വാഹന വിവരങ്ങൾ ചോർന്നു; ഉടമകൾക്ക് വ്യാജപിഴ സന്ദേശം വ്യാപകം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ വാഹന രജിസ്ട്രേഷൻ വിവരശേഖരം ചോർന്നെന്ന് വ്യക്തമാക്കി ഉടമകളുടെ ഫോണിലേക്ക് വ്യാപകമായി വ്യാജപിഴ സന്ദേശമെത്തുന്നു. ‘അമിത വേഗത്തിനും സിഗ്നൽ തെറ്റിക്കലിനുമടക്കം നിങ്ങളുടെ വാഹനത്തിന് പിഴ ചുമത്തിയിരിക്കുന്നു’ എന്ന ഉള്ളടക്കത്തോടെയാണ് ഉടമകളുടെ വാട്സ്ആപ് നമ്പറുകളിലേക്ക് മെസേജ് ലഭിക്കുന്നത്. പിഴ സന്ദേശത്തിൽ വാഹന നമ്പർ ഉൾപ്പെട്ടിട്ടുണ്ടെന്നതും ‘വാഹനി’ൽ നൽകിയ ഫോണിലേക്കാണ് മെസേജ് എത്തിയത് എന്നതുമാണ് ഡാറ്റ ചോർച്ചയിലേക്ക് വിരൽ ചൂണ്ടുന്നത്.
പൊലീസും മോട്ടോർ വാഹനവകുപ്പും പിഴചുമത്തി അയക്കുന്ന സന്ദേശത്തിന്റെ സമാന വാചകഘടനയിലാണ് വ്യാജസന്ദേശവും. മോട്ടോർ വാഹനവകുപ്പിന്റെ ലോഗോ പ്രൊഫൈൽ പിക്ചർ ആക്കിയുള്ള വാട്സ്ആപ് അക്കൗണ്ടിൽനിന്നാണ് സന്ദേശമെത്തുന്നത്. വാഹന നമ്പറിന് പുറമേ, ചലാൻ നമ്പർ, നിയമലംഘനം നടന്ന തീയതി എന്നിവയും ഇതിലുണ്ട്. പൊലീസിന്റെ പിഴ സന്ദേശത്തിൽ ചലാൻ ഒടുക്കേണ്ട പോർട്ടലിന്റെ ലിങ്കാണെങ്കിൽ വ്യാജ സന്ദേശത്തിൽ ഒപ്പമുള്ളത് ‘വാഹൻ പരിവാഹൻ’ എന്ന വ്യാജ ആപ്പിന്റെ ലിങ്കാണ്. ഈ ആപ്പിൽ പ്രവേശിച്ചാൽ ഫോട്ടോ അടക്കം കുറ്റകൃത്യത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ലഭിക്കുമെന്നാണ് സന്ദേശത്തിലെ നിർദേശം.
ലിങ്ക് ഇൻസ്റ്റാൾ ചെയ്യുന്നതോടെ തട്ടിപ്പുകാരുടെ വലയിലേക്കാണ് ഉടമകളെത്തുക. പണനഷ്ടം മാത്രമല്ല, മൊബൈൽ ഫോണിൽനിന്ന് വിവരവും മോഷ്ടിക്കപ്പെടാം. ലിങ്ക് ഇൻസ്റ്റാൾ ചെയ്യാതെ പിഴയൊടുക്കാനായി മോട്ടോർ വാഹനവകുപ്പിന്റെ വെബ് പോർട്ടലിൽ പ്രവേശിച്ച് ചലാൻ നമ്പർ നൽകിയപ്പോഴാണ് ഇങ്ങനെയൊരു ചലാൻ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് ഉടമകൾക്ക് വ്യക്തമായത്. ഇതോടെ ആർ.ടി.ഒ അധികൃതരെ സമീപിക്കുകയായിരുന്നു. ഇതടക്കം ഉൾപ്പെടുത്തി ഗതാഗത കമീഷണറേറ്റിന് റിപ്പോർട്ട് ചെയ്തിരിക്കുകയാണ് ആർ.ടി.ഒമാർ.
തട്ടിപ്പ് ശ്രമങ്ങൾക്കെതിരെ നടപടിയുണ്ടാകുമെങ്കിലും പോർട്ടലിൽനിന്ന് വാഹന ഉടമകളുടെ വിവരങ്ങൾ ചോർന്നതെങ്ങനെയെന്നതാണ് ഗൗരവതരമായ ചോദ്യം. 2017 മേയിൽ സംസ്ഥാനത്തെ ഒരുകോടി വാഹനങ്ങളുടെ രജിസ്ട്രേഷന് വിവരങ്ങള്‍ സ്വകാര്യ വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഉടമകളുടെ മേല്‍വിലാസവും മൊബൈല്‍ നമ്പറും അടങ്ങിയ മോട്ടോര്‍ വാഹന വകുപ്പിന്റെ ഔദ്യോഗിക വിവരശേഖരമാണ് അന്ന് ചോർന്നത്. വെബ്സൈറ്റിൽനിന്ന് വിവരങ്ങൾ നീക്കിയാണ് പ്രശ്നം പരിഹരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.