോക്കിയാൽപോലും കേസെടുക്കുന്ന രാജ്യത്ത് വനിത കോൺഗ്രസുകാർക്കുമാത്രം നീതി ലഭിക്കുന്നില്ലെന്നും ഇതിനെതിരെ പ്രതികരിക്കുമെന്നും ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് പറഞ്ഞു. വൈറ്റിലയിൽ നടന്ന സംഭവങ്ങളിൽ കോൺഗ്രസ് പ്രവർത്തകർക്കെതിരെ രണ്ടു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സിറ്റി പൊലീസ് കമീഷണർ സി.എച്ച്. നാഗരാജു അറിയിച്ചു. ജോജുവിെൻറ വാഹനം നശിപ്പിച്ചെന്ന കേസിൽ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയത്. സ്വകാര്യ വ്യക്തികളുടെ സ്വത്തുക്കൾ നശിപ്പിക്കുന്നതിനെതിരെ അടുത്തിടെ പ്രാബല്യത്തിലായ പ്രിവൻഷൻ ഓഫ് ഡാമേജ് എഗൻസ്റ്റ് പ്രൈവറ്റ് പ്രോപർട്ടി ആൻഡ് കോംപൻസേഷൻ ആക്ട് എന്ന നിയമപ്രകാരമാണ് കേസ്.
കാറിെൻറ ചില്ല് തകർത്തതിൽ തെളിവുണ്ട്. വിഡിയോ ദൃശ്യങ്ങളിൽ ആളുകളുടെ മുഖം കാണാം. ജോജുവിെൻറ പരാതിയിൽ പേരുപറഞ്ഞ കൊച്ചി മുൻ മേയർ ടോണി ചമ്മണിയെ അറസ്റ്റ് ചെയ്യുമോ എന്ന ചോദ്യത്തിന് ആരാണെന്നു നോക്കില്ല, പ്രതിയാണെങ്കിൽ പിടിക്കുമെന്നായിരുന്നു മറുപടി. ജോജു ജോർജിനെതിരായ കോൺഗ്രസ് നേതാക്കളുടെ പരാതിയിൽ പ്രാഥമിക അന്വേഷണത്തിൽ തെളിവ് ലഭിച്ചിട്ടില്ല. വീണ്ടും പരിശോധിക്കുന്നുണ്ട്. അതിൽ സത്യാവസ്ഥ ഉണ്ടെന്നു ബോധ്യപ്പെട്ടാൽ കേസെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജോജുവിനെതിരെ കേസെടുത്തില്ലെങ്കിൽ കോടതിയിൽ പോകുമെന്ന് കെ.പി.സി.സി ജനറല് സെക്രട്ടറി ദീപ്തി മേരി വർഗീസ് അറിയിച്ചു. ജോജുവിെൻറ വാഹനത്തിെൻറ ഗ്ലാസ് പൊട്ടിക്കാൻ നടത്തിയ സമരം പോലെ ഇതിനെ വ്യാഖ്യാനിക്കരുത്. കോൺഗ്രസുകാരല്ല, ജോജുവാണ് സംഘർഷം ഉണ്ടാക്കിയതെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.