ആകാശ് തില്ലങ്കേരി അനധികൃതമായി ഓടിച്ച വാഹനം കസ്റ്റഡിയിൽ
text_fieldsകൽപറ്റ: ഷുഹൈബ് കൊലക്കേസ് പ്രതിയായ ആകാശ് തില്ലങ്കേരി വയനാട്ടിലെ പനമരം പട്ടണമധ്യത്തിലൂടെ അനധികൃതമായി ഓടിച്ച വാഹനം പൊലീസ് കസ്റ്റഡിയിൽ. ഹൈക്കോടതി ഇടപെട്ടിട്ടും വാഹനം പിടിക്കാത്തതിൽ പ്രതിഷേധമുയർന്നിരുന്നു. ആകാശിന്റെ കൂടെ ജീപ്പിൽ സഞ്ചരിച്ചിരുന്ന പനമരം സ്വദേശി ഷൈജലിനോട് പനമരം പൊലീസ് വാഹനം ഹാജരാക്കണമെന്ന് ആവശ്യപ്പട്ടിരുന്നു. ഇയാളാണ് ജീപ്പ് സ്റ്റേഷനിൽ എത്തിച്ചത്.
വാഹനം ഓടിക്കാൻ കഴിയാത്ത രൂപത്തിലാണ് ഉള്ളതെന്നും കെട്ടിവലിച്ചാണ് കൊണ്ടുവന്നതെന്നും പനമരം സി.ഐ സുജിത്ത് ‘മാധ്യമ’ത്തോട് പറഞ്ഞു. വാഹനം ആർ.ടി.ഒക്ക് ഉടൻ കൈമാറും. മലപ്പുറം മൊറയൂർ എടപ്പറമ്പ് കുടുംബിക്കൽ ആക്കപ്പറമ്പിൽ സുലൈമാന്റെ ഉടമസ്ഥതയിലുള്ളതാണ് ആകാശ് ഓടിച്ച KL 10 BB 3724 എന്ന ചുവന്ന മഹീന്ദ്ര ഥാർ ജീപ്പ്.
കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം 6.20നാണ് പനമരം ടൗണിലൂടെ ആകാശ് മറ്റ് മൂന്നുപേരുമായി ജീപ്പ് ഓടിച്ചത്. വാഹനം താൻ പനമരം സ്വദേശി ഷൈജലിന് വിറ്റതാണെന്നും ആർ.സി മാറ്റാനുള്ള പേപ്പറുകളിൽ ഒപ്പിട്ടുനൽകിയിരുന്നുവെന്നുമാണ് സുലൈമാൻ മലപ്പുറം ആർ.ടി.ഒക്ക് മൊഴി നൽകിയത്.
നാലുടയറുകളും മാറ്റി വീതിയുള്ള ഭീമൻ ടയറുകൾ ഘടിപ്പിച്ച രൂപത്തിലുള്ള ജീപ്പിന്റെ റൂഫ് ഇളക്കി മാറ്റി തുറന്ന നിലയിലായിരുന്നു. നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നില്ല. ആകാശും മുൻസീറ്റിലിരുന്നയാളും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. പുകപരിശോധന സർട്ടിഫിക്കറ്റിന്റെ കാലാവധി കഴിഞ്ഞിട്ടുമുണ്ട്. 2021, 23 വർഷങ്ങളിൽ വിവിധ നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ കുടിശികയുമുണ്ട്. സ്വമേധയാ കേസെടുത്ത ഹൈക്കോടതി വാഹനം പിടിച്ചെടുക്കണമെന്ന് ഉത്തരവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.