അധിക ഫീസില്ലാതെ വാഹന രജിസ്ട്രേഷൻ പുതുക്കണം -ഹൈകോടതി
text_fieldsകൊച്ചി: മോട്ടോർ വാഹന നിയമത്തിൽ കൊണ്ടുവന്ന ഭേദഗതി പ്രകാരമുള്ള അധിക ഫീസ് ഈടാക്കാതെ തന്നെ വാഹനങ്ങളുടെ രജിസ്ട്രേഷൻ, ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ പുതുക്കാനുള്ള അപേക്ഷകൾ സ്വീകരിക്കണമെന്ന് ഹൈകോടതി. ഇതുസംബന്ധിച്ച് പരിഗണനയിലുള്ള കേസിൽ അധിക തുക നൽകണമെന്ന വ്യവസ്ഥ സുപ്രീംകോടതി അംഗീകരിച്ചാൽ ആ തുക നൽകാമെന്ന് എഴുതി വാങ്ങിച്ച ശേഷം പുതുക്കി നൽകണമെന്ന നിർദേശത്തോടെയാണ് ജസ്റ്റിസ് അമിത് റാവലിന്‍റെ ഇടക്കാല ഉത്തരവ്.
സംസ്ഥാനത്തെ എല്ലാ ആർ.ടി.ഒമാർക്കുമാണ് നിർദേശം നൽകിയത്. അധിക ഫീസ് ഈടാക്കാൻ നിർദേശിച്ച് ട്രാൻസ്‌പോർട്ട് കമീഷണർ നൽകിയ ഉത്തരവ് ചോദ്യം ചെയ്ത് പാലക്കാട്ടെ ഓൾ കേരള യൂസ്‌ഡ് വെഹിക്കിൾ ഡീലേഴ്‌സ് ആൻഡ് ബ്രോക്കേഴ്‌സ് അസോസിയേഷൻ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. തുടർന്ന് സമാന ഹരജികളെല്ലാം ഒന്നിച്ച് കേൾക്കാനായി സെപ്റ്റംബർ 26ലേക്ക് മാറ്റി.
കഴിഞ്ഞ വർഷമാണ് വാഹന രജിസ്ട്രേഷൻ പുതുക്കാൻ നിലവിലുള്ള ഫീസിനു പുറമെ അധിക ഫീസ് ഈടാക്കാൻ മോട്ടോർ വാഹന ചട്ടത്തിലെ റൂൾ 81ൽ കേന്ദ്ര സർക്കാർ ഭേദഗതി കൊണ്ടുവന്നത്. ഇതനുസരിച്ച് പുതുക്കാൻ വൈകുന്ന ഓരോ മാസവും ഇരുചക്ര വാഹനങ്ങൾക്ക് 300 രൂപ വീതവും പൊതുഗതാഗതത്തിനല്ലാത്ത മറ്റു സ്വകാര്യ വാഹനങ്ങൾക്ക് 500 രൂപ വീതവും ഈടാക്കാനാണ് തീരുമാനിച്ചത്. ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് പുതുക്കാൻ വൈകുന്ന ഓരോ ദിവസവും 50 രൂപ വീതം ഈടാക്കാനും ഉത്തരവിൽ പറഞ്ഞിരുന്നു. എന്നാൽ, അധിക നിരക്കുകൾ ഏർപ്പെടുത്താൻ അധികാരമില്ലെന്ന മോട്ടോർ വാഹന നിയമത്തിലെ 211ാം നിയമ വ്യവസ്ഥക്ക് വിരുദ്ധമാണ് തീരുമാനമെന്നാണ് ഹരജിക്കാർ ചൂണ്ടിക്കാട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.